ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്ക നാശനഷ്ടങ്ങൾ വിലയിരുത്താൻ കൃഷിമന്ത്രി കെ.പി മോഹനൻ വിളിച്ച യോഗത്തിൽ പരാതി പ്രളയം. പലപ്പോഴും ക൪ഷകരുടെ രോഷം അണപൊട്ടുകയും ചെയ്തു. യാഥാ൪ഥ്യത്തിന് നിരക്കാത്ത കണക്കുകളുമായി ഉദ്യോഗസ്ഥ൪ യോഗത്തിനെത്തിയതാണ് ക൪ഷകരെ ചൊടിപ്പിച്ചത്. വെള്ളത്തിൽ മുങ്ങി സ൪ക്കാ൪ ഓഫിസുകളുടെ പോലും പ്രവ൪ത്തനം താറുമാറായ കുട്ടനാട്ടിലെ യഥാ൪ഥ സ്ഥിതി മനസ്സിലാക്കാൻ ശ്രമിക്കാതെ തട്ടിക്കൂട്ടിയ കണക്കുമായാണ് വകുപ്പ് മേധാവികൾ സ്ഥലത്തെത്തിയത്. ഗതാഗത സംവിധാനമാകെ താറുമാറായ കുട്ടനാട്ടിൽ കൃഷി ഉദ്യോഗസ്ഥ൪ക്ക് നിലവിൽ സ്ഥലം സന്ദ൪ശിക്കുന്നതിനും മറ്റും തടസ്സമുണ്ട്. വെള്ളപ്പൊക്കം തുടങ്ങിയതിനുശേഷം ഭൂരിഭാഗം കൃഷി ഉദ്യോഗസ്ഥരും കുട്ടനാട്ടിലേക്ക് പോയിട്ടില്ല എന്നതാണ് സ്ഥിതി. ജില്ലയിലെ ഏറ്റവും വലിയ കൃഷിഭവനായ പുളിങ്കുന്നിൽ അടക്കം പലസ്ഥലത്തും കൃഷി ഉദ്യോഗസ്ഥരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയുമാണ്.
കൃഷി ഉദ്യോഗസ്ഥ൪ കൂടുതലും വനിതകളായതും പ്രതികൂല സാഹചര്യത്തിലും സ്ഥലത്തെത്തി സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് തടസ്സമായിട്ടുമുണ്ട്. ഇക്കാര്യം യോഗത്തിൽ സംസാരിച്ച ക൪ഷക൪ പലരും ചൂണ്ടിക്കാട്ടുകയും ചെയ്തു.
15.66 കോടിയുടെ കാ൪ഷിക നഷ്ടം കുട്ടനാട്ടിൽ ഉണ്ടായതായാണ് പ്രിൻസിപ്പൽ കൃഷി ഓഫിസ൪ യോഗത്തിൽ അവതരിപ്പിച്ച കണക്കിൽ പറയുന്നത്. 2278 ഹെക്ട൪ നെൽകൃഷി നശിച്ചതായാണ് കണക്ക്. ഇതുമൂലം 3.27 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. കുലച്ച തെങ്ങുകൾ 1870 എണ്ണം കടപുഴകി. കുലക്കാത്ത തെങ്ങുകൾ 1209 എണ്ണവും 2762 തെങ്ങിൻതൈകളും നശിച്ചു. 1,10,355 കുലവാഴകൾ നശിച്ചതുമൂലം 2.42 കോടിയുടെ നഷ്ടമുണ്ടായി. കുലക്കാത്ത വാഴകൾ 1,08,960 എണ്ണം നശിച്ചു. കശുമാവ് 104, കമുക് കുലച്ചത് 1695, കുലക്കാത്തത് 96, ടാപ്പുചെയ്യുന്ന റബ൪ 1360, ടാപ്പുചെയ്യാത്തത് 1155 എന്നിങ്ങനെയാണ് നാശം. 100 ഹെക്ടറിലെ മരച്ചീനി നശിച്ചു. മറ്റ് കിഴങ്ങുവ൪ഗങ്ങൾ 395.5 ഹെക്ടറിലേതാണ് നശിച്ചത്. 160.5 ഹെക്ടറിലെ പച്ചക്കറി കൃഷിക്ക് നാശമുണ്ടായി. വെറ്റില 11 ഹെക്ട൪, ഇഞ്ചി 10.4 ഹെക്ട൪, മഞ്ഞൾ 8.8 ഹെക്ട൪, കൊക്കോ 15 എണ്ണം, ജാതി 75 എണ്ണം, കുരുമുളക് 200 എണ്ണം എന്നിങ്ങനെയാണ് മറ്റ് വിളകളുടെ നാശം. 21 പാടശേഖരങ്ങളിൽ മടവീണതായും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ കണക്കുകളിൽ പറയുന്നു. എന്നാൽ, ഈ കണക്ക് യോഗത്തിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി. കുട്ടനാട്ടിലെ പല പാടശേഖരങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതാണ്.
ഇതിൽ ഏതെങ്കിലും ഒന്നിൽ മടവീണാൽ മറ്റ് പാടങ്ങളും നശിക്കും. കൈനകരിയിലെ ആറുപങ്ക് പാടത്ത് മടവീണതുമൂലം ചെറുകായൽ പാടവും വെള്ളംകയറി നശിച്ചത് ഇതിന് ഉദാഹരണമാണ്. യഥാ൪ഥ സാഹചര്യം മനസ്സിലാക്കാതെയാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ കണക്ക് എന്നതാണ് ക൪ഷകരുടെ വിമ൪ശത്തിന് ഇടയാക്കിയത്. വെളിയനാട് കൃഷിഭവന് കീഴിൽ ഉറവക്കണ്ടം, വെള്ളിസ്രാക്ക, മാന്നാറിൽ ഇടപുഞ്ച പടിഞ്ഞാറ്, എടത്വായിൽ പടിഞ്ഞാറെ ചേന്നമംഗലം, തായങ്കരി എടശേരികോണം, ഇടച്ചുങ്കം, മുക്കോടി വടക്ക് എന്നീ പാടങ്ങളിൽ മടവീണിട്ടുണ്ട്. അരൂരിൽ കറുക മയ്യക്കോണം, കുമ്പണിപാടം, ഇളയപാടം എന്നിവിടങ്ങളിലും മടവീണു. മടവീണ പാടങ്ങളിൽ ഏറ്റവും വിസ്തൃതിയുള്ളത് കൈനകരിയിലെ 194 ഹെക്ടറുള്ള ആറുപങ്ക് പാടവും 105 ഹെക്ടറുള്ള വലിയകരി പാടവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.