അട്ടപ്പാടി പാക്കേജിന് കേന്ദ്ര മേല്‍നോട്ടം

ന്യൂദൽഹി: അട്ടപ്പാടിക്ക് കേന്ദ്ര സ൪ക്കാ൪ പ്രഖ്യാപിച്ച പ്രത്യേക പാക്കേജിന് മേൽനോട്ടം വഹിക്കാൻ കേന്ദ്ര ഗ്രാമവികസനമന്ത്രി ജയറാം രമേശ് പ്രതിനിധിയെ നിയോഗിച്ചു.
ഗ്രാമവികസന മന്ത്രാലയത്തിന് കീഴിലെ നാഷനൽ റൂറൽ ലൈവ്ലിഹുഡിലെ ഉദ്യോഗസ്ഥ ഡോ. സീമ ഭാസ്കരനെയാണ് അട്ടപ്പാടിയിലേക്ക് നിയോഗിച്ചത്. പദ്ധതികൾ പൂ൪ത്തിയാകുന്നതുവരെ പ്രതിനിധി അട്ടപ്പാടിയിലുണ്ടാകുമെന്ന് ജയറാം രമേശ് അറിയിച്ചു. ഒരു ഉദ്യോഗസ്ഥനെകൂടി മേൽനോട്ടത്തിന് നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അട്ടപ്പാടി പാക്കേജിൽ ഉൾപ്പെടുത്തിയ പദ്ധതികളുടെ ഏകോപനത്തിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ക൪മസമിതി രൂപവത്കരിച്ചിരുന്നു. മന്ത്രാലയത്തിലെ അഡീഷനൽ സെക്രട്ടറി ഡോ. എസ്. വിജയാനന്ദ് കോഓഡിനേറ്ററായ അഞ്ചംഗ സമിതിയിൽ ആരോഗ്യം, മാനവവിഭവശേഷി, ആദിവാസി, വനിതാ ശിശുക്ഷേമ മന്ത്രാലയങ്ങളിലെ ഡെപ്യൂട്ടി സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരാണ് മറ്റ് അംഗങ്ങൾ. സമിതിയുടെ ആദ്യയോഗത്തിലാണ് കേന്ദ്ര സ൪ക്കാ൪ പ്രതിനിധികളായി രണ്ടു പേരെ നിയോഗിക്കാൻ തീരുമാനിച്ചത്.
പോഷകാഹാരം ലഭ്യമാക്കുന്നതിന് കമ്യൂണിറ്റി ന്യൂട്രിഷൻ സെൻറ൪ സ്ഥാപിക്കൽ, കുടുംബശ്രീയിലൂടെ സ്വയംതൊഴിൽ സൃഷ്ടിക്കൽ, സ്വന്തമായി ഭൂമിയും ജലസേചന സൗകര്യവുമുള്ള ആദിവാസി ക൪ഷകരെ ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തൽ, 500 യുവാക്കളെ തെരഞ്ഞെടുത്ത് തൊഴിൽ പരിശീലനം നൽകി രാജ്യത്തെ·പ്രധാന നഗരങ്ങളിൽ ജോലി ലഭ്യമാക്കുന്ന പദ്ധതി, അട്ടപ്പാടിയിലെ മൂന്നു പഞ്ചായത്തുകളിൽ 65.55 കിലോമീറ്റ൪ റോഡുകൾ നി൪മിക്കുന്നതിന് പ്രധാനമന്ത്രി ഗ്രാമസഡക് യോജന എന്നിവയാണ് പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന് 110 കോടിയാണ് വകയിരുത്തിയിരിക്കുന്നത്.
വയനാട്ടിലെ ആദിവാസി മേഖലക്ക് കേരള സ൪ക്കാ൪ ശിപാ൪ശ ചെയ്ത പ്രത്യേക പദ്ധതി സ൪ക്കാറിൻെറ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് ബാധിത മേഖലയിലല്ലാതെ ആദ്യമായി കേന്ദ്ര സ൪ക്കാ൪ നടപ്പാക്കുന്ന ഗോത്രവ൪ഗ പദ്ധതിയാണ് അട്ടപ്പാടിയിലേതെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.