വടകര: സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) ശക്തികേന്ദ്രങ്ങളിൽ ഒൗദ്യോഗിക വിഭാഗത്തിനെതിരായ വിമത നീക്കം ശക്തിപ്പെടുന്നു. സംസ്ഥാനത്ത് പാ൪ട്ടിക്ക് സ്വാധീനമുള്ള പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ ഇപ്പോൾ പരസ്യ നിലപാടെടുത്തവ൪ക്ക് പുറമെ കൂടുതൽ പേ൪ കൃഷ്ണൻകുട്ടി-പ്രേംനാഥ് പക്ഷത്തോടൊപ്പം വരുമെന്നാണ് സൂചന. പിള൪പ്പിലേക്ക് നീങ്ങുന്ന ഭിന്നത ഏറെ ആശ്വാസമാകുന്നതാവട്ടെ സി.പി.എമ്മിനു തന്നെയാണ്.
പാലക്കാട്ടെ ചിറ്റൂ൪, കോഴിക്കോട്ടെ വടകര മേഖലകളാണ് എസ്.ജെ.ഡിയുടെ ശക്തികേന്ദ്രങ്ങൾ. ചിറ്റൂരിൽ ഭൂരിപക്ഷം അണികളും കെ. കൃഷ്ണൻകുട്ടിക്കൊപ്പമാണ്.വടകരയിൽ പ്രേംനാഥ് പക്ഷത്തോടൊപ്പം വലിയൊരു വിഭാഗം അണികളുണ്ടെങ്കിലും ഇപ്പോഴും ഒൗദ്യോഗിക വിഭാഗത്തിന് തന്നെയാണ് മേൽക്കൈ. എന്നാൽ, ഒറ്റപ്പെട്ടു പോകുമോ എന്ന സന്ദേഹം മൂലമാണ് പലരും പരസ്യമായി രംഗത്ത് വരാത്തതെന്നും രാഷ്ട്രീയ രംഗത്തെ മാറ്റങ്ങൾക്കനുസരിച്ച് വടകരയിലും ചിത്രം മാറുമെന്നും പ്രേംനാഥ് പക്ഷം അവകാശപ്പെടുന്നു.
എസ്.ജെ.ഡിയിലെ സംഭവവികാസങ്ങൾ സസൂക്ഷ്മം വീക്ഷിക്കുന്ന സി.പി.എം, പ്രതിസന്ധി മൂ൪ച്ഛിപ്പിക്കുന്നതിന് സഹായകമായ നിലപാടുകളാണ് കൈക്കൊള്ളുന്നത്. ഇതിൻെറ ഭാഗമായാണ് വടകര മേഖലയിലെ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളിലെല്ലാം പ്രേംനാഥ് പക്ഷത്തോട് ‘ഉദാര’മായ സമീപനം സ്വീകരിച്ചത്. അഴിയൂ൪ ബാങ്ക് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സീറ്റുകളും പ്രേംനാഥ് പക്ഷത്തിന് നൽകിയ സി.പി.എം, തങ്ങൾക്ക് മൃഗീയ ഭൂരിപക്ഷമുള്ള ചോമ്പാൽ വീവേഴ്സ് സംഘത്തിലും ചോറോട് സ൪വീസ് സഹകരണ ബാങ്കിലും പ്രാതിനിധ്യവും നൽകി വിമത൪ക്ക് താങ്ങായി.
ടി.പി. ചന്ദ്രശേഖരൻ വധത്തെ തുട൪ന്ന് പ്രതിസന്ധിയിലായ സി.പി.എമ്മിന് മേഖലയിൽ പിടിവള്ളിയാവുകയാണ് പുതിയ സംഭവ വികാസങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.