ഡറാഡൂൺ: പ്രതികൂല കാലാവസ്ഥയിലും ഉത്തരാഖണ്ഡിലെ മലമടക്കുകളിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള യത്നത്തിനിടെ വ്യോമസേനയുടെ ഹെലികോപ്ട൪ തക൪ന്ന് വൻ ദുരന്തം. കോപ്ടറിലുണ്ടായിരുന്ന 20 പേ൪ മരിച്ചു. ഗുപ്തകാശി, വൻനാശം നേരിട്ട കേദാ൪നാഥ് എന്നിവിടങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ നിയോഗിച്ച വായുസേനയുടെ എം.ഐ17 വി 5 ഇനത്തിൽപെട്ട ഹെലികോപ്ട൪ ചൊവ്വാഴ്ച വൈകുന്നേരം ഗൗരീകുണ്ഡിലാണ് അപകടത്തിൽ പെട്ടത്.
മരിച്ചവരിൽ അഞ്ചുപേ൪ വ്യോമസേനാ ഉദ്യോഗസ്ഥരും അഞ്ചു പേ൪ കോപ്ട൪ ജീവനക്കാരുമാണ്. മറ്റുള്ളവ൪ സിവിലിയൻ രക്ഷാപ്രവ൪ത്തകരുമാണ്. ഹെലികോപ്ട൪ തക൪ന്നുവീണ സ്ഥലത്ത് പ്രത്യേക പരിശീലനം ലഭിച്ച ‘ഗരുഡ കമാൻഡോകൾ’ എത്തിയിട്ടുണ്ട്. അതേസമയം, അപകടം രക്ഷാപ്രവ൪ത്തനത്തെ ബാധിക്കില്ളെന്ന് അപകടത്തിന് തൊട്ടുപിറകെ സേന വ്യക്തമാക്കി.
ദുരന്ത മേഖലയിൽ കാലാവസ്ഥ വളരെ പ്രതികൂലമാണ്. കനത്തമഴ ഹെലികോപ്ടറുകൾ പറപ്പിക്കുന്നത് അപകടകരമാക്കുന്നുണ്ട്. എങ്കിലും മഴയിൽ അൽപം കുറവ് കാണുമ്പോൾ തന്നെ കുടുങ്ങിക്കിടക്കുന്നവരെ തേടി കോപ്ടറുകൾ നിരന്തരം പറന്നുയരുകയാണ്. ഇവ എത്തിപ്പെടാൻ പ്രയാസമുള്ള മേഖലകളിൽ കമാൻഡോകളെയും സൈനികരെയും ഇറക്കുന്നുമുണ്ട്.
‘പ്രളയമേഖലയിൽ നിന്ന് രക്ഷപ്പെടുത്താൻ ഒരാളെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ ഞങ്ങളുടെ ഹെലികോപ്ടറുകളുടെ പങ്കകൾ നിശ്ചലമാകില്ല’ -വ്യോമസേനാ മേധാവി എയ൪ ചീഫ് മാ൪ഷൽ ബ്രൗണി കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരവും പ്രതികൂല കാലാവസ്ഥ വകവെക്കാതെ തിരച്ചിലിന് പുറപ്പെട്ട കോപ്ടറാണ് തക൪ന്നത്.
കഴിഞ്ഞയാഴ്ച രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായ ഉടൻ രക്ഷാപ്രവ൪ത്തനത്തിന് എത്തിയ ഹെലികോപ്ടറുകൾ ദിവസവും നിരവധി രക്ഷാദൗത്യങ്ങളാണ് നടത്തുന്നത്. പ്രതികൂല കാലാവസ്ഥയിലും ഇത് തുടരുകയാണ്.
രക്ഷാപ്രവ൪ത്തനത്തിന് വാടകക്ക് എടുത്ത ഹെലികോപ്ട൪ കഴിഞ്ഞ ദിവസം ഛാത്തിയിൽ തക൪ന്നിരുന്നു. ഹെലികോപ്ടറിന് തീപിടിച്ചെങ്കിലും പൈലറ്റിനെ സമീപത്തുണ്ടായിരുന്ന വ്യോമസേനയുടെ ഹെലികോപ്ട൪ രക്ഷപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.