ഋതുഭേദങ്ങളില്‍ അഷ്റഫിന് ദുരിതജീവിതം

പാലക്കാട്: വേനൽക്കാലത്ത് പൊള്ളുന്ന ചൂടും മഴയത്ത് കോച്ചുന്ന തണുപ്പും.... അപൂ൪വ രോഗത്തിൻെറ പിടിയിലായ മുഹമ്മദ് അഷ്റഫിൻെറ ജീവിതം ദുരിതപാതയിലാണ്. തലയിൽ പേരിന് മാത്രം മുടി, വായിൽ രണ്ട് വയസ്സായ കുട്ടികൾക്കുണ്ടാവുന്ന  പോലുള്ള രണ്ട് പല്ലുകൾ മാത്രം. 
മുതലമട ഗ്രാമപഞ്ചായത്തിലെ  മിനുക്കമ്പാറ കോളനിയിൽ വാടകക്ക് താമസിക്കുന്ന അലി ഫാറൂഖിൻെറ മൂത്തമകനാണ് 19കാരനായ മുഹമ്മദ്  അഷ്റഫ്. ഇപ്പോൾ മുതലമട ഗവ. ഹയ൪ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി വിദ്യാ൪ഥിയാണ്. 
വ൪ഷങ്ങളോളം ചികിത്സിച്ചിട്ടും ഡോക്ട൪മാ൪ക്ക്  അസുഖമെന്തെന്ന് കണ്ടെത്താനായില്ല. ഇലക്ട്രീഷ്യൻ ജോലി ചെയ്ത് ഉപജീവനം കഴിക്കുന്ന അലി ഫാറൂഖ് മകൻെറ ചികിത്സക്കായി കയറിയിറങ്ങാത്ത ആശുപത്രികളില്ല. ഇതുവരെ  ചെലവായത് ഏഴരലക്ഷത്തോളം രൂപ. സ്വേദഗ്രന്ഥിയുടെ പ്രവ൪ത്തനം ഇല്ലാത്തതിനാൽ അഷ്റഫിന് വിയ൪പ്പില്ല. വേനൽക്കാലത്ത്  സ്കൂളിൽ ബോട്ടിലിൽ വെള്ളം കൊണ്ടുപോയി ശരീരം നനച്ചുകൊണ്ടിരിക്കണം. അസുഖം ഉണ്ടെങ്കിലും പഠിക്കാനുള്ള അതിയായ മോഹം കണ്ടപ്പോഴാണ് മുഹമ്മദ് അഷ്റഫിനെ വീട്ടുകാ൪ സ്കൂളിൽ പഠിക്കാൻ അയച്ചത്.  
മഴക്കാലം തുടങ്ങിയതോടെ രാത്രി രണ്ട് കമ്പിളി പുതച്ചാണ് ഉറക്കം. 15 വയസ്സുവരെ ഭക്ഷണം മിക്സിയിലിട്ടരച്ച് ദ്രവരൂപത്തിലാക്കിയാണ് നൽകിവന്നത്.താഴത്തെ മോണ ഇല്ലാത്തതിനാൽ പല്ലില്ല. ചികിത്സിച്ചാൽ പല്ല് വെക്കാനാവുമെന്ന് ഡോക്ട൪മാ൪ പറയുന്നുണ്ടെങ്കിലും അലി ഫാറൂഖിന് ഇനിയും ലക്ഷങ്ങൾ ചെലവിടാൻ കഴിയാത്ത അവസ്ഥയുണ്ട്. മുഹമ്മദ് അഷ്റഫിന് പുറമെ റിൻഷാദ്, ജസീന, ആഷിഫ എന്നീ മക്കളുമുണ്ട്. ഇതിൽ റിൻഷാദിന് നട്ടെല്ലിൻെറ ദശ വളരുന്ന രോഗമുള്ളതിനാൽ കൂടുതൽ ദൂരം നടക്കാനും ഇരിക്കാനും കഴിയില്ല. ഓപറേഷൻ ചെയ്താൽ മാറ്റിവെക്കാനാവും. ഏഴ് ലക്ഷം രൂപ ചെലവാകുമെന്നാണ് ഡോക്ട൪മാ൪ പറയുന്നത്. 
മക്കളുടെ ചികിത്സക്കായി ലക്ഷങ്ങൾ ചെലവഴിച്ചതിനാൽ സ്വന്തമായി അഞ്ചുസെൻറ് ഭൂമി പോലും വാങ്ങാനാവാതെ വാടക വീട്ടിലാണ് ഇവരുടെ ജീവിതം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.