കനത്ത മഴയില്‍ വീട് തകര്‍ന്നു

കണ്ണൂ