സരോജിനിയമ്മ വായിച്ച് സമ്മാനംനേടി; ‘പുരാണേതിഹാസ’ത്തില്‍ എല്ലാവര്‍ക്കും നാക്കുടക്കി

കൊല്ലം: ‘ഇരുപത് പൈസക്ക് പച്ചക്കറി വാങ്ങി മടങ്ങുന്ന ആ വൃദ്ധയെ ഒരു മെഴ്സിഡസ് കാ൪ തള്ളിയിട്ടു. അവ൪ക്ക് വലതുകാൽ ചതഞ്ഞരഞ്ഞതായി തോന്നി. പക്ഷേ ‘അയ്യോ...’ എന്ന് നിലവിളിക്കാൻ നാവുയ൪ന്നില്ല, വേദനകൊണ്ട് മരവിച്ചിരുന്നു’. 79 വയസ്സിൻെറ അവശതക്കിടയിലും അക്ഷരവെളിച്ചമാ൪ജിച്ചതിൻെറ ആവേശത്തിൽ സരോജിനിയമ്മ വായിച്ചുതുടങ്ങിയപ്പോൾ സദസ്സ് നിശബ്ദമായി. കാറിടിച്ചിട്ട  വൃദ്ധയുടെ ദയനീയഭാവങ്ങളെ ശബ്ദത്തിലൂടെ പുനരവതരിപ്പിച്ച് ഒഴുക്കോടെയായിരുന്നു വായന. നിശ്ചയിച്ച അഞ്ച് മിനിറ്റിനുള്ളിൽ പറഞ്ഞ ഭാഗം അക്ഷരത്തെറ്റില്ലാതെ വായിച്ചുതീ൪ത്തപ്പോൾ സദസ്സിൽ നിലയ്ക്കാത്ത കൈയടി. തലയുയ൪ത്തി പുഞ്ചിരിയോടെ ഇരിപ്പിടത്തിലേക്ക് മടങ്ങുമ്പോൾ മുഖത്ത് നിറഞ്ഞത് കഠിനാധ്വാനത്തിലൂടെ നേടിയ അഭിമാനം. 
ജില്ലാ സാക്ഷരതാമിഷൻ, ഇൻഫ൪മേഷൻ ആൻഡ് പബ്ളിക് റിലേഷൻ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്തിൽ വായനവാരാചരണത്തിൻെറ ഭാഗമായി സംഘടിപ്പിച്ച വായനമത്സരത്തിലായിരുന്നു ഈ വയോധികയുടെ വിസ്മയപ്രകടനം.  എതിരാളികളില്ലാതിരുന്ന മത്സരത്തിൽ സമ്മാനവും കരസ്ഥമാക്കിയായിരുന്നു മടക്കം. നാല്, ഏഴ്, 10 തുല്യതയുടെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളിലായിരുന്നു മത്സരം. നാലാംതരം തുല്യതാവിഭാഗത്തിലാണ് സരോജിനിയമ്മ മത്സരിച്ചത്. ഏഴാം ക്ളാസുകാരുടെ പാഠപുസ്തകത്തിൽ ‘അമ്മ’ എന്ന അധ്യായമാണ് വായിക്കാൻ നൽകിയത്. ‘പുരാണേതിഹാസം’ എന്ന വാക്കിലാണ് മത്സരാ൪ഥികൾ അധികവും തട്ടിവീണത്.  മൂന്ന് വിഭാഗങ്ങളിലുമായി 52 പേരാണ് മത്സരിക്കാനുണ്ടായിരുന്നത്. അധികവും സ്ത്രീകൾ. ഏഴാംതരം തുല്യതാ വിഭാഗത്തിൽ കൊല്ലം സ്വദേശി കമലമ്മ, ത്വാഹ എന്നിവ൪ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. പട്ടാഴിയിൽ നിന്നെത്തിയ ഗോപാലകൃഷ്ണനാണ് മൂന്നാംസ്ഥാനം. പത്താംതരം തുല്യതാ വിഭാഗത്തിൽ കൊല്ലം സ്വദേശി  ക്ളീറ്റസ്, പുനലൂ൪ സ്വദേശിനി രേഖാ മോഹൻ, മയ്യനാട് സ്വദേശിനി സുജി മോൾ എന്നിവ൪ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എസ്. ജയമോഹൻ വായനമത്സരം ഉദ്ഘാടനം ചെയ്തു. എസ്.എൽ. സജികുമാ൪ അധ്യക്ഷതവഹിച്ചു. ബിജു.കെ. മാത്യു, അഡ്വ.സി.പി. സുധീഷ്കുമാ൪, അഡ്വ. സഫറുല്ലാ ഖാൻ എന്നിവ൪ പങ്കെടുത്തു. സാക്ഷരാതാ മിഷൻ ജില്ലാ കോഓഡിനേറ്റ൪ എസ്.പി. ഹരിഹരൻ ഉണ്ണിത്താൻ സ്വാഗതവും മുരുകദാസ് നന്ദിയും പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.