കോന്നി: തണ്ണിത്തോട് ഗ്രാമപഞ്ചായത്തിൽ രണ്ട് ദിവസമായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡൻറിൻെറ നേതൃത്വത്തിൽ കോന്നി ഇലക്ട്രിസിറ്റി അസിസ്റ്റൻറ് എൻജിനീയറെ ഉപരോധിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തിന് മുമ്പ് പ്രശ്നം പരിഹരിക്കാമെന്ന അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു. ഇതിനിടെ, എൻജിനീയറുടെ ആവശ്യപ്രകാരം എത്തിയ കോന്നി പൊലീസ് പഞ്ചായത്ത് പ്രസിഡൻറിനോടും വനിത അംഗങ്ങളോടും മോശമായി പെരുമാറിയത് വാക്കേറ്റത്തിന് കാരണമായി.
മലയോരപ്രദേശമായ തണ്ണിത്തോട്, തേക്കുതോട്, കരിമാൻതോട്, തൂമ്പാക്കുളം, പൂച്ചക്കുളം, പറക്കുളം, മേക്കണ്ണം അടക്കം നിരവധി പ്രദേശങ്ങൾ രണ്ട് ദിവസമായി ഇരുട്ടിലാണ്. തണ്ണിത്തോട്ടിലേക്ക് എത്തുന്ന 11 കെ.വി ലൈനിൽ മരങ്ങൾ ഒടിഞ്ഞുവീഴുന്നതാണ് വൈദ്യുതി തടസ്സത്തിന് കാരണമെന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥ൪ പറഞ്ഞു. കോന്നിയിൽനിന്ന് തണ്ണിത്തോട്ടിലേക്കുള്ള വൈദ്യുതി ലൈൻ 10 കി.മീറ്ററോളം വനത്തിൽ കൂടിയാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ തകരാ൪ പരിഹരിക്കാൻ ദിവസങ്ങൾ വേണ്ടിവരുന്നു. കോന്നിയിൽനിന്ന് തണ്ണിത്തോട്ടിലേക്കുള്ള പ്രധാന റോഡിൽ കൂടി ലൈൻ വലിച്ചാൽ ഇപ്പോഴുള്ള പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ജെ. ജയിംസ് പറഞ്ഞു.
തണ്ണിത്തോട് പഞ്ചായത്തിലെ തെരുവുവിളക്കുകൾ തെളിക്കുന്നതിന് വൈദ്യുതി വകുപ്പിൽ 10 ലക്ഷം രൂപ അടച്ചിട്ടും നടപടി ആയില്ല. തെളിയാത്ത ലൈറ്റിനും പണം വാങ്ങുന്നു. വൈദ്യുതി പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് പ്രസിഡൻറ് പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീജ സോമരാജൻ, പി.ആ൪. രാമചന്ദ്രപിള്ള, ഷേ൪ലി വ൪ഗീസ്, വിജിത വിജയൻ, കെ.ആ൪. ഹരി, പ്രഹ്ളാദൻ എന്നിവ൪ സമരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.