കോണ്‍ഫെഡറേഷന്‍ കപ്പ്: രണ്ടാം സെമി ഇന്ന്

ഫോ൪ട്ടലേസ (ബ്രസീൽ): ഒരു വ൪ഷം മുമ്പ് യുക്രെയ്ൻ തലസ്ഥാനമായ കിയേവിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ സ്പാനിഷ് അ൪മഡയുടെ പടയോട്ടത്തിൽ തക൪ന്നു തരിപ്പണമായ യൂറോപ്യൻ സ്വപ്നങ്ങൾ അസൂറികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുകയാണിപ്പോൾ. മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് നാണംകെട്ടതിനൊപ്പം കൈവിട്ടുപോയത് വൻകരയുടെ ചാമ്പ്യന്മാ൪ക്കുള്ള യൂറോകപ്പായിരുന്നു. കിരീടമോഹങ്ങൾ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായെങ്കിലും പക്ഷേ, അന്നൊരു ആനുകൂല്യം കിട്ടിയിരുന്നു ഇറ്റലിക്ക്. വൻകരയുടെ ചാമ്പ്യനാവാൻ പറ്റിയില്ലെങ്കിലും ബ്രസീലിൽ നടക്കുന്ന അടുത്ത കോൺഫെഡറേഷൻസ് കപ്പിൽ കളിക്കാമെന്നതായിരുന്നു അത്. സ്പെയിൻ വിശ്വജേതാക്കൾ കൂടിയായതിനാൽ, യൂറോപ്പിൻെറ പ്രതിനിധികളായി കോൺഫെഡറേഷൻസ് കപ്പിനെത്തിയ ഇറ്റലി കളിച്ചുജയിച്ച് ഇന്ന് സെമിഫൈനലിൽ അണിനിരക്കുകയാണ്. അന്ന് കിയേവിൽ തങ്ങളെ തക൪ത്തുവിട്ട അതേ സ്പെയിനിനെതിരെ. ഫോ൪ട്ടലേസയിലെ പ്ളാസിഡോ അഡെറാൾഡോ സ്റ്റേഡിയത്തിൽ രണ്ടാം സെമിഫൈനലിന് ബൂട്ടുകെട്ടിയിറങ്ങുമ്പോൾ മധുരപ്രതികാരമാകും ഇറ്റലിയെ മോഹിപ്പിക്കുന്നത്.
പക്ഷേ, അതത്ര എളുപ്പമാവില്ലെന്ന് നന്നായറിയുന്നത് ഇറ്റലി കോച്ച് സെസാ൪ പ്രാൻഡെല്ലിക്കു തന്നെയാണ്. ‘സ്പെയിനിനെ തോൽപിക്കണമെങ്കിൽ നിങ്ങൾ രണ്ടു പന്തുമായി കളിക്കേണ്ടി വരും’ എന്ന് പ്രാൻഡെല്ലി തമാശയായി മാധ്യമപ്രവ൪ത്തകരോട് പറഞ്ഞത് എതിരാളികളുടെ പാസിങ് ഗെയിമിൻെറ കരുത്തറിയുന്നതുകൊണ്ടു തന്നെയാണ്. ‘അവരിൽനിന്ന് പന്തു തട്ടിയെടുക്കുക എന്നത് അങ്ങേയറ്റം ശ്രമകരമാണ്. സ്പെയിൻ തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ച ടീം. അതവ൪ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. മികച്ച ഫോമിൽ നിൽക്കുമ്പോൾ അവരെ കീഴടക്കുക അസാധ്യം തന്നെയാവും. എങ്കിലും സ്പെയിനിനെ നേരിടുമ്പോൾ എതി൪ത്തുനിൽക്കാനുള്ള ആഗ്രഹം എന്നിലുണ്ട്. പുതിയതെന്തെങ്കിലും പരീക്ഷിക്കാനും തന്ത്രങ്ങൾ തേച്ചുമിനുക്കാനുമുള്ള വേളയാണത്.’-പ്രാൻഡെല്ലി പറയുന്നു.
ഗ്രൂപ് ‘ബി’യിൽ കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് സ്പെയിൻ സെമിയിലെത്തിയത്. ഉറുഗ്വായിയെ 2-1ന് മറികടന്ന അവ൪ താഹിതിയെ 10-0ത്തിനും നൈജീരിയയെ 3-0ത്തിനും ആധികാരികമായി കീഴടക്കി. സ്ട്രൈക്ക൪മാരായ ഫെ൪ണാണ്ടോ ടോറസും ഡേവിഡ് വിയ്യയും ഫോമിലെത്തിയത് ലോക ജേതാക്കൾക്ക് കരുത്തു പകരുന്നുണ്ട്.
ഗ്രൂപ് ‘ബി’യിൽ മെക്സികോ, ജപ്പാൻ ടീമുകൾക്കെതിരെ ജയിച്ചുകയറിയ അസൂറിപ്പട അവസാന മത്സരത്തിൽ ആതിഥേയരായ ബ്രസീലിനെതിരെ 4-2ന് കീഴടങ്ങിയിരുന്നു. മുൻനിര ഫോമിലെത്തിയിട്ടുണ്ടെങ്കിലും പ്രതിരോധം അസ്ഥിര പ്രകടനം പുറത്തെടുക്കുന്നതാണ് ഇറ്റലിയെ കുഴക്കുന്നത്. നി൪ണായക ഗോളുമായി രണ്ടു മത്സരങ്ങളിൽ അവസരത്തിനൊത്തുയ൪ന്ന സ്റ്റാ൪ സ്ട്രൈക്ക൪ മാരിയോ ബലോട്ടെല്ലി പരിക്കുകാരണം നാട്ടിലേക്ക് മടങ്ങിയത് ഇറ്റലിക്ക് തിരിച്ചടിയാവും.

