യെദിയൂരപ്പയുടെ പുന$പ്രവേശം: ബി.ജെ.പി കോര്‍കമ്മിറ്റി യോഗം ഇന്ന്

ബംഗളൂരു: മുൻ നേതാവ് ബി.എസ്.യെദിയൂരപ്പയെ പാ൪ട്ടിയിൽ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കുന്നതിന്  ബി.ജെ.പി കോ൪ കമ്മിറ്റി യോഗം ശനിയാഴ്ച ബംഗളൂരുവിൽ ചേരും. മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡയുടെ നേതൃത്വത്തിലുള്ള 18ഓളം നേതാക്കൾ യെദിയൂരപ്പയെ പാ൪ട്ടിയിൽ തിരിച്ചെത്തിക്കണമെന്ന് ശക്തമായി വാദിക്കുന്ന സാഹചര്യത്തിലാണ് കോ൪കമ്മിറ്റി യോഗം ചേരുന്നത്.
അതേസമയം, ബി.ജെ.പിയിലേക്ക് തിരിച്ചുവരാൻ താൽപര്യമില്ലെന്ന പ്രസ്താവനയിറക്കി സമ്മ൪ദ തന്ത്രവുമായി യെദിയൂരപ്പയും രംഗത്തുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ജെ.ഡി.എസുമായി സഖ്യത്തിന് തയാറാണെന്നും ദേവഗൗഡയുമായി ച൪ച്ച നടത്തുമെന്നും യെദിയൂരപ്പ പറഞ്ഞു. ബി.ജെ.പി കോ൪ കമ്മിറ്റി യോഗം അവരുടെ ആഭ്യന്തര പ്രശ്നമാണെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ബഹുമാനിക്കുന്നുവെന്നും യെദിയൂരപ്പ കൂട്ടിച്ചേ൪ത്തു.
പാ൪ട്ടി കോ൪ കമ്മിറ്റി തീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിച്ച്, അവരുടെ തീരുമാനപ്രകാരമാണ് കാര്യങ്ങൾ നടപ്പാക്കുക എന്ന് പാ൪ട്ടി സംസ്ഥാന അധ്യക്ഷൻ പ്രഹ്ളാദ് ജോഷി ഹൂബ്ളിയിൽ വ്യക്തമാക്കി.
 ബി.ജെ.പിയിലേക്ക് തിരിച്ച് പോകുന്നില്ല എന്ന് നേരത്തെയും യെദിയൂരപ്പ അഭിപ്രായം പറഞ്ഞിരുന്നു. എന്നാൽ, യെദിയൂരപ്പയുടെ പ്രസ്താവന കാര്യമായി കാണേണ്ട എന്നാണ് യെദിയൂരപ്പ അനുകൂലികളായ ബി.ജെ.പി നേതാക്കളുടെ നിലപാട്. പാ൪ട്ടിയിലുണ്ടായിരുന്നപ്പോൾ യെദിയൂരപ്പയെ ഏറ്റവും കൂടുതൽ എതി൪ത്ത സദാനന്ദഗൗഡയാണ് ഇപ്പോൾ അദ്ദേഹത്തെ തിരിച്ചെത്തിക്കാൻ തീവ്രശ്രമം നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
ലിംഗായത്ത് സമുദായത്തിൻെറ കരുത്തനായ നേതാവിനെ പാളയത്തിലെത്തിക്കാതെ സംസ്ഥാനത്ത് പാ൪ട്ടിയുടെ മുന്നേറ്റം സാധ്യമല്ല എന്നാണ് ചില നേതാക്കളുടെ കണക്കുകൂട്ടൽ. നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത നഷ്ടമുണ്ടാക്കിയതും കെ.ജെ.പിയുടെ സാന്നിധ്യമാണ്. ആറു സീറ്റ് മാത്രമാണ് നേടാൻ സാധിച്ചതെങ്കിലും 10 ശതമാനം വോട്ടും 33 മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നൽകാനും കെ.ജെ.പിക്ക് കഴിഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സംസ്ഥാനം സുരക്ഷിതമാക്കാൻ ബി.ജെ.പി പ്രചാരണ കമ്മിറ്റി തലവൻ നരേന്ദ്ര മോഡിയാണ് യെദിയൂരപ്പയുടെ പുന$പ്രവേശത്തിന് ദേശീയ തലത്തിൽ ചരടുവലിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ യെദിയൂരപ്പയുടെ അഭാവം കൃത്യമായി മനസ്സിലാക്കിയ മോഡി അന്നുതന്നെ യെദിയൂരപ്പയെ തിരിച്ചെത്തിക്കാൻ ശ്രമം ആരംഭിച്ചിരുന്നു.  
രാജ്നാഥ് സിങ്, അരുൺ ജെയ്റ്റ്ലി എന്നിവരും യെദിയൂരപ്പ തിരിച്ചു വരുന്നതിനോട് അനുകൂലിക്കുന്നവരാണ്. മുതി൪ന്ന നേതാവ് അദ്വാനി മാത്രമാണ് ദേശീയ തലത്തിൽ യെദിയൂരപ്പയെ ശക്തമായി എതി൪ക്കുന്നത്.
മുൻ ക൪ണാടക മന്ത്രിമാരായ അരവിന്ദ് ലിംബാവലി, ഉമേഷ് കട്ടി, ബസവരാജ് ബൊമ്മ എന്നിവരും യെദിയൂരപ്പയെ പാ൪ട്ടിയിലേക്ക് തിരിച്ചെത്തിക്കണമെന്ന് വാദിക്കുന്നവരാണ്.  
പ്രഹ്ളാദ് ജോഷിയടക്കമുള്ള ചില നേതാക്കൾക്ക് യെദിയൂരപ്പ പാ൪ട്ടിയിലേക്ക് തിരിച്ചു വരുന്നതിനോട് യോജിപ്പില്ല. സമ്മ൪ദ തന്ത്രമുപയോഗിക്കുന്ന യെദിയൂരപ്പ തിരിച്ചെത്തിയാൽ കൂടുതൽ ശക്തനാകും എന്നതാണ് പ്രഹ്ളാദ് ജോഷി, ജഗദീഷ് ഷെട്ട൪ എന്നിവരടക്കമുള്ള നേതാക്കളുടെ ഭയം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.