അരൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം കോണ്‍ഗ്രസിന്

അരൂ൪: അരൂ൪ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം കോൺഗ്രസിനുതന്നെ. ജെ.എസ്.എസിലെ മൂന്ന് അംഗങ്ങൾ എൽ.ഡി.എഫിന് വോട്ടുചെയ്തു. കോൺഗ്രസിലെ സി.കെ. പുഷ്പനാണ് 12 വോട്ട് നേടി വിജയിച്ചത്. ജെ.എസ്.എസിലെ മൂന്ന് അംഗങ്ങളും സ്വതന്ത്രനായ ഒരംഗവും എൽ.ഡി.എഫിലെ സി.പി.ഐ സ്ഥാനാ൪ഥി എം.പി. ബിജുവിന് വോട്ടുചെയ്തു. ബിജുവിന് 10 വോട്ട് ലഭിച്ചു. രണ്ട് വോട്ടിൻെറ ഭൂരിപക്ഷത്തിലാണ് പുഷ്പൻ വിജയിച്ചത്.  സി.പി.ഐ, സി.പി.എം എന്നീ കക്ഷികൾക്ക് ആറ് അംഗങ്ങളാണുള്ളത്. യു.ഡി.എഫിൻെറ നേതൃതീരുമാന പ്രകാരം രാജിവെച്ച എച്ച്. മുനീറിന് പകരം കോൺഗ്രസിലെ സി.കെ. പുഷ്പന് ശേഷിക്കുന്ന രണ്ടരവ൪ഷം പ്രസിഡൻറ് സ്ഥാനം നൽകാമെന്നായിരുന്നു വ്യവസ്ഥ.
22 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ ജെ.എസ്.എസിൻെറ പിന്തുണയോടെ 15 അംഗ ഭൂരിപക്ഷം യു.ഡി.എഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് സമിതിക്ക് ഉണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ 11ന് ജെ.എസ്.എസിൻെറ പഞ്ചായത്തംഗവും ജെ.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ വി.കെ. ഗൗരീശനെ പഞ്ചായത്ത് ഓഫിസിൽ കയറി മ൪ദിച്ച സംഭവത്തിൽ കുറ്റക്കാരായ കോൺഗ്രസുകാരെ രക്ഷിക്കാനുള്ള കരുനീക്കങ്ങളാണ് കോൺഗ്രസ് നേതൃത്വം നടത്തിയതെന്ന് ആരോപിച്ചാണ് ജെ.എസ്.എസ് കോൺഗ്രസ് സ്ഥാനാ൪ഥിക്ക് വോട്ടുചെയ്യേണ്ടെന്ന് തീരുമാനിച്ചത്. ഇക്കാര്യത്തിൽ പാ൪ട്ടി നേതാവ് കെ.ആ൪. ഗൗരിയമ്മയുടെ സമ്മതം വാങ്ങിയിട്ടുണ്ടെന്ന് അറിയുന്നു.
സി.കെ. പുഷ്പനെതിരെ എൽ.ഡി.എഫ് ആരെ മത്സരിപ്പിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് യോഗം ചേ൪ന്നുകഴിഞ്ഞപ്പോൾ സ്ഥാനാ൪ഥിയായി സി.പി.ഐയിലെ എം.പി. ബിജുവിനെ സി.പി.എംകാരനായ എ.എ. അലക്സ് നി൪ദേശിക്കുകയായിരുന്നു. ജെ.എസ്.എസിലെ വി.കെ. ഗൗരീശൻ പിന്താങ്ങി എഴുന്നേറ്റതോടെ ജെ.എസ്.എസിൻെറ നിലപാട് വ്യക്തമായി. പിന്നീട് നടന്ന വോട്ടെടുപ്പിൽ ഒരെണ്ണംപോലും അസാധുവാകാതെ 22 വോട്ടും രേഖപ്പെടുത്തി. യു.ഡി.എഫ് 12, എൽ.ഡി.എഫ് 10 എന്നിങ്ങനെ വോട്ടുകൾ ലഭിച്ചു. 
സി.കെ. പുഷ്പൻ പ്രസിഡൻറായി വരണാധികാരി പി.ഡബ്ള്യു.ഡി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയ൪ പി.ആ൪. മഞ്ജുഷയുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ  ചെയ്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.