പഴയങ്ങാടി: മാടായി നീരൊഴുക്കും ചാലിൽ നിന്ന് തലച്ചുമടായി മണലെടുക്കുന്ന സ്ത്രീകളെ പൊലീസ് തടയാത്തതിൽ പ്രതിഷേധിച്ച് പഴയങ്ങാടി പൊലീസ് സ്റ്റേഷനു മുന്നിൽ സമരം നടത്തുന്ന ജസീറ തലശ്ശേരി മഹിള മന്ദിരത്തിൽ നിന്നിറങ്ങി വീണ്ടും പഴയങ്ങാടി പൊലീസ് സ്റ്റേഷൻെറ മുന്നിലെ റോഡിൽ പ്രതിഷേധ സമരം തുടരുന്നു. കഴിഞ്ഞ 14ന് 11 മണിക്ക് പഴയങ്ങാടി പൊലീസ് സ്റ്റേഷനു മുന്നിലാണ് പ്രതിഷേധ സമരം തുടങ്ങിയത്. 15 മാസം പ്രായമുള്ള മകൻ മുഹമ്മദും 12കാരി മകൾ റിസ്വാനയും കൂടെയുണ്ട്.
സമരത്തിൻെറ നാലാം നാൾ ‘മാധ്യമം’ വാ൪ത്തയെ തുട൪ന്ന് ചൈൽഡ് ലൈനും ചൈൽഡ് വെൽഫയ൪ കമ്മിറ്റിയും നടത്തിയ അന്വേഷണത്തെ തുട൪ന്ന് ജസീറയെയും കുഞ്ഞിനെയും തലശ്ശേരി മഹിള മന്ദിരത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കുഞ്ഞിനെ സംരക്ഷിക്കുമെന്ന ഉറപ്പ് എഴുതി നൽകണമെന്ന ചൈൽഡ് വെൽഫയ൪ കമ്മിറ്റിയുടെ നി൪ദേശത്തിൽ കഴമ്പില്ലെന്നും കുഞ്ഞിനെ ഞാൻ സംരക്ഷിക്കുമെന്നും ആരെയും എഴുതി അറിയിക്കേണ്ടതില്ലെന്നുമുള്ള ന്യായത്തിൽ ഉറച്ചു നിന്ന ജസീറക്ക് പിന്തുണയുമായി പരിസ്ഥിതി പ്രവ൪ത്തക൪ കണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തി.
ബുധനാഴ്ച വൈകീട്ട് മഹിള മന്ദിരത്തിൽ നിന്ന് ഇറങ്ങിയ ജസീറ പഴയങ്ങാടി പൊലീസ് സ്റ്റേഷനു മുന്നിൽ ഇരിപ്പുറപ്പിച്ചു. ജില്ലാ പൊലീസ് സൂപ്രണ്ട് നേരിട്ട് ഇടപെടുന്നതുവരെ സമരം തുടരുമെന്ന് ജസീറ പറഞ്ഞു. ജസീറയെ പൊലീസ് സ്റ്റേഷൻ പരിസരത്ത് മനുഷ്യാവകാശ പ്രവ൪ത്തക൪ സന്ദ൪ശിച്ചു.
ജസീറയുടെ സമരത്തിന് ഐക്യദാ൪ഢ്യം പ്രകടിപ്പിച്ച് പരിസ്ഥിതി പ്രവ൪ത്തക൪ ഇന്ന് വൈകീട്ട് പഴയങ്ങാടിയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തുമെന്ന് ഭാസ്കരൻ വെള്ളൂ൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.