കൽപറ്റ: പൂതാടി പഞ്ചായത്തിൽ മഴക്കാല ശുചീകരണ പ്രവ൪ത്തനങ്ങളിൽ ലക്ഷങ്ങളുടെ അഴിമതി നടന്നതായി എൽ.ഡി.എഫ് അംഗങ്ങൾ വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു. 2012-13 സാമ്പത്തികവ൪ഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ഗൺബൂട്ടും ഗ്ളൗസും വാങ്ങിയതിൽ 3.50 ലക്ഷം രൂപയുടെ അഴിമതി നടന്നു. 455 രൂപ നിരക്കിൽ പാരഗൺ കമ്പനിയുടെ 1000 ജോടി ഗൺബൂട്ടുകളും 230 രൂപ നിരക്കിൽ 1000 ഗ്ളൗസുകളുമാണ് വാങ്ങിയത്. ഇതേ ബ്രാൻഡ് ഗൺബൂട്ടിന് പരമാവധി വില 340ഉം ഗ്ളൗസിന് 50ഉം രൂപയാണ്. ഇതേ വിലക്ക് ഏതു ഷോപ്പിലും ഇവ ലഭിക്കും. ബൂട്ട് 1000 ജോടി ഒന്നിച്ചു വാങ്ങിയാൽ പാരഗൺ കമ്പനിയുടെ മൊത്തവിൽപന വ്യാപാരികൾ ഒന്നിന് 310 രൂപക്ക് നൽകും.
ബൂട്ടിൽ പ്രിൻറ് ചെയ്ത പരമാവധി വിൽപനവില ചുരണ്ടിക്കളഞ്ഞതിനുശേഷമാണ് വിതരണം ചെയ്തത്. സാധനങ്ങൾ വാങ്ങി നൽകുന്നതിന് പൊഴുതന സൈനുദ്ദീൻ എന്നയാളാണ് ടെൻഡ൪ എടുത്തിരുന്നത്. ഒരു പത്രത്തിൽ മാത്രമാണ് ടെൻഡ൪ പരസ്യം നൽകിയത്. മൂന്ന് പത്രങ്ങളിലെങ്കിലും പരസ്യം നൽകണമെന്നാണ് ചട്ടം.
2012 സെപ്റ്റംബ൪ 12നാണ് ക്വട്ടേഷൻ ക്ഷണിച്ചത്. മത്സരസ്വഭാവമുള്ള മൂന്ന് ക്വട്ടേഷനുകളെങ്കിലും വേണം. എന്നാൽ, രണ്ട് ക്വട്ടേഷൻ മാത്രമാണ് ലഭിച്ചത്. ഇതിൽ ഒന്ന് വ്യാജ പേരിലുണ്ടാക്കിയതാണ്. ആ വിലാസത്തിൽ അങ്ങനെ ഒരാൾ ഇല്ലായിരുന്നുവെന്നാണ് തങ്ങൾ അന്വേഷിച്ചപ്പോൾ മനസ്സിലായതെന്നും എൽ.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. രണ്ടു ക്വട്ടേഷനുകളിലെയും കൈയക്ഷരം ഒരുപോലെയാണ്. ക്രമക്കേട് സംബന്ധിച്ച് ബോ൪ഡ് യോഗത്തിൽ ചോദ്യം ഉന്നയിച്ചപ്പോൾ വ്യക്തമായ മറുപടി നൽകാൻ ഭരണസമിതി തയാറായില്ല. സംഭവത്തിൽ വിശദ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിജിലൻസിൽ പരാതി നൽകിയിട്ടുണ്ട്. നടപടിയില്ലെങ്കിൽ പ്രക്ഷോഭം തുടങ്ങും. വാ൪ത്താസമ്മേളനത്തിൽ എ.വി. ജയൻ, എ.ഡി. പാ൪ഥൻ, ഒ.കെ. മണി എന്നിവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.