കാളികാവ്: ചോക്കാട് നാൽപത് സെൻറ് ഗിരിജൻ കോളനിയിൽ വീണ്ടും പുലി ആക്രമണം. കോളനിയിലെ പൊട്ടിക്കല്ല് രാജേന്ദ്ര ബാബുവിൻെറ പോത്തിനെ പുലി ആക്രമിച്ച് പരിക്കേൽപ്പിച്ചു. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പോത്തിനെ വെള്ളിയാഴ്ച രാത്രിയാണ് പുലി കടിച്ചത്. രാത്രി 12ന് ശേഷമായിരുന്നു സംഭവം. രാജേന്ദ്രബാബുവിൻെറ പിതാവ് വെള്ളൻ ശബ്ദം കേട്ട് ബഹളം വെച്ചതോടെ പുലി കാട്ടിലേക്ക് തിരികെ പോയി. കോളനിയിലെ നായയെ കാണാതായിട്ടുണ്ട്. പുലി കടിച്ച് കൊണ്ടുപോയതെന്നാണ് കോളനിക്കാ൪ പറയുന്നത്.
വീണ്ടും പുലി ഇറങ്ങിയത് കോളനിക്കാരെ ഭീതിയിലാക്കി. ജില്ലയിലെ ഏറ്റവും വലിയ ആദിവാസി കോളനിയായ ചോക്കാട് നാൽപത് സെൻറ് ഗിരിജൻ കോളനിയിൽ നായകളും ആട്, പശു, പോത്ത് തുടങ്ങിയ വള൪ത്ത് മൃഗങ്ങളും ധാരാളം ഉണ്ട്. കാട്ടാന കോളനിയിൽ ഇറങ്ങി കൃഷി നാശം വരുത്തുന്നത് പതിവാണ്. ഇതിനിടെയാണ് പുലിയുടെ ആക്രമണം തുടങ്ങിയത്. ഇതിനകം ഇരുപതിലധികം വള൪ത്തുമൃഗങ്ങളെ പുലികൾ കൊന്നിട്ടുണ്ട്. പ്രധാനമായും നായകളെയാണ് പുലി ആക്രമിച്ചത്.
പുലി ആക്രമണത്തെ തുട൪ന്ന് കെണിവെച്ച് പിടിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. കൊട്ടൻചോക്കാടൻ മലവാരത്തിൽ നിന്നാണ് പുലി കോളനിയിലേക്കിറങ്ങുന്നതെന്നാണ് കരുതുന്നത്. ജില്ലയിൽ അമരമ്പലം, നിലമ്പൂ൪ തുടങ്ങി വന മേഖലകൾ ധാരാളം ഉണ്ട്. വന്യ ജീവികളുടെ ആക്രമണം ഇവിടങ്ങളിൽ പതിവാണെങ്കിലും സ്വന്തമായി പുലിക്കെണിയോ മറ്റ് സംവിധാനങ്ങളോ ഇല്ല. മറ്റ് ജില്ലകളിൽ നിന്ന് താൽക്കാലികമായി കൊണ്ടുവരുന്ന കെണികൾ മാത്രമാണ് ആശ്രയം. ഇതാകട്ടെ ദൗത്യം പൂ൪ത്തീകരിക്കും മുമ്പ് തിരികെ കൊണ്ടുപോവും.
ആദിവാസികൾ ഉൾപ്പെടെയുള്ള നാട്ടുകാരുടെ പ്രതിഷേധങ്ങൾ വകവെക്കാതെയാണ് ചോക്കാട് കോളനിയിൽ സ്ഥാപിച്ചിരുന്ന പുലിക്കെണി തിരികെ കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.