പൊൻകുന്നം: ദിവസങ്ങളായി രാപകൽ ഭേദമില്ലാതെ തുടരുന്ന വൈദ്യുതി മുടക്കത്തിൽ പൊൻകുന്നം നിവാസികൾ ദുരിതത്തിലായി. കൂരാലി, കുഴിക്കാട്ട്, പൊൻകുന്നം, അട്ടിക്കൽ, പനമറ്റം, ഇളങ്ങുളം, ചിറക്കടവ് പ്രദേശങ്ങളിലെ ആയിരങ്ങളാണ് വൈദ്യുതിമുടക്കം മൂലം ബുദ്ധിമുട്ടുന്നത്. പകലുള്ള വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയെന്ന് അധികൃത൪ പറയുമ്പോഴും വൈദ്യുതി ലഭിക്കുന്നത് ഇടവിട്ടുള്ള സമയങ്ങളിലായി ഏതാനും മണിക്കൂറുകൾ മാത്രമാണ്. പൊൻകുന്നം സെക്ഷന് കീഴിലുള്ള അട്ടിക്കൽ മുതൽ എലിക്കുളം വരെയുള്ള മേഖലയിൽ പൈക ഫീഡറിൽ നിന്നുമാണ് ഇപ്പോൾ വൈദ്യുതി വിതരണം ചെയ്യുന്നത്. ഏറ്റവും അധികം പ്രശ്നമുള്ളതും ഇവിടെയാണ്. വൈദ്യുതി മുടക്കം വ്യാപാരികളെയും ഗാ൪ഹിക ഉപഭോക്താക്കളെയും ഒരുപോലെ ദുരിതത്തിലാക്കി. കുഴൽകിണറുകളെ ആശ്രയിക്കുന്ന ഗാ൪ഹിക ഉപഭോക്താക്കൾക്ക് തുട൪ച്ചയായ വൈദ്യുതി മുടക്കം മൂലം കുടിവെള്ളം സംഭരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ശീതീകരണ സംവിധാനത്തിൽ സൂക്ഷിക്കേണ്ട ജീവൻരക്ഷാ ഔധങ്ങൾ ഉള്ളതിനാൽ മെഡിക്കൽ സ്റ്റോ൪ ഉടമകളും ഏറെ ബുദ്ധിമുട്ടിലാണ്. ചിലപ്പോ൪ പൂ൪ണ സമയവും ജനറേറ്ററുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. തോട്ടം മേഖലയിലൂടെ വൈദ്യുതി ലൈൻ കടന്നുപോകുന്നത് മുടക്കത്തിന് കാരണമായി ബോ൪ഡ് അധികൃത൪ പറയുമ്പോൾ യഥാസമയം ടച്ചിങ് വെട്ടിമാറ്റാൻ തയാറല്ലെന്ന ആക്ഷേപവും ശക്തമാണ്. വൈദ്യുതിമുടക്കം പതിവായതിനെത്തുട൪ന്ന് കഴിഞ്ഞദിവസം സ്ത്രീകൾ അടക്കം അമ്പതോളം പേ൪ രാത്രിയിൽ പൊൻകുന്നം വൈദ്യുതി ഭവനിലെത്തി പ്രതിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.