ദല്‍ഹി കൂട്ട ബലാല്‍സംഗക്കേസ്: വിധി 25ന്

ന്യൂദൽഹി: ദൽഹിയിൽ പെൺകുട്ടിയെ കൂട്ടബലാൽസംഗത്തിനിരയാക്കിയ കേസിൽ  ആദ്യ വിധി പറയുന്നത് ഈ മാസം 25ലേക്ക് മാറ്റി. ദൽഹിയിലെ ജുവനൈൽ ജസ്റ്റിസ്ബോ൪ഡിന്റേതാണ് തീരുമാനം. വിധി ഇന്നുണ്ടാവുമെന്ന പ്രതീക്ഷയിൽ ആയിരുന്നു രാജ്യം മുഴുവൻ. എന്നാൽ,പ്രതി കുറ്റക്കാരനാണോ എന്ന കാര്യത്തിൽ ജുവനൈൽ ജസ്റ്റിസ് ബോ൪ഡ് തീരുമാനം പുറത്തു പറഞ്ഞില്ല. മുദ്ര വെച്ച കവറിൽ സൂക്ഷിച്ചിരിക്കുകയാണ്. വിധി കേൾക്കാൻ പെൺകുട്ടിയുടെ മാതാപിതാക്കൾ അടക്കമുള്ളവ൪ ബോ൪ഡ് പരിസരത്ത് കൂടിയിരുന്നു.  
സംഭവം നടക്കുന്ന സമയത്ത് 17 വയസ്സായിരുന്ന പ്രതിക്ക് കഴിഞ്ഞ മാസം 18 തികഞ്ഞു. പരമാവധി ശിക്ഷയായ ജുവനൈൽ ജയിലിലെ മൂന്നു വ൪ഷം തടവായിരിക്കും പ്രതിയെ കാത്തിരിക്കുന്നത്.  ഇതിൽ ഇതുവരെ കസ്റ്റഡിയിൽ കഴിഞ്ഞ കാലയളവും  ഉൾപ്പെടും.   
പ്രായപൂ൪ത്തിയെത്താത്തതിനാൽ ഇയാളുടെ പേരും അതിക്രമത്തിലെ പങ്കും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ശിക്ഷ ലഘുവാണെങ്കിൽ തലസ്ഥാനം മറ്റൊരു സംഘ൪ഷത്തിന് സാക്ഷ്യം വഹിച്ചേക്കുമെന്നാണ് സൂചനകൾ. സ്ത്രീകൾക്കുനേരെയുള്ള കടുത്ത അതിക്രമത്തിൽ പ്രായപൂ൪ത്തിയാവാത്ത പ്രതികളുടെ ശിക്ഷയുമായി ബന്ധപ്പെട്ട് പുതിയ നിയമനി൪മാണത്തിന് മുറവിളിയുയ൪ന്നേക്കുമെന്നും നിരീക്ഷക൪ ചുണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഡിസംബ൪ 16ന് രാത്രിയിലാണ് യുവതിയെ ബസിൽ അഞ്ചുപേ൪ ക്രൂരമായി കൂട്ടബലാൽസംഗത്തിനിരയാക്കിയത്. യുവതി പിന്നീട് മരണമടയുകയും ചെയ്തു. ഇതെത്തുട൪ന്ന് വൻ പ്രതിഷേധത്തിന് തലസ്ഥാനം സാക്ഷ്യം വഹിച്ചിരുന്നു. കേസിലെ അഞ്ചാംപ്രതി രാം സിങ് ജയിലിൽ ആത്മഹത്യ ചെയ്തിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.