നെടുങ്കണ്ടം: ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പ് ഈ മാസം 15ന് നടക്കാനിരിക്കെ സ്ഥാനാ൪ഥിയെ നി൪ണയിക്കാനാകാതെ കോൺഗ്രസ് നേതൃത്വം കുഴയുന്നു. എ, ഐ ഗ്രൂപ്പുകൾ ശക്തമായ ചരടുവലി തുടങ്ങിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
എ ഗ്രൂപ് രണ്ടുവ൪ഷം ഭരണം നടത്തി വിജിലൻസ് കോടതി വിധി മൂലം രാജിവെച്ച ഒഴിവിൽ വീണ്ടും എ ഗ്രൂപ്പിന് നൽകുന്നതിൽ ഐ ഗ്രൂപ്പിന് ശക്തമായ വിയോജിപ്പുണ്ട്. ഐ ഗ്രൂപ്പിലെ ആലീസ് തോമസിന് പ്രസിഡൻറ് പദവി നൽകാൻ ശ്രമം നടക്കുന്നുവെങ്കിലും കോൺഗ്രസിലെ ഇരു ഗ്രൂപ്പിലെയും ഭൂരിഭാഗവും അതിനെ എതി൪ക്കുകയാണ്. എന്നാൽ, ഐ ഗ്രൂപ്പിന് ചൂണ്ടിക്കാട്ടാൻ മറ്റൊരാളില്ല. എ ഗ്രൂപ്പാകട്ടെ ലീലാമ്മ ജോസഫിനെ പ്രസിഡൻറാക്കാനാണ് ശ്രമം. ഇവ൪ രണ്ടുപേരെയും പിന്തള്ളി മറ്റൊരു സ്വതന്ത്രയെ പ്രസിഡൻറാക്കാൻ ചില കോൺഗ്രസ് നേതാക്കൾ ശ്രമം നടത്തുന്നുണ്ട്. പുഷ്പക്കണ്ടം വാ൪ഡിൽനിന്ന് സ്വതന്ത്രയായി വിജയിച്ച ഓമന വിജയനെ പ്രസിഡൻറാക്കുകയും രാജിവെച്ച ശ്യാമള വിശ്വനാഥന് പിൻസീറ്റ് ഭരണം നടത്താനുമാണ് നീക്കം. എന്നാൽ, കോൺഗ്രസിന് ഭൂരിപക്ഷം കിട്ടിയ പഞ്ചായത്തിൽ സ്വതന്ത്രയെ പ്രസിഡൻറാക്കുന്നതിൽ കോൺഗ്രസിലെ മറ്റ് വനിതാ അംഗങ്ങൾക്ക് കടുത്ത അമ൪ഷമാണുള്ളത്. ഇതിനിടയിൽ മറ്റൊരു കോൺഗ്രസ് അംഗമായ അമ്പിളി ജോസഫിനെ പ്രസിഡൻറാക്കാൻ ചില൪ ശ്രമിക്കുന്നുണ്ടെങ്കിലും വ്യക്തിപരമായ ചില കാരണങ്ങളാൽ അമ്പിളി ഒഴിവായി നിൽക്കുകയാണ്. ഐ ഗ്രൂപ്പുകാരിയായ ആലീസ് പ്രസിഡൻറ് സ്ഥാനം ആവശ്യപ്പെട്ട് പി.ടി. തോമസ് എം.പിയെ സമീപിച്ചതായും പറയപ്പെടുന്നു.
കേരള കോൺഗ്രസിന് പ്രസിഡൻറ് പദവി നൽകുകയും നിലവിലുള്ള കേരള കോൺഗ്രസുകാരനായ വൈസ് പ്രസിഡൻറിനെ നീക്കം ചെയ്ത് കോൺഗ്രസിലെ സുകുമാരൻ നായ൪ക്ക് വൈസ് പ്രസിഡൻറ് പദവി നൽകാനുള്ള ചരടുവലിയും നടക്കുന്നുണ്ട്. ഇതിൻെറ പിന്നിലും രാജിവെച്ച പ്രസിഡൻറും കൂട്ടാളികളുമാണെന്ന് പറയപ്പെടുന്നു. 22 അംഗ പഞ്ചായത്തിൽ യു.ഡി.എഫിന് 15 ഉം ഇടതിന് അഞ്ചും കോൺഗ്രസ് വിമത സ്വതന്ത്രന്മാ൪ രണ്ടുമാണ്. ഇവ൪ പിന്നീട് കോൺഗ്രസിൽ ചേക്കേറി. യു.ഡി.എഫിലെ 15 ൽ കോൺഗ്രസിന് 10 കേരള കോൺഗ്രസ് അഞ്ചുമാണ് അംഗങ്ങൾ.
ഇടത് മുന്നണിയിൽ സി.പി.എം മൂന്ന്, സി.പി.ഐ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. വിജിലൻസ് കോടതി ശിക്ഷ വിധിച്ചതിനെ തുട൪ന്ന് കഴിഞ്ഞ 21ന് ശ്യാമള വിശ്വനാഥൻ പ്രസിഡൻറ് സ്ഥാനം രാജിവെച്ച ഒഴിവിലാണ് ഈ മാസം 15ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.