79 തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം

കോട്ടയം: ജില്ലയിലെ 79 തദ്ദേശഭരണസ്ഥാപനങ്ങളിലെ വാ൪ഷിക പദ്ധതികൾക്ക് അംഗീകാരമായി. ജില്ലാ ആസൂത്രണസമിതിയോഗത്തിൽ 18 സ്ഥാപനങ്ങളുടെ  പദ്ധതികൾക്ക് കൂടി അംഗീകാരം നൽകിയതോടെയാണ് അന്തിമഘട്ടത്തിൽ എത്തിയത്. 
15 ഗ്രാമപഞ്ചായത്തുകളുടെയും  (89.55 കോടി രൂപ)  രണ്ട് ബ്ളോക് പഞ്ചായത്തുകളുടെയും (13.74 കോടി രൂപ) പാലാ മുനിസിപ്പാലിറ്റിയുടെയും (4.88 കോടി രൂപ) പദ്ധതികൾക്കാണ് അംഗീകാരമായത്. ജില്ലയിലെ 73 ഗ്രാമ പഞ്ചായത്തുകൾ  369.95 കോടി രൂപയുടെ 11,086 പദ്ധതികളാണ് തയാറാക്കിയത്. ഇതിൽ പള്ളിക്കത്തോട് ഒഴികെ എല്ലാ ഗ്രാമപഞ്ചായത്തുകളുടെയും പദ്ധതികൾക്ക് അംഗീകാരമായി. 
11 ബ്ളോക് പഞ്ചായത്തുകളിൽ 81.64 കോടിയുടെ  725 പദ്ധതികളാണ് തയാറാക്കിയത്. പള്ളം, കടുത്തുരുത്തി, ഉഴവൂ൪, വൈക്കം, ളാലം, വാഴൂ൪  ബ്ളോക് പഞ്ചായത്തുകളുടെ പദ്ധതികൾക്കും അംഗീകാരം നൽകി. കാഞ്ഞിരപ്പളളി, ഈരാറ്റുപേട്ട,  മാടപ്പള്ളി, പാമ്പാടി, ഏറ്റുമാനൂ൪  ബ്ളോക്കുപഞ്ചായത്തുകളുടെ പദ്ധതി തയാറാക്കൽ അവസാനഘട്ടത്തിലാണ്.
കോട്ടയം,ചങ്ങനാശേരി, പാലാ, വൈക്കം നഗരസഭകൾ ആകെ 72.26 കോടി രൂപക്കുള്ള 1320 പദ്ധതികൾ തയാറാക്കി മേലുദ്യോഗസ്ഥരുടെ അംഗീകാരത്തിന് സമ൪പ്പിച്ചെങ്കിലും പാലാ നഗരസഭയുടെ പദ്ധതിക്ക് മാത്രമാണ് ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചത്. 139 പദ്ധതികളാണ് പാലാ നഗരസഭ സമ൪പ്പിച്ചത്. 
കോട്ടയം ജില്ലാ പഞ്ചായത്ത് 58 കോടി ചെലവ് പ്രതീക്ഷിക്കുന്ന 680 പ്രോജക്ടുകൾ തയാറാക്കി അംഗീകാരത്തിന് സമ൪പ്പിച്ചു. അടുത്ത ജില്ലാ ആസൂത്രസമിതിയോഗം ജൂലൈ ആറിന് മൂന്നിന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. 
വികസനഫണ്ട്, റോഡ് - റോഡിതര മെയിൻറനൻസ് ഫണ്ട് ഇനങ്ങളിലായി ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങൾക്ക് നടപ്പ് സാമ്പത്തികവ൪ഷം ലഭിക്കുന്ന വിഹിതം 380.77 കോടി രൂപയാണ്. ഇതിൽ 20 കോടി രൂപ  പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമുള്ള ലോകബാങ്ക് വിഹിതമാണ്. ഇതോടൊപ്പം സംസ്ഥാനാവിഷ്കൃത, കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് ലഭിക്കുന്ന വിഹിതവും തദ്ദേശഭരണസ്ഥാപന ങ്ങളുടെ തനതുഫണ്ടും ഉൾപ്പെടുത്തിയാണ് പദ്ധതികൾ തയാറാക്കിയത്.  ഇതിൽ 66 കോടി രൂപ പട്ടികജാതി, പട്ടിക വ൪ഗ വികസന പദ്ധതികൾക്ക് ലഭിച്ചിട്ടുള്ളതാണ്.
പദ്ധതികൾ തയാറാക്കൽ, മേലുദ്യോഗസ്ഥരുടെയും ജില്ലാ ആസൂത്രണ സമിതിയുടെയും അംഗീകാരത്തിന് സമ൪പ്പിക്കൽ തുടങ്ങിയ പ്രക്രിയകളെല്ലാം പൂ൪ണമായും ഓൺലൈൻ സംവിധാനത്തിലൂടെയാണ് ചെയ്യുന്നത്. ഇൻഫ൪മേഷൻ കേരള മിഷൻ വികസിപ്പിച്ച സോഫ്റ്റ്വെയറാണ് ഇതിനുപയോഗിക്കുന്നത്. നടപ്പ് സാമ്പത്തികവ൪ഷം മുതൽ തദ്ദേശഭരണസ്ഥാപനങ്ങൾക്ക് പദ്ധതി നി൪വഹണത്തിന് ഒമ്പതുമാസം ലഭിക്കും. കേരളത്തിൻെറ വികേന്ദ്രീകൃതാസൂത്രണത്തിൻെറ ചരിത്രത്തിൽ ആദ്യമായാണ് പദ്ധതി നി൪വഹണത്തിന് ഇത്രയും ദീ൪ഘ കാലയളവ് ലഭിക്കുന്നത്.
ആസൂത്രണസമിതി യോഗത്തിൽ സമിതി ചെയ൪പേഴ്സൺ നി൪മല ജിമ്മി, കലക്ട൪ അജിത്കുമാ൪, ജില്ലാ പ്ളാനിങ് ഓഫിസ൪ കെ.ആ൪. മോഹനൻ, അംഗങ്ങളായ സജി മഞ്ഞക്കടമ്പിൽ,  എൻ.ജെ പ്രസാദ്, ബിജു തോമസ്, മിനി ബാബു, ബീനാമ്മ ഫ്രാൻസിസ്, സാലി ജോ൪ജ്  എന്നിവ൪ പങ്കെടുത്തു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.