മാങ്കുളം: പഞ്ചായത്തിലെ ആദിവാസി വീടുകളുടെ നി൪മാണത്തിൽ വ്യാപക ക്രമക്കേട് നടന്നതായി പരാതി. ഭവന പദ്ധതിക്കായി അനുവദിച്ച പണം ഉദ്യോഗസ്ഥ-കരാ൪ ലോബി തട്ടിയതായും പരാതിയുയ൪ന്നു.
മാങ്കുളം ഗ്രാമ പഞ്ചായത്ത് പരിധിയിൽ ആദിവാസികൾക്കായി 2011-’12, 2012-’13 സാമ്പത്തിക വ൪ഷങ്ങളിൽ നി൪മിച്ച 65 വീടിൻെറ നി൪മാണത്തിലാണ് വ്യാപക ക്രമക്കേട് നടന്നതായും പണം തട്ടിയെടുത്തതായും പരാതി ഉയ൪ന്നത്. 2011-’12ൽ താളുംകണ്ടം, വേലിയാംപാറ,കോഴിയള, സിങ്കുകുടി, കള്ളക്കുട്ടി കുടി, ചിക്കണം കുടി, കമ്പനിക്കുടി, മാങ്ങാപ്പാറ എന്നിവിടങ്ങളിലായി 41 വീടും 2012-’13 ൽ പദ്ധതി പ്രകാരം 24 വീടുമാണ് നി൪മിക്കേണ്ടിയിരുന്നത്. ഇതിൽ ആദ്യഘട്ടത്തിൽ അനുവദിച്ച വീടുകളിൽ രണ്ടെണ്ണം നി൪മിക്കാതെ തറ മാത്രം പൂ൪ത്തിയാക്കി ഉദ്യോഗസ്ഥ-കരാ൪ ലോബി പണം തട്ടിയെടുക്കുകയായിരുന്നു. കൂടാതെ എട്ട് വീടിൻെറ ഭിത്തി വരെ മാത്രമാണ് നി൪മിച്ചത്.
ഇതിനിടെ കരാറുകാരന് ലാഭമുണ്ടാക്കുന്നതിനായി ആദിവാസികളുടെ കുടികളിൽ വീട് നി൪മിക്കാതെ റോഡിന് സമീപം തോട് പുറമ്പോക്കിലാണ് പകുതിയിലേറെ കെട്ടിടങ്ങൾ നി൪മിച്ച് നൽകിയത്. സ്വന്തം വാസ സ്ഥലത്ത് കെട്ടിടം നി൪മിച്ച് നൽകണമെന്നും അല്ലാത്ത പക്ഷം തങ്ങൾ സ്വയം കെട്ടിടം നി൪മിച്ച് കൊള്ളാമെന്നും ഇതിൻെറ തുക നേരിട്ട് തരണമെന്നും ആദിവാസികൾ ആവശ്യപ്പെട്ടുവെങ്കിലും നടപടി ഉണ്ടായില്ല. ആദിവാസികളുടെ പേരിൽ ഭവന നി൪മാണത്തിനായി ബാങ്കുകൾ കൊടുത്ത ചെക് ബുക്കുകൾ പോലും ഒപ്പ് രേഖപ്പെടുത്തിയ നിലയിൽ കരാറുകാരൻെറ കൈവശമാണ്. തുക രേഖപ്പെടുത്താത്ത ഈ ചെക്കുകളും കരാറുകളും ഉപയോഗിച്ച് കരാറുകാരൻ ആവശ്യാനുസരണം തുക മാറിയെടുക്കുകയായിരുന്നു. ആദ്യ ഘട്ടത്തിൽ 1.25 ലക്ഷം രൂപയായിരുന്ന പദ്ധതി തുക കഴിഞ്ഞ സെപ്റ്റംബറിൽ 2.50 ലക്ഷമാക്കി വ൪ധിപ്പിക്കുകയായിരുന്നു. എന്നാൽ, തുക വ൪ധിച്ചുവെങ്കിലും ആദിവാസികൾക്ക് ഇതിൻെറ പ്രയോജനം ലഭിച്ചില്ല. ഇതിനിടെ ചില ആദിവാസികൾക്ക് വീട് നി൪മിച്ച് നൽകിയതാകട്ടെ ആദിവാസികളുടെ വാസസ്ഥലത്തുനിന്ന് ഒന്നര മുതൽ രണ്ടര കിലോമീറ്റ൪ വരെ അകലെയാണെന്ന് ആദിവാസികൾ പട്ടികജാതി വകുപ്പ് മന്ത്രി അടക്കമുള്ളവ൪ക്ക് നൽകിയ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.