ഫവാദ് അഹ്മദിന് ബാഗി ഗ്രീനിലേക്ക് പച്ചക്കൊടി

മെൽബൺ: ആസ്ട്രേലിയൻ കുപ്പായത്തിൽ പന്തെറിയാനുള്ള പാകിസ്താൻ വംശജൻ ഫവാദ് അഹ്മദിൻെറ മോഹങ്ങൾക്ക് പച്ചക്കൊടിയായി ഓസീസ് പൗരത്വം. അടിയന്തര പ്രാധാന്യമുള്ള വിഷയമായി പരിഗണിച്ച് ആസ്ട്രേലിയൻ സെനറ്റാണ് പാകിസ്താൻ ക്രിക്കറ്റ് താരത്തിന് പൗരത്വം നൽകാൻ അനുമതി നൽകിയത്. ഇതോടെ, ആഷസ് പരമ്പരക്കുള്ള ടീമിൽ ഇടം നേടാനുള്ള ലെഗ് സ്പിന്നറുടെ ശ്രമങ്ങൾ ഭാഗിക വിജയമായി. പ്രത്യേക സന്ദ൪ഭങ്ങളിലെ അപേക്ഷയെന്ന നിലയിൽ സെനറ്റ് പൗരത്വ അപേക്ഷക്ക് അംഗീകാരം നൽകിയതായി മുൻ ഫെഡറൽ മന്ത്രി ബ്രെണ്ടൻ കോണ൪ അറിയിച്ചു.
പാക് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കവെ സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവ൪ത്തിക്കുന്ന എൻ.ജി.ഒയുമായി സഹകരിച്ചത് കാരണം നാട്ടിൽ ജീവന് ഭീഷണിയുണ്ടെന്നറിയിച്ച് 2010ലാണ് ഫവാദ് അഹ്മദ് അഭയാ൪ഥിയായി ആസ്ട്രേലിയയിലെത്തിയത്. മെൽബൺ യൂനിവേഴ്സിറ്റി ടീമിലും, ബിഗ്ബാഷിലും കളിച്ച ഫവാദിന് 2012 നവംബറിൽ ആസ്ട്രേലിയയിൽ സ്ഥിര താമസത്തിനുള്ള വിസ ലഭിച്ചിരുന്നു. സ്പിൻ ബൗളിങ്ങിലെ മികച്ച പ്രകടനവുമായി പ്രൈംമിനിസ്റ്റ൪ ഇലവനിൽ ഇടം നേടിയ ഫവാദിനെ ദേശീയ സെലക്ട൪മാ൪ ശ്രദ്ധിച്ചുതുടങ്ങിയപ്പോഴാണ് പൗരത്വം പ്രശ്നമായെത്തിയത്. ഷെഫീൽഡ് ഷീൽഡിൽ വിക്ടോറിയക്കുവേണ്ടി മൂന്ന് കളിയിൽ 16 വിക്കറ്റ് സ്വന്തമാക്കി ഫവാദ് ദേശീയ ശ്രദ്ധനേടി. ഏറ്റവും ഒടുവിലായി പൗരത്വവും ലഭിച്ചതോടെ ‘ബാഗി’ ക്യാപിലേക്കുള്ള വഴിയും തുറന്നു. അഭയം നൽകിയ രാജ്യത്തിന് എന്തെങ്കിലും തിരിച്ചു നൽകാനുള്ള അവസരമെന്നാണ് ഫവാദിൻെറ പ്രതികരണം.
ഷെയ്ൻ വോൺ എന്ന ഇതിഹാസ താരത്തിൻെറ പടിയിറക്കത്തോടെ വീണുപോയ സ്പിൻ ഡിപാ൪ട്മെൻറിനെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ക്രിക്കറ്റ് ആസ്ട്രേലിയ. വോണിനു ശേഷം ഒരു ഡസനിലേറെ സ്പിന്ന൪മാ൪ ടീമിലെത്തിയെങ്കിലും സ്ഥിരതയില്ലായ്മ അലട്ടുന്നതിനിടെയാണ് ഒരു പരീക്ഷണമെന്ന നിലയിൽ ഫവാദിൻെറ വരവ്. ജൂലൈ 10 മുതലാണ് ആഷസ് പരമ്പരക്ക് തുടക്കംകുറിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.