ഐ.പി.എല്‍ ഒത്തുകളി അറിഞ്ഞില്ലെന്ന് മൊഴി: രാഹുല്‍ ദ്രാവിഡ് സാക്ഷി

 ന്യൂദൽഹി: ഐ.പി.എൽ ഒത്തുകളി കേസിൽ  രാജസ്ഥാൻ റോയൽസ് ടീം ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിനെ സാക്ഷിയാക്കും. ഇതിൻെറ ഭാഗമായി ദൽഹി പൊലീസ് സ്പെഷൽ സെൽ ദ്രാവിഡിൻെറ മൊഴിയെടുത്തു. ജൂലൈ 10ന് ബംഗളൂരുവിൽ ചെന്നാണ് ദൽഹി പൊലീസ് ദ്രാവിഡിൻെറ മൊഴി രേഖപ്പെടുത്തിയത്. രാജസ്ഥാൻ റോയൽസ് ടീമംഗങ്ങളായ ശ്രീശാന്ത്, അജിത് ചണ്ഡില, അങ്കിത് ചവാൻ എന്നിവ൪ ഒത്തുകളി നടത്തിയത് സംബന്ധിച്ച് തനിക്കൊന്നുമറിയില്ലെന്ന് ദ്രാവിഡ് പൊലീസിനോട് പറഞ്ഞു. അവരുടെ പെരുമാറ്റത്തിലും കളിക്കളത്തിലെ പ്രകടനത്തിലും സംശയകരമായി ഒന്നും ശ്രദ്ധയിൽപെട്ടിരുന്നില്ല.
  മൂവരും ടീമിലെ സ്ഥിരം അംഗങ്ങളായിരുന്നില്ല. എതി൪ ടീമിൻെറയും പിച്ചിൻെറയും പ്രത്യേകതകൾ പരിഗണിച്ചും താരങ്ങളുടെ പ്രകടനം അടിസ്ഥാനമാക്കിയുമാണ് അന്തിമ ഇലവനെ തെരഞ്ഞെടുത്തിരുന്നത്. അതിൽ ബാഹ്യഇടപെടലുകൾ ഉണ്ടാകാറിലെന്നും ദ്രാവിഡ് വിശദീകരിച്ചു. രാജസ്ഥാൻ റോയൽസ് ടീം കോച്ച് പാഡി ആപ്ടനെയും ദ്രാവിഡിനൊപ്പം സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്താൻ ദൽഹി പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ വിദേശത്തുള്ള ആപ്ടൺ തിരിച്ചെത്തിയാൽ മൊഴി രേഖപ്പെടുത്തുമെന്ന് ദൽഹി പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി.
 പ്രമാദമായ കേസിൻെറ കുറ്റപത്രം ഏറക്കുറെ തയാറായിട്ടുണ്ട്. ജൂലൈയിൽ തന്നെ കുറ്റപത്രം കോടതിയിൽ സമ൪പ്പിക്കും. കുറ്റപത്രത്തിൽ ശ്രീശാന്ത്,  അജിത് ചണ്ഡില, അങ്കിത് ചവാൻ  എന്നിവ൪ക്കൊപ്പം അധോലോക രാജാവ് ദാവൂദ് ഇബ്രാഹീം, ഛോട്ടാ ഷക്കീൽ എന്നിവരെയും പ്രതിചേ൪ക്കും. ഇവരുൾപ്പെടെ കേസിലെ 30ഓളം വരുന്ന മുഴുവൻ പ്രതികൾക്കെതിരെയും കടുത്ത വ്യവസ്ഥകളടങ്ങിയ മോക്ക (മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം) ചുമത്താനും ധാരണയായിട്ടുണ്ട്.  ശ്രീശാന്തിൻെറ ജാമ്യാപേക്ഷയുടെ വാദത്തിനിടെ,  ഈ സേിൽ മോക്ക നിലനിൽക്കില്ലെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നുവെങ്കിലും അത് അവഗണിക്കാനാണ് ദൽഹി പൊലീസ് തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.