ചേരാനല്ലൂരിലെ ലേബര്‍ ക്യാമ്പ് പൂട്ടാന്‍ നിര്‍ദേശം

കൊച്ചി: ചേരാനല്ലൂ൪ കോതാട് ഭാഗത്ത് അനാരോഗ്യകരമായ സാഹചര്യത്തിൽ പ്രവ൪ത്തിച്ചിരുന്ന  ലേബ൪ ക്യാമ്പ് അടച്ചുപൂട്ടാൻ ജില്ലാ ആരോഗ്യ വിഭാഗം നി൪ദേശം നൽകി. അറുന്നൂറോളം അയൽ സംസ്ഥാനത്തൊഴിലാളികളാണ് ഇവിടെയുള്ളത്. ലേബ൪ ക്യാമ്പിൽനിന്ന് കക്കൂസ് മാലിന്യം പുറത്തേക്കൊഴുകുന്നതായി ചേരാനെല്ലൂ൪ പഞ്ചായത്ത് അധികൃത൪ കലക്ട൪ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയെത്തുട൪ന്നാണ് ക്യാമ്പ് അടച്ചുപൂട്ടാൻ റൂറൽ ഹെൽത്ത് ഇൻസ്പെക്ട൪ പി.എൻ. ശ്രീനിവാസൻ നി൪ദേശം നൽകിയത്.
തൊഴിലാളികൾ മോശപ്പെട്ട സാഹചര്യത്തിലാണ് ഇവിടെ താമസിക്കുന്നതെന്നും പരിസരത്ത് മാലിന്യം കുമിഞ്ഞു കൂടിയും കക്കൂസ് മാലിന്യം മറ്റു പ്രദേശങ്ങളിലേക്ക് ഒഴുകിയും ആരോഗ്യ ഭീഷണയുയ൪ത്തുന്നതായും പരിശോധനയിൽ കണ്ടെത്തിയതായി പി.എൻ. ശ്രീനിവാസൻ പറഞ്ഞു. തൊഴിലാളികൾക്ക് ആരോഗ്യകരമായ വാസസൗകര്യം ഒരുക്കിയ ശേഷംമാത്രം ക്യാമ്പ് തുറന്നു പ്രവ൪ത്തിച്ചാൽ മതിയെന്നും നി൪ദേശത്തിലുണ്ട്. ചൊവ്വാഴ്ച കലക്ട൪ക്ക് റിപ്പോ൪ട്ട് സമ൪പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കോതാട് ഭാഗത്ത് നി൪മാണത്തിലിരിക്കുന്ന ഫ്ളാറ്റിലെ തൊഴിലാളികളെയാണ് ഇവിടെ പാ൪പ്പിച്ചിരുന്നത്. പ്രാഥമികാവശ്യങ്ങൾക്ക് മതിയായ സൗകര്യം ഇവിടുണ്ടായിരുന്നില്ല. രണ്ടു കെട്ടിടങ്ങൾക്കിടയിലുള്ള ചെറിയ തോട്ടിൽ മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച അവസ്ഥയായിരുന്നു. കൊതുകും മറ്റും പെരുകി അപകടകരമായ സാഹചര്യത്തിലാണ് തൊഴിലാളികൾ ഇവിടെ കഴിഞ്ഞിരുന്നത്. മഴപെയ്ത് പ്രദേശത്ത് വെള്ളം ഉയ൪ന്നതോടെ കക്കൂസിൻെറ സിന്തറ്റിക് ടാങ്ക് പൊട്ടി മാലിന്യം പുറത്തേക്ക് ഒഴുകി. പരിസരവാസികളുടെ പരാതിയെത്തുട൪ന്നാണ് ലേബ൪ ക്യാമ്പിനെതിരെ പഞ്ചായത്ത് അധികൃത൪ കലക്ട൪ക്ക് പരാതി നൽകിയത്.
ജില്ലാ ആരോഗ്യ വിഭാഗത്തോടൊപ്പം വില്ലേജ് ഓഫിസറും പഞ്ചായത്ത് സെക്രട്ടറിയും പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ മനസ്സിലാക്കി. ലേബ൪ ക്യാമ്പ് ഉടൻ പൂട്ടിക്കാനായിരുന്നു തീരുമാനമെങ്കിലും രാത്രി ജോലികഴിഞ്ഞ് എത്തിയ തൊഴിലാളികൾ ഉറങ്ങുകയായിരുന്നതിനാൽ 24 മണിക്കൂറിനുള്ളിൽ അടച്ചുപൂട്ടാൻ നി൪ദേശം നൽകുകയായിരുന്നെന്ന് ശ്രീനിവാസൻ പറഞ്ഞു. തൊഴിലാളികളുടെ സഹായത്തോടെ പ്രദേശത്തെ മാലിന്യം നീക്കം ചെയ്തു. തോട്ടിലെ ഒഴുക്ക് സാധ്യമാക്കി മലിനജലം ഇതുവഴി ഒഴുക്കി വിട്ടിട്ടുണ്ട്. രാത്രി വൈകിയാണ് വൃത്തിയാക്കൽ നടപടി അവസാനിച്ചത്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.