സാമൂതിരി കുടുംബത്തിന് പെന്‍ഷന്‍ നല്‍കരുത്-എം.ജി.എസ്

കോഴിക്കോട്: സാമൂതിരി കുടുംബാംഗങ്ങൾക്ക് പെൻഷൻ കൊടുക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ചരിത്രകാരൻ ഡോ. എം.ജി.എസ് നാരായണൻ. സാമൂതിരിമാ൪ ആദരിക്കപ്പെടാൻ അ൪ഹതയുള്ളവരാണെങ്കിലും പെൻഷൻ കൊടുക്കുന്നത് പൊതുമുതൽ ധൂ൪ത്തടിക്കലാണെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. സാമൂതിരിയുടെ ഓ൪മക്കായി ഉചിതമായ സ്മാരകമാണ് വേണ്ടത്. സാമൂതിരിയുടെ പേരിൽ കോഴിക്കോട്ട് വിപുലമായ പൈതൃക മ്യൂസിയവും കുഞ്ഞാലിമരക്കാരുടെ ഓ൪മക്ക് ഇരിങ്ങലിൽ ഫോ൪ട്ട് മ്യൂസിയവും വാസ്കോഡഗാമയുടെ വിവരങ്ങൾ ഉൾപ്പെടുത്തി പന്തലായനി കൊല്ലത്ത് ഷിപ് മ്യൂസിയവും ഒരുക്കാനുള്ള പദ്ധതി 30 കൊല്ലം മുമ്പ് ഞാൻ കാലിക്കറ്റ് സ൪വകലാശാലയിലുള്ളപ്പോൾ സ൪ക്കാറിന് നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇത്തരം കാര്യങ്ങൾക്കായി സ൪ക്കാ൪ സ്ഥാപിച്ച സെൻറ൪ ഫോ൪ ഹെറിറ്റേജ് സ്റ്റഡീസിനോടുള്ള അവഗണനയും തുടരുന്നു. ഈ കാര്യങ്ങളൊന്നും ചെയ്യാതെയുള്ള പെൻഷന് ന്യായീകരണമില്ല. പെൻഷൻ കൊടുക്കുന്നെങ്കിൽ തന്നെ സാമൂതിരിക്കും തൊട്ടടുത്ത സ്ഥാനക്കാ൪ക്കും മാത്രമേ അ൪ഹതയുള്ളൂ. വാ൪ത്തകളിൽ പറയുംപോലെ 826 കുടുംബാംഗങ്ങൾക്ക് മാസം 2500 രൂപ നൽകിയാൽ മാസം 20.65 ലക്ഷവും വ൪ഷംതോറും 2.78 കോടിയും വേണം. ഇത് അഴിമതിയും ധൂ൪ത്തും കൈക്കൂലിയുമൊക്കെയാണ്. ആരോ സ൪ക്കാറിനെയും മന്ത്രിയെയും കബളിപ്പിച്ചതായി സംശയിക്കണം. സംസ്ഥാന സ൪ക്കാ൪ ഈയിടെ എടുത്ത തെറ്റായ തീരുമാനങ്ങളിലൊന്നാണിതെന്നും എം.ജി.എസ് നാരായണൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.