നൂറിന്‍െറ നിറവില്‍; ഗോളിന്‍െറ മികവില്‍

റയോ ഡെ ജനീറോ: കളിക്കാരുടെ കരിയറിനെക്കുറിച്ച കണക്കുകൂട്ടലിൽ ചില ശാസ്ത്രീയ നിരീക്ഷണങ്ങളുണ്ട്. സ്റ്റാമിന, കരുത്ത്, വേഗം, കടന്നുകയറാനുള്ള മിടുക്ക് തുടങ്ങിയ അത്ലറ്റിക് മികവുകളൊന്നുമില്ലെങ്കിൽ സാങ്കേതികത്തികവുകൊണ്ടുമാത്രം ഫുട്ബാളിൽ വലിയ ഉയരങ്ങൾ കീഴടക്കാൻ കഴിയില്ലെന്ന നിരീക്ഷണം അതിൽ പ്രധാനമാണ്. എന്നാൽ, ആന്ദ്രി പി൪ലോ എന്ന ഇറ്റലിക്കാരന് മുകളിൽ പറഞ്ഞ അത്ലറ്റിക് ഗുണങ്ങളൊന്നുമില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലെ ‘സിക്സ് പാക്’ ശരീരമോ ദിദിയ൪ ദ്രോഗ്ബയെപ്പോലെ കാളക്കൂറ്റൻെറ കരുത്തോ തിയറി ഒൻറിയുടെ വേഗമോ ഒന്നുമില്ലെങ്കിലും ആധുനിക ഫുട്ബാളിൽ പ്രതിഭാധനരുടെ മുൻനിരയിലാണ് ഈ യുവൻറസ് താരത്തിൻെറ സ്ഥാനം. മധ്യനിരയിൽ ഒരു ടീമിൻെറ മുന്നേറ്റതന്ത്രങ്ങളെയാകെ സ്വാധീനിക്കുന്ന പ്ളേമേക്കറുടെ റോളിൽ ഈ ഫ്ളെറോ സ്വദേശി ഇപ്പോൾ തക൪ത്തു കളിക്കുന്നത് 34ാം വയസ്സിലാണ്. നൂറ് മത്സരങ്ങളുടെ പാകതയിൽ ഇറ്റലിയുടെ വെള്ളക്കുപ്പായമിട്ടിറങ്ങിയ രാവിൽ പി൪ലോ തക൪പ്പൻ ഗോളുമായി ചരിത്രപ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തിൻെറ പുൽത്തകിടിയിൽ പുതിയ വീരേതിഹാസം കുറിച്ചു. കോൺഫെഡറേഷൻസ് കപ്പിൽ മെക്സികോക്കെതിരെ 27ാം മിനിറ്റിൽ 30 മീറ്റ൪ അകലെനിന്ന് പി൪ലോ എയ്തുവിട്ട ഷോട്ടിന് ഒരു ഫ്രീകിക്ക് ഗോളിനുവേണ്ട മനോഹാരിത വേണ്ടത്രയുണ്ടായിരുന്നു.
നൂറാം കളിയിൽ നിറഞ്ഞുകളിച്ച പി൪ലോയുടെ മികവിൽ ഇറ്റലി മെക്സികോയെ കീഴടക്കിയത് 2-1ന്. പി൪ലോയിലൂടെ മുന്നിലെത്തിയ അസൂറികൾക്കെതിരെ 34ാം മിനിറ്റിൽ പെനാൽറ്റി സ്പോട്ടിൽനിന്ന് മാഞ്ചസ്റ്റ൪ യുനൈറ്റഡ് താരം യാവിയ൪ ഹെ൪ണാണ്ടസാണ് പച്ചക്കുപ്പായക്കാരുടെ സമനിലഗോൾ കുറിച്ചത്. ജിയോവാനി ഡോസ് സാൻേറാസിനെ ആന്ദ്രി ബ൪സാഗ്ളി വീഴ്ത്തിയതിനാണ് മെക്സികോക്ക് പെനാൽറ്റി കിക്ക് ലഭിച്ചത്. എന്നാൽ, കളി തീരാൻ 12 മിനിറ്റ് ബാക്കിനിൽക്കെ ‘വികൃതിപ്പയ്യൻ’ മാരിയോ ബലോട്ടെല്ലി എതി൪പ്രതിരോധനിരയെയും ഗോളി ജോസ് കൊറോണയെയും കീഴടക്കി വല കുലുക്കിയപ്പോൾ ഗ്രൂപ് ‘എ’യിൽ ബ്രസീലിനൊപ്പം ഇറ്റലിക്കും മൂന്നുപോയൻറ് സമ്പാദ്യമായി.
2002 മുതൽ ഇറ്റാലിയൻ കുപ്പായമിടുന്ന പി൪ലോ ഫാബിയോ കന്നവാരോ (136), ഗിയാൻലൂയിജി ബുഫൺ (128), പൗളോ മാൽഡീനി (126), ദിനോ സോഫ് (112) എന്നിവ൪ക്കു പിന്നാലെ രാജ്യത്തിനുവേണ്ടി നൂറ് മത്സരം കളിക്കുന്ന അഞ്ചാമത്തെ താരമായി. നൂറാം മത്സരത്തിൽ ഇറ്റലിക്കുവേണ്ടി പി൪ലോയുടെ 14ാം ഗോളാണ് മാറക്കാനയിൽ പിറവിയെടുത്തത്.
അത്ലറ്റിക് മികവുകൾക്കപ്പുറത്ത് പി൪ലോയെ കരുത്തനാക്കുന്നത് ടെക്നിക്, ഡ്രിബ്ളിങ്, പന്തടക്കം, ഉൾക്കാഴ്ച, കൃത്യമായ പാസിങ് തുടങ്ങിയ ഫുട്ബാൾ മികവുകളാണ്. ഒരു മത്സരത്തിൻെറ ഗതിയെ മൊത്തം സ്വാധീനിക്കാൻ കഴിയുന്ന പ്രതിഭാശേഷിയെ അംഗീകരിച്ചാണ് ഇറ്റാലിയൻ ടീമിലെ സഹതാരങ്ങൾ ഈ അഞ്ചടി പത്തിഞ്ചുകാരനെ ‘ആ൪ക്കിടെക്റ്റ്’ എന്നു വിശേഷിപ്പിക്കുന്നത്. പി൪ലോയുടെ ലോങ്പാസുകൾ എതിരാളികളുടെ ഗോൾമുഖത്ത് സൃഷ്ടിക്കുന്ന അന്ധാളിപ്പിനുള്ള അംഗീകാരം കൂടിയാണത്. യുവൻറസ് കാണികൾ വിഖ്യാത സംഗീതജ്ഞനായ മൊസാ൪ട്ടിനോട് ഉപമിക്കുകയാണ് മിഡ്ഫീൽഡ് ജനറലിനെ. ഇറ്റാലിയൻ അണ്ട൪15, അണ്ട൪18, അണ്ട൪ 21 ടീമുകൾക്ക് കളിച്ചുവള൪ന്നാണ് അസൂറിപ്പടയിൽ പി൪ലോ അവിഭാജ്യസ്ഥാനം നേടിയെടുത്തത്.
മാറക്കാനയിൽ ബ്രസീലിയൻ കാണികൾ ഇറ്റലിക്കുവേണ്ടിയും പി൪ലോക്കുവേണ്ടിയും ആ൪ത്തുവിളിച്ചു. എന്നും തങ്ങൾക്കെതിരെ മുഴങ്ങിയ സാംബാ മേളം അനുകൂലമാക്കിയതിൻെറ വലിയൊരു ക്രെഡിറ്റ് മിഡ്ഫീൽഡിൽ നീക്കങ്ങൾക്ക് താളം പക൪ന്ന പി൪ലോക്കായിരുന്നു.



 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.