ടീം വ൪ക്കിൻെറ ഗോൾവേട്ട
മുൻനിരയിൽ എല്ലാവരും ഗോളടിക്കുന്നുവെന്നതാണ് സ്പെയിനിന് പ്രതീക്ഷയേകുന്ന ഘടകം. ഒരു സ്ട്രൈക്കറെ മാത്രം ആശ്രയിച്ചല്ല ടൂ൪ണമെൻറിൽ അവരുടെ കുതിപ്പ്. നൈജീരിയക്കെതിരെ രണ്ടു ഗോളുകൾ നേടിയത് ഫുൾബാക്ക് പൊസിഷനിൽനിന്ന് കയറിയെത്തിയ ജോ൪ഡി ആൽബയായിരുന്നു. മധ്യനിരയിൽ ബാഴ്സലോണയുടെ സാവി, ആന്ദ്രേ ഇനിയസ്റ്റ, സെ൪ജിയോ ബുസ്ക്വെ്സ് ത്രയം സ്വതസിദ്ധമായ ശൈലിയിൽ ചരടുവലിച്ചാൽ ഇറ്റലിയുടെ ഡിഫൻസീവ് തന്ത്രങ്ങൾക്കൊന്നും അവരെ പിടിച്ചുകെട്ടാൻ കഴിഞ്ഞെന്നുവരില്ല.
പരിക്കുകാരണം സാബി അലോൻസോ സ്പെയിൻ നിരയിൽ കളിക്കില്ല. പരിക്കേറ്റ റോബ൪ട്ടോ സൊൾഡാഡോ, സെസ് ഫാബ്രിഗസ് എന്നിവരും പരിക്കിനെത്തുട൪ന്ന് പുറത്തിരുന്നേക്കും. ഇരുവരും കഴിഞ്ഞദിവസം പരിശീലനത്തിനിറങ്ങിയില്ല. സൊൾഡോഡോക്ക് പകരം ടോറസും ഫാബ്രിഗസിന് പകരം യുവാൻ മാറ്റയോ ഡേവിഡ് സിൽവയോ പ്ളേയിങ് ഇലവനിലെത്തിയേക്കും. നൈജീരിയക്കെതിരായ മത്സരത്തിൽ പരിക്കേറ്റെങ്കിലും ഡിഫൻഡ൪ ജെറാ൪ഡ് പിക്വെസെമിയിൽ തുടക്കംമുതൽ ബൂട്ടണിയും. ഗ്രൂപ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിൽ മൂന്ന് വ്യത്യസ്ത ഗോളിമാരെ പരീക്ഷിച്ച സ്പെയിൻ കോച്ച് വിസെൻറെ ഡെൽ ബോസ്ക് സെമിയിൽ റയൽ മഡ്രിഡ് ക്യാപ്റ്റൻ ഇകേ൪ കസീയസിനെ രംഗത്തിറക്കാനാണ് സാധ്യത.

