ദ്വാരക: അധികൃതരുടെ നിരന്തര അവഗണനയിൽ ദ്വാരക ആയു൪വേദ ആശുപത്രി കിതക്കുന്നു. 1999ൽ ആണ് പാതിരിച്ചാലിൽനിന്ന് ദ്വാരകയിലെ നിലവിലെ കെട്ടിടത്തിലേക്ക് ആശുപത്രി മാറ്റിയത്. 20 കിടക്കകളാണ് ഉള്ളത്. എന്നാൽ, 43 രോഗികൾ ചികിത്സയിൽ കഴിയുന്നുണ്ട്. ദിനംപ്രതി 300ഓളം രോഗികൾ ഇവിടെ ചികിത്സതേടിയെത്തുന്നുണ്ട്. മഴക്കാലത്ത് കെട്ടിടം ചോ൪ന്നൊലിക്കുന്നതിനാൽ രോഗികൾ ഏറെ ദുരിതമനുഭവിക്കുന്നു. കക്കൂസ് ടാങ്ക് നിറഞ്ഞതിനാൽ മാലിന്യം റോഡിലേക്ക് ഒഴുകുന്നു. കിണ൪ ഇല്ലാത്തതിനാൽ തൊട്ടടുത്ത വീടുകളിൽനിന്ന് രോഗികൾ തന്നെ വെള്ളം കൊണ്ടുവരുകയാണ്. 4000 ലിറ്ററിൻെറ ടാങ്കുണ്ടെങ്കിലും ഇത് രോഗികളുടെ ആവശ്യത്തിന് തികയാറില്ല. വെള്ളം ചൂടാക്കുന്നതിന് വിറക് കത്തിക്കുന്നതിനുള്ള സൗകര്യംപോലും ഇല്ലാത്ത അവസ്ഥയാണ്. രാത്രിയിൽ വൈദ്യുതി മുടക്കം പതിവാണ്. രണ്ട് ഡോക്ട൪മാ൪, ഒരു ഫാ൪മസിസ്റ്റ്, രണ്ട് നഴ്സ്, മൂന്ന് അറ്റൻഡ൪മാ൪, ഒരു സ്വീപ്പ൪ ഉൾപ്പെടെ ഒമ്പതു ജീവനക്കാ൪ ഉണ്ട്. ഇവ൪ക്ക് നിന്നുതിരിയാൻപോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. മാനന്തവാടി താലൂക്കിനുപുറമെ കൊട്ടിയൂ൪, കേളകം, ക൪ണാടകയിലെ ബാവലി, ബൈരക്കുപ്പ, കുട്ട എന്നിവിടങ്ങളിൽനിന്നുപോലും നിരവധി രോഗികൾ ആശുപത്രിയിൽ എത്തുന്നുണ്ട്. ഗ്രാമപഞ്ചായത്തിൻെറ ഉടമസ്ഥതയിലുള്ള ആശുപത്രിയെ സ൪ക്കാ൪ അവഗണിക്കുകയാണ്. താലൂക്ക് ആയു൪വേദ ആശുപത്രി ഇല്ലാത്ത ഏക താലൂക്കാണ് മാനന്തവാടി. താലൂക്ക് ആശുപത്രിയായി ഉയ൪ത്തണമെന്ന ആവശ്യത്തിന് വ൪ഷങ്ങളുടെ പഴക്കമുണ്ട്. മാറിമാറിവന്ന ഭരണാധികാരികൾ ഈ ആവശ്യം പരിഗണിക്കാൻ ഇതുവരെ തയാറായിട്ടില്ല. താലൂക്ക് ആശുപത്രിയായി ഉയ൪ത്തണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.