ഭരണകൂടം പരാജയപ്പെടുമ്പോള്‍ തീവ്രവാദത്തിന് ജനപിന്തുണ ലഭിക്കുന്നു- ചെന്നിത്തല

തിരുവനന്തപുരം: ഭരണകൂടങ്ങളും രാഷ്ട്രീയ പാ൪ട്ടികളും പരാജയപ്പെടുന്നിടത്താണ് തീവ്രവാദത്തിന് ജനപിന്തുണ ലഭിക്കുന്നതെന്ന് കെ. പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല പറഞ്ഞു. വ൪ഗീയതയും ഭീകരവാദവും രാഷ്ട്രം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ  വക്കം ഖാദ൪ ഫൗണ്ടേഷൻ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.    സാമൂഹിക പിന്നാക്കാവസ്ഥയും അസംതൃപ്തിയും തീവ്രവാദത്തിന് കാരണമാകുന്നു. സാമൂഹികനീതിയും പരിഗണനയും കിട്ടുന്നിടത്ത് തീവ്രവാദം കുറയുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദൻ വിഷയം അവതരിപ്പിച്ചു. വക്കം ഖാദ൪ മുസൽമാന്മാ൪ക്ക് വേണ്ടിയല്ല നാടിൻെറ സ്വാതന്ത്ര്യത്തിനായി  പോരാടിയ ആളാണെന്ന വിശാല മനോഭാവം വള൪ന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ന്യൂനപക്ഷ സ൪ക്കാറാണ് ഭരിക്കുന്നതെന്നും ഭൂരിപക്ഷ സമുദായത്തിന് ജീവിക്കാനാവുന്നില്ലെന്നും പറയുന്നതിനോട് യോജിക്കാനാവില്ല.  ഭരണത്തിൻെറ പങ്ക് കിട്ടാനുള്ള പ്രസ്താവനയാണ് അത്. മേൽത്തട്ട് വിഭാഗത്തിൻെറ താൽപര്യം മാത്രമേ സ൪ക്കാ൪ സംരക്ഷിക്കുന്നുള്ളൂവെന്ന് സമുദായനേതാക്കളായ വെള്ളാപ്പള്ളിയും സുകുമാരൻനായരും പറഞ്ഞാൽ അതിനെ അംഗീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.  
ഹിന്ദു-മുസ്ലിം ഐക്യം ശക്തിപ്പെടണമെന്ന ആഗ്രഹം അന്ത്യംവരെയും പുല൪ത്തിയിരുന്നയാളാണ് വക്കം ഖാദറെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ ചൂണ്ടിക്കാട്ടി. കെ.പി.സി.സി വൈസ്-പ്രസിഡൻറ് എം.എം. ഹസൻ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ ഭാരവാഹികളായ വക്കം സുകുമാരൻ, എം.എം. ഇക്ബാൽ എന്നിവരും സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.