ബലോട്ടെല്ലിയില്ലാതെ ഇറ്റലി
ബലോട്ടെല്ലിക്കു പകരം അറ്റാക്കിങ്ങിൽ ആൽബ൪ട്ടോ ഗിലാ൪ഡിനോയെ രംഗത്തിറക്കാനാണ് പ്രാൻഡെല്ലിയുടെ ആലോചന. സസ്പെൻഷനും പരിക്കും മാറി ഡാനിയേല ഡി റോസിയും ആന്ദ്രി പി൪ലോയും മടങ്ങിയെത്തുന്നത് നീലപ്പടയുടെ മധ്യനിരക്ക് ഉണ൪വു പകരും. യുവൻറസ് താരങ്ങൾ അണിനിരക്കുന്ന ബാക്ക് ലൈനിൽ വിങ് ബാക്കുകളായി ക്രിസ്റ്റ്യൻ മാജിയോയും ഇമ്മാനുവലെ ഗിയാചെറീനിയും പ്ളേയിങ് ഇലവനിലുണ്ടാകും. ബാറിനു കീഴിൽ അതിപ്രഗല്ഭനായ  ജിയാൻലൂയിജി ബുഫണിൻെറ സാന്നിധ്യമാണ് സ്പെയിനിൻെറ അശ്വമേധത്തിനിടയിലും പിടിച്ചുനിൽക്കാൻ ഇറ്റലിക്ക് പ്രതീക്ഷ നൽകുന്ന മുഖ്യഘടകം.

ചരിത്രം ഒപ്പത്തിനൊപ്പം
വിജയസാധ്യതയിൽ ഏറെ മുന്നിൽ സ്പെയിൻ ആണെങ്കിലും 1924നു ശേഷം രാജ്യാന്തര മത്സരങ്ങളിൽ ഇരുടീമും ഇതുവരെ 27 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമും എട്ടു മത്സരങ്ങളിൽ വീതം ജയിച്ചു. 11 കളികൾ സമനിലയിലായി.

സാധ്യതാ ടീമുകൾ
സ്പെയിൻ: ഇകേ൪ കസീയസ്, ആൽവാരോ ആ൪ബലോവ, സെ൪ജിയോ റാമോസ്, ജെറാ൪ഡ് പിക്വെ ജോ൪ഡി ആൽബ, സാവി, സെ൪ജിയോ ബുസ്ക്വെ്സ്, ആന്ദ്രേ ഇനിയസ്റ്റ, പെഡ്രോ, ഫെ൪ണാണ്ടോ ടോറസ്, ഡേവിഡ് സിൽവ.
ഇറ്റലി: ജിയാൻ ലൂയിജി ബുഫൺ, ആന്ദ്രി ബ൪സാഗ്ളി, ജിയോ൪ജിയോ ചീലിനി, ക്രിസ്റ്റ്യൻ ബൊനൂച്ചി, ക്രിസ്റ്റ്യൻ മാജിയോ, ആന്ദ്രി പി൪ലോ, ഡാനിയേലെ ഡി റോസി, ഇമ്മാനുവലെ ഗിയാചെറീനി, അൻേറാണിയോ കാൻഡ്രേവ, ക്ളോഡിയോ മാ൪ച്ചിസിയോ, ആൽബ൪ട്ടോ ഗിലാ൪ഡിനോ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.