വടശേരിക്കര: സോളാ൪ തട്ടിപ്പുകളുടെ ചുരുളഴിയുമ്പോൾ ചെമ്പന്മുടിയിലെ പാറമടവിരുദ്ധസമരം ദു൪ബലപ്പെട്ടതിൻെറ പിന്നിലെ അന്ത൪ നാടകങ്ങൾ മറനീക്കി പുറത്തുവരുന്നു. സമര നേതൃത്വത്തിലുള്ള രാഷ്ട്രീയനേതാക്കളെ ക്രഷ൪ ഉടമസംഘം സ്വാധീനിച്ചിരുന്നെന്നാണ് വെളിപ്പെടുന്നത്. ചെമ്പന്മുടിയിലെ ജനകീയസമരം ശക്തിപ്രാപിച്ചതോടെ സമരനേതൃത്വത്തിലേക്ക് കടന്നുവന്ന പീലിപ്പോസ് തോമസിനെ സോളാ൪ തട്ടിപ്പിനിരയായ ആളും ക്രഷ൪ ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറുമായ കോന്നി സ്വദേശി മല്ലേലിൽ ശ്രീധരൻ നായ൪ വീട്ടിലെത്തി സ്വാധീനിക്കാൻ ശ്രമിച്ചിരുന്നെന്ന് പീലിപ്പോസ് തോമസ് തന്നെയാണ് ഇപ്പോൾ പരോക്ഷമായി വെളിപ്പെടുത്തിയിരിക്കുന്നത്.പീലിപ്പോസ് തോമസിൻെറ വരവോടെ പല ഘട്ടങ്ങളിലും സമരത്തിൻെറ വീറും വാശിയും അടക്കിനി൪ത്തി ദു൪ബലപ്പെടുത്തിയിരുന്നു. ഇതിനെതിരെ സമര സമിതിയിൽതന്നെ വിമ൪ശങ്ങളുയരുന്നതിനിടെയാണ് മല്ലേലിൽ ശ്രീധരൻ നായ൪ തന്നെ സമീപിച്ച കാര്യം പറയുന്നത്. ചെമ്പന്മുടിയിലെ സമരം വിജയിച്ചാൽ ജില്ലയിലെ മറ്റ് പാറമടകൾക്കെതിരെയും ജനകീയസമരം വ്യാപിക്കുമെന്ന ആശങ്കയാണ് പാറമട ഉടമകൾക്കുള്ളത്. ചെമ്പന്മുടിയിലെ പാറമടകളിൽ പങ്കാളിത്തമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സ്ഥലം എം.എൽ.എ ക്വാറി ആൻഡ് ക്രഷ൪ ഓണേഴ്സ് അസോസിയേഷൻെറ സംസ്ഥാന നേതാവായിരിക്കെ മറ്റൊരു നേതാവ് സമരസമിതിനേതാവിനെ രഹസ്യമായി കണ്ടെന്ന വാ൪ത്ത നാട്ടുകാരിൽ ആശങ്ക വ൪ധിപ്പിക്കുന്നു. സമരം നാലുമാസം പിന്നിടുമ്പോൾ നിരവധി തവണ തിരിച്ചടികൾ നേരിട്ട് ഇപ്പോൾ പരാജയത്തിൻെറ വക്കിലാണ്. പരിസ്ഥിതി പ്രവ൪ത്തകരെയോ ഇതര രാഷ്ട്രീയപ്രവ൪ത്തകരെയോ അടുപ്പിക്കാതെ കോൺഗ്രസ് നേതാക്കളുടെ ചൊൽപ്പടിയിൽ നി൪ത്തിയ ജനകീയസമരം ഇപ്പോൾ ജനപങ്കാളിത്തമില്ലാത്ത അവസ്ഥയിലുമാണ്. ചെമ്പന്മുടി സമരത്തോടൊപ്പം സജീവമായുണ്ടായിരുന്ന സി.പി.ഐ, ബി.ജെ.പി, വിവിധ സാമുദായിക സംഘടനകൾ, മനുഷ്യാവകാശ സംഘടനകൾ ഇവയൊന്നും തന്നെ ഇപ്പോൾ രംഗത്തില്ല.ചെമ്പന്മുടിമല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് ഓഫിസ് ഉപരോധിക്കുകയും അറസ്റ്റ് വരിച്ച് ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടും സി.പി.ഐ പ്രവ൪ത്തകരെ പിന്നീട് ഏഴയലത്ത് അടുപ്പിച്ചില്ല. ഇതെല്ലാം സമര നേതൃത്വത്തിനെതിരെ സംശയത്തിനിടനൽകിയിരുന്നു. അതിനിടെയാണ് സോളാ൪ തട്ടിപ്പു കേസിൻെറ മസാലക്കഥകളുടെ ഇടയിൽ ഒരിടത്ത് തങ്ങളോടൊപ്പം നിന്ന നേതാവിനെ പാറമടനേതാവ് സ്വാധീനിക്കാൻ ശ്രമിച്ച കഥ മറനീക്കി പുറത്തുവരുന്നത്. സോളാ൪ തട്ടിപ്പിനിരയായ ശ്രീധരൻ നായ൪ നൽകിയ പരാതിയിൽ മുഖ്യമന്ത്രിക്കെതിരായ പരാമ൪ശം ഉൾപ്പെടുത്തിയത് വിവാദമായപ്പോൾ അതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയ൪ന്ന ആരോപണങ്ങൾക്ക് മറുപടിയായി പീലിപ്പോസ് തോമസ് പറത്തിറക്കിയ പ്രസ്താവനയിലാണ് ശ്രീധരൻ നായ൪ സ്വാധീനിക്കാൻ ശ്രമിച്ച വിവരം വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.