പത്തനംതിട്ട: സോളാ൪ തട്ടിപ്പിൽ തനിക്കും ജിക്കുവിനും സലിം രാജിനും മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫിസിലെ കൂടുതൽ പേ൪ക്ക് ബന്ധമുണ്ടെന്ന് ജോപ്പൻ ക്രൈംബ്രാഞ്ച് സംഘത്തോട് വെളിപ്പെടുത്തിയതായി സൂചന. ചില൪ തങ്ങളെ ബലിയാടാക്കുകയായിരുന്നു.
എ.ഡി.ജി.പി ഹേമചന്ദ്രന് പുറമെ ഡിവൈ.എസ്.പിമാരായ റെജി, പ്രസന്നൻ നായ൪ എന്നിവ൪ ചേ൪ന്നാണ് ജോപ്പനെ ചോദ്യം ചെയ്തത്. സരിതയും ബിജു രാധാകൃഷ്ണനും തട്ടിപ്പുകാരാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ജോപ്പൻ ആദ്യം പറഞ്ഞത്.
മുഖ്യമന്ത്രിയുടെ ഓഫിസിൽ ജോപ്പനും സരിതയും ശ്രീധരൻ നായരും തമ്മിൽ സംസാരിക്കുന്നതിൻെറ ദൃശ്യങ്ങൾ കാമറയിൽ നിന്ന് പൊലീസ് ശേഖരിച്ചിരുന്നു. ഇതും സരിതയും ബിജുവും തട്ടിപ്പുകാരാണെന്ന് ജോപ്പനെ നേരത്തെ ധരിപ്പിച്ച മുഖ്യമന്ത്രിയുടെ ഓഫിസിലെ പൊലീസുകാരുടെ മൊഴിയുടെ വിവരങ്ങളും കാട്ടിയതോടെ ജോപ്പന് ഉത്തരംമുട്ടുകയായിരുന്നു. തുട൪ന്ന് വിവരങ്ങൾ പറയാൻ ജോപ്പൻ നി൪ബന്ധിതനായി. തുകയുടെ മൂന്നിലൊന്ന് ജോപ്പന് സരിത വാഗ്ദാനം ചെയ്തിരുന്നത്രെ. പരാതിക്കാരനായ കോന്നി അട്ടച്ചാക്കൽ മല്ലേലിൽ ക്രഷ൪ ഉടമ ആ൪. ശ്രീധരൻ നായരിൽ നിന്ന് തട്ടിയ 40 ലക്ഷത്തിൽനിന്ന് എന്തെങ്കിലും വിഹിതം ജോപ്പൻ കൈപ്പറ്റിയതിന് തെളിവൊന്നും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. ജോപ്പൻ ചെക് മാറിയതിൻെറയോ ബാങ്ക് അക്കൗണ്ടിൽ തുക വന്നതിൻെറയോ വിവരവും ലഭിച്ചിട്ടില്ല.
പണമായി ജോപ്പൻ വാങ്ങിയോ എന്നാണ് ഇനി അന്വേഷിക്കുക. ശ്രീധരൻ നായ൪ മൂന്ന് ചെക്കുകൾ നൽകിയതിൽ രണ്ടെണ്ണം സരിതയും ഒരെണ്ണം താനുമാണ് കൈപ്പറ്റിയതെന്ന് ജോപ്പൻ മൊഴി നൽകി. താൻ കൈപ്പറ്റിയ ചെകും കാറിലുള്ള യാത്രാമധ്യേ സരിത വാങ്ങിയെന്നാണ് ജോപ്പൻെറ മൊഴി. സരിതയുമായുള്ള ബന്ധങ്ങളെ കുറിച്ചായിരുന്നു പൊലീസിൻെറ ചോദ്യങ്ങളേറെയും. തിങ്കളാഴ്ച ജോപ്പനെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് നീക്കം. ജയിലിൽ മുന്തിയ താമസസൗകര്യവും ആഹാരവും ചില പൊലീസുകാ൪ ജോപ്പന് ഏ൪പ്പാടാക്കിയിട്ടുണ്ട്.
മാധ്യമ പ്രവ൪ത്തകരുടെ കണ്ണുവെട്ടിക്കാനാണ് ജോപ്പനെ ജഡ്ജിയുടെ വീട്ടിൽ ഹാജരാക്കിയതെന്ന് പറയുന്നു. കോടതിവളപ്പിൽ മാധ്യമ പ്രവ൪ത്തകരോട് ജോപ്പൻ എന്തെങ്കിലും വെളിപ്പെടുത്തുമെന്ന ഭയമാണ് രഹസ്യനീക്കങ്ങൾക്ക് പിന്നിലെന്നാണ് അനുമാനിക്കപ്പെടുന്നത്. ജോപ്പൻ മാധ്യമ പ്രവ൪ത്തകരോട് സംസാരിക്കാൻ ഇടവരുത്തരുതെന്ന ക൪ശന നി൪ദേശം മുകളിൽ നിന്ന് പൊലീസിന് നൽകിയതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.