തിരുവനന്തപുരം: സോളാ൪ തട്ടിപ്പിലൂടെയുണ്ടാക്കിയ പണത്തിൽ രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ മുൻ പി.എ ടെന്നി ജോപ്പന് നൽകിയതായി സരിത എസ്. നായ൪ പ്രത്യേകാന്വേഷണസംഘത്തിന് മൊഴി നൽകി. മൊഴി ശരിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് വൃത്തങ്ങളും പറഞ്ഞു. തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽവെച്ചാണ് പണം കൈമാറിയതെന്ന് സരിത ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ജോപ്പന് രണ്ട് ലക്ഷം രൂപ നൽകിയതായി ബിജു രാധാകൃഷ്ണൻ ആദ്യം വെളിപ്പെടുത്തിയിരുന്നു. ഈ തുക സരിത വഴി ജോപ്പന് നൽകിയെന്നായിരുന്നു ബിജുവിൻെറ മൊഴി. എന്നാൽ ആദ്യം ചോദ്യം ചെയ്തപ്പോൾ സരിത ഇക്കാര്യം നിഷേധിച്ചിരുന്നു. എന്നാൽ എറണാകുളത്തുവെച്ച് ബിജുവിനെയും സരിതയെയും ഒരുമിച്ച് വീണ്ടും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പണം കൈമാറിയത് സരിത സമ്മതിച്ചത്.
പണം കൈമാറുംമുമ്പ് സരിതയുടെ വാഹനത്തിൽ സരിതയും ജോപ്പനും സഞ്ചരിച്ചിരുന്നതായും മൊഴി നൽകിയിട്ടുണ്ട്. ഇതുതെളിയിക്കാനുള്ള സാക്ഷിമൊഴികളും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിൽവെച്ച് കഴിഞ്ഞ വ൪ഷം ജോപ്പനുമായി സരിതയും ശ്രീധരൻ നായരും കൂടിക്കാഴ്ച നടത്തിയിരുന്നെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. അതിന് ശേഷം തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽവെച്ച് ജോപ്പന് രണ്ടുലക്ഷം നൽകിയെന്നാണ് സരിതയുടെ മൊഴി.ജോപ്പന് നൽകാനായി 20ലക്ഷംരൂപ സരിതക്കു നൽകിയെന്ന് ബിജുരാധാകൃഷ്ണൻ അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. ഇതേ തുട൪ന്നാണ് ജോപ്പൻ സോളാ൪ തട്ടിപ്പിൽ സാമ്പത്തികനേട്ടമുണ്ടാക്കിയെന്ന വിലയിരുത്തലിൽ പൊലീസ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.