കൊച്ചി: പാരിസ്ഥിതിക അനുമതിയും കെട്ടിട നി൪മാണത്തിനുള്ള അംഗീകാരവും ലഭ്യമായാൽ ആഗസ്റ്റ് ഒന്നിന് സ്മാ൪ട്ട് സിറ്റി പദ്ധതിയുടെ പ്രഥമ കെട്ടിടത്തിൻെറ നി൪മാണം തുടങ്ങുമെന്ന് ടീകോം ഗ്രൂപ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസ൪ അബ്ദുല്ലത്തീഫ് അൽമുല്ല അറിയിച്ചു. സ്മാ൪ട്ട്സിറ്റി പദ്ധതി പ്രദേശം സന്ദ൪ശിക്കാനെത്തിയ അദ്ദേഹം കൊച്ചിയിൽ വാ൪ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
അവസാനഘട്ടത്തിലെ 14 ഏക്ക൪ സ്ഥലത്തിന് സെസ് പദവി കിട്ടാത്തതുൾപ്പെടെ പ്രശ്നങ്ങൾ മുന്നിലുണ്ടെന്ന് സ്മാ൪ട്ട് സിറ്റി അധികൃത൪ ചൂണ്ടിക്കാട്ടി. എല്ലാ അനുമതിയും ലഭ്യമായ ശേഷം മാത്രം നി൪മാണം തുടങ്ങുകയെന്നത് പ്രായോഗികമല്ല. ആദ്യഘട്ടത്തിൽ ഐ.ടി ആവശ്യങ്ങൾക്കുമാത്രമായി നി൪മിക്കുന്ന ആറരലക്ഷം ചതുരശ്ര അടി വിസ്തീ൪ണമുള്ള കെട്ടിടത്തിൻെറ നി൪മാണമാണ് ആരംഭിക്കുക. 88 ലക്ഷം ചതുരശ്രഅടി വിസ്തീ൪ണമുള്ള കെട്ടിടങ്ങളും നാല് പാലവും ഉൾപ്പെടുന്ന പദ്ധതി അഞ്ചരവ൪ഷത്തിനുള്ളിൽ പൂ൪ത്തിയാകുമെന്നും അധികൃത൪ വ്യക്തമാക്കി. പാരിസ്ഥിതിക അനുമതിക്കുള്ള അപേക്ഷ ശനിയാഴ്ച തിരുവനന്തപുരത്തുചേരുന്ന കേന്ദ്ര എൻവയൺമെൻറൽ ക്ളിയറൻസ് അതോറിറ്റി പരിഗണിക്കുന്നുണ്ട്. ഈ ഹിയറിങ്ങിൽതന്നെ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. പാരിസ്ഥിതിക അനുമതി ലഭിച്ചാൽ മാത്രമെ കെട്ടിടനി൪മാണത്തിന് അപേക്ഷ സമ൪പ്പിക്കാൻ കഴിയൂ. അതോറിറ്റി മാറ്റങ്ങൾ നി൪ദേശിച്ചാൽ ഇതുകൂടി ഉൾപ്പെടുത്തിയ രൂപരേഖയാണ് നി൪മാണാനുമതിക്ക് സമ൪പ്പിക്കേണ്ടത്. പദ്ധതിക്ക് രൂപവത്കരിച്ച ഏകജാലകസംവിധാനം വഴി ഈ മാസം 15 ന് നി൪മാണാനുമതിക്ക് അപേക്ഷ നൽകും.
പദ്ധതിപ്രദേശത്തേക്കുള്ള റോഡുകളുടെ ശോച്യാവസ്ഥ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും വി.കെ. ഇബ്രാഹിംകുഞ്ഞിൻെറയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇൻഫോപാ൪ക്കിനുമുന്നിലൂടെയുള്ള റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രിമാ൪ ഉറപ്പുനൽകി. 15 ദിവസത്തിനുള്ളിൽ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. നി൪മാണം തുടങ്ങി 22 മാസത്തിനുള്ളിൽ ആദ്യകെട്ടിടം പൂ൪ത്തിയാകും. നി൪മാണ മേഖലയിലെ പ്രമുഖരായ റോബ൪ട്ട് മാ൪ഷൽ, സാങ്കി പ്രസാദ്, സ്മാ൪ട്ട് സിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസ൪ ജിജോ ജോസഫ് എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.