ന്യൂദൽഹി: നരേന്ദ്ര മോഡിയുടെ രക്ഷാപ്രവ൪ത്തന നാടകം പൊളിഞ്ഞതിന് പിറകെ ഉത്തരാഖണ്ഡ് ദുരന്തം ആയുധമാക്കാൻ കോൺഗ്രസും രംഗത്ത്.
ഉത്തരാഖണ്ഡിൽ പോയി ഒരു ദിവസം കൊണ്ട് 15,000 ഗുജറാത്തികളെ രക്ഷിച്ച് നാട്ടിലെത്തിച്ചെന്ന മോഡിയുടെ അവകാശവാദം പൊളിഞ്ഞതിന് പിറകെ ഭക്ഷ്യവസ്തുക്കളടങ്ങുന്ന ദുരിതാശ്വാസ സഹായവുമായി കോൺഗ്രസ് രാഹുൽ ഗാന്ധിയെ ഡറാഡൂണിലേക്ക് വിട്ടു. മോഡിയുടെ നാടകത്തെ രൂക്ഷമായി പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. അമാനുഷിക കഥാപാത്രമായ ‘റാംബോ’യെ പോലെ ഉത്തരാഖണ്ഡിൽ പറന്നുവന്ന് 15,000 തീ൪ഥാടകരെയും കൊണ്ട് മടങ്ങിയെന്ന വാദം ഇമ്മാതിരി ഒരു വ്യക്തിക്ക് യോജിച്ചതല്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി അജയ് മാക്കൻ വിമ൪ശിച്ചു. ഒരു പടികൂടി കടന്ന കേന്ദ്രമന്ത്രി മനീഷ് തിവാരി ആരെങ്കിലും റാംബോ ആകാൻ വിചാരിച്ചാലും രണ്ടുദിവസം കൊണ്ട് ഇത്തരം രക്ഷാപ്രവ൪ത്തനം സാധ്യമല്ലെന്നും പറഞ്ഞു. ദുരന്തങ്ങളെ പോലും വിലകുറഞ്ഞ രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്ന മോഡിയുടെ അവസരവാദമാണ് ഇതിൽ പ്രതിഫലിച്ചതെന്നും തിവാരി കുറ്റപ്പെടുത്തി.
എന്നാൽ മോഡിയെ വിമ൪ശിച്ച കോൺഗ്രസ് ഉത്തരാഖണ്ഡ് പ്രളയം വോട്ടാക്കാൻ നടത്തിയ നീക്കങ്ങളാണ് പിന്നീട് കണ്ടത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും തിങ്കളാഴ്ച മാധ്യമങ്ങളെ വിളിച്ചുവരുത്തി ഉത്തരാഖണ്ഡിലേക്കുള്ള സാധനസാമഗ്രികൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ഫ്ളാഗ്ഓഫ് ചെയ്തു. ശേഷം സ്ഥിതി വിലയിരുത്താൻ സോണിയ രാഹുലിനെ ഡറാഡൂണിലേക്ക് വിടുകയും ചെയ്തു. രണ്ട് കാബിനറ്റ് മന്ത്രിമാരെ ഏകോപനച്ചുമതല ഏൽപിച്ച ശേഷമാണ് കോൺഗ്രസിൻെറ രാഷ്ട്രീയ നാടകം. എല്ലാവരും ഒരുമിച്ചുനിന്ന് ദുരിതാശ്വാസപ്രവ൪ത്തനങ്ങൾ നടത്തേണ്ട സമയമാണെന്ന് പറഞ്ഞ് സംയമനം പാലിച്ച ബി.ജെ.പിയും കോൺഗ്രസും സഹിഷ്ണുത വെടിഞ്ഞതോടെ ഉത്തരാഖണ്ഡ് പ്രളയം പൊതുതെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ ആയുധമായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.