തെറ്റയില്‍ കേസ്: സ്റ്റേ 10 ദിവസം കൂടി നീട്ടി

കൊച്ചി: ജോസ് തെറ്റയിൽ എം.എൽ.എക്കെതിരായ ലൈംഗികാരോപണ കേസിലെ അന്വേഷണത്തിനും തുട൪നടപടികൾക്കുമുള്ള സ്റ്റേ ഹൈകോടതി 10 ദിവസത്തേക്ക് കൂടി നീട്ടി. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റിയ സാഹചര്യത്തിലാണ് ജസ്റ്റിസ് പി. ഭവദാസൻെറ ഉത്തരവ്. എഫ്.ഐ.ആ൪ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് തെറ്റയിൽ സമ൪പ്പിച്ച ഹരജിയാണ് കോടതി പരിഗണനയിലുള്ളത്. അതിനിടെ, കേസിന് പിന്നിൽ രാഷ്ട്രീയ അജണ്ടയില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി ഹൈകോടതിയിൽ സത്യവാങ്മൂലം നൽകി.
ഭരണമുന്നണി നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ തന്നെ തെറ്റയിലിനെതിരെ രംഗത്തിറക്കുകയായിരുന്നെന്ന ആരോപണം തെറ്റാണെന്ന് യുവതി വ്യക്തമാക്കി. തൻെറ ആരോപണത്തിനു പിന്നിൽ ഏതെങ്കിലും രാഷ്ട്രീയ നേതൃത്വമില്ല. രാഷ്ട്രീയക്കാരുടെ സഹായം തേടേണ്ട സാഹചര്യമില്ല. തൻെറ സമ്മതമില്ലാതെ നി൪ബന്ധിച്ചാണ് തെറ്റയിൽ ആദ്യം തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയത്. അതിനാൽ, തെറ്റയിലിനെതിരെ ബലാത്സംഗക്കുറ്റം നിലനിൽക്കുന്നതാണ്. ഇതിന് ശേഷമാണ് ഇയാളുടെ ഇടപാടുകൾക്ക് തെളിവുണ്ടാക്കാനായി കാമറ സ്ഥാപിച്ചത്. തെളിവ് ശേഖരിക്കുന്നതിനു ചെയ്തതാണിത്.
 വിവാഹ വാഗ്ദാനം നൽകി ലൈംഗികബന്ധത്തിലേ൪പ്പെട്ടാൽ മാനഭംഗ കുറ്റം നിലനിൽക്കും. തെറ്റയിലിനും മകനുമെതിരെ മാനഭംഗക്കുറ്റം ചുമത്താൻ പര്യാപ്തമായ വിവരങ്ങൾ തൻെറ പക്കലുണ്ട്. പരാതി അഭിഭാഷകൻെറ സഹായമില്ലാതെ സ്വമേധയാ തയാറാക്കിയതാണ്. പ്രതിസ്ഥാനത്ത് ഉന്നതനായതിനാലാണ് എസ്.ഐക്ക് പരാതി നൽകാതെ ഉയ൪ന്ന ഉദ്യോഗസ്ഥന് കൈമാറിയത്. കേസിൻെറ വിചാരണ വേളയിലാണ് തെളിവുകൾ പരിശോധിക്കുന്നതെന്നിരിക്കെ എഫ്.ഐ.ആ൪ റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കരുത്്. എഫ്.ഐ.ആ൪ റദ്ദാക്കിയാൽ വിചാരണ നടപടി ഇല്ലാതാവുകയും സത്യസന്ധമായ വിവരങ്ങൾ മൂടിവെക്കപ്പെടുകയും ചെയ്യും.  പ്രതിയെ രക്ഷപ്പെടാനിടയാക്കുന്ന നടപടിയാകും ഇത്. തനിക്ക് പറയാനുള്ളതുകൂടി കേട്ടിട്ടുവേണം കേസ് തീ൪പ്പാക്കാനെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.
തെറ്റയിലിനെതിരെ ബലാത്സംഗക്കുറ്റം നിലനിൽക്കുന്നതായി തെളിയിക്കുന്ന ഒട്ടേറെ വസ്തുതകൾ കണ്ടെത്തിയിട്ടുള്ളതായി സ൪ക്കാ൪ സത്യവാങ്മൂലത്തിൽ പറഞ്ഞു. ഗുരുതര കുറ്റക്യത്യമാണ് എം.എൽ.എ എന്ന നിലയിൽ തെറ്റയിൽ ചെയ്തത്. എഫ്.ഐ.ആറിൽ കുറ്റക്യത്യവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രേഖപ്പെടുത്തണമെന്നില്ല. അന്വേഷണം നടത്താൻ കുറ്റകൃത്യം നടന്നതായ സംശയം മാത്രം മതിയാകും. സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി ലഭിച്ചാൽ കേസെടുക്കാതിരിക്കുന്നത് കുറ്റകരമാണ്. അതിനാൽ കേസെടുത്തത് നിയമപരമായാണ്.  തെളിവ് ശേഖരണത്തിനും അന്വേഷണം തുടരേണ്ടത് അനിവാര്യമാണ്. ഇതിനിടയിലുള്ള ഇടപെടലുകൾ അന്വേഷണത്തെ ബാധിക്കും.
തെറ്റയിൽ പെൺകുട്ടിയുടെ ഫ്ളാറ്റിൽ പല തവണ പോയതിന് തെളിവുകളുണ്ട്. മകനെ വിവാഹം കഴിപ്പിച്ചു നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പീഡനം നടന്നതെന്നും വ്യക്തമാണ്. സമ്മതപ്രകാരമാണ് ലൈംഗികബന്ധം നടന്നതെന്ന വാദം അംഗീകരിക്കാനാവില്ല. കാമറ സ്ഥാപിച്ച് പക൪ത്തിയെന്നതുകൊണ്ട് സമ്മതപ്രകാരമാണ് ബന്ധം നടന്നതെന്ന് പറയാനാവില്ലെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.