കൊച്ചി: പ്രതിരോധ ഫാക്ടറിയിൽനിന്ന് കരാ൪ നേടിയെടുക്കാൻ വഴിവിട്ട ഇടപെടലുകൾ നടത്തിയെന്ന കേസിലെ ഇടനിലക്കാരി സുബി മല്ലിയെ കോടതി മാപ്പുസാക്ഷിയാക്കി. കേസുമായി ബന്ധപ്പെട്ട നി൪ണായക വെളിപ്പെടുത്തലുകൾ നടത്തിയ സുബി മല്ലിയെ മാപ്പുസാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ ഇൻസ്പെക്ട൪ ജെ.ആ൪.ഡിക്രൂസ് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നടപടി. ഇവരുടെ രഹസ്യമൊഴി നേരത്തേ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി രേഖപ്പെടുത്തിയിരുന്നു. കേസിലുൾപ്പെട്ട മറ്റ് പ്രതികളായ സ്റ്റീൽ ഇൻഡസ്ട്രീസ് ഫോ൪ജിങ്സ് ലിമിറ്റഡ് മുൻ എം.ഡി എം.ഷാനവാസ്, മാ൪ക്കറ്റിങ് മാനേജ൪ എ.വൽസൻ, ഹൈദരാബാദ് മേഡക് ഓ൪ഡനൻസ് ഫാക്ടറി ജനറൽ മാനേജ൪ വിജയകുമാ൪ പാണ്ഡെ, മൈസൂരിലെ എ.എം.ഡബ്ള്യു എം.ജി.എം ഫോ൪ജിങ്സ് ലിമിറ്റഡ് എം.ഡി ടി.മുരളീധ൪ ഭഗവത്, ഡെപ്യൂട്ടി ജനറൽ മാനേജ൪ കെ.ആ൪. മുകിലൻ എന്നിവ൪ക്കെതിരെ ശക്തമായ മൊഴികൾ നൽകിയതായാണ് സൂചന. ക്രമക്കേടിന് 18 ലക്ഷം രൂപ കൈക്കൂലി ലഭിച്ചതായും ഇത് മറ്റ് പ്രതികൾക്ക് കൈമാറിയതായും സുബി മല്ലി നേരത്തേ സി.ബി.ഐ മുമ്പാകെ വെളിപ്പെടുത്തിയിരുന്നു.
ഇതിന് ശേഷമാണ് മാപ്പുസാക്ഷിയാക്കാനുള്ള തീരുമാനത്തിൽ സി.ബി. ഐ എത്തിച്ചേ൪ന്നത്. ക്രിമിനൽ നടപടിക്രമം 306 പ്രകാരമാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വി.ഹരിനായ൪ സുബി മല്ലിക്ക് മാപ്പ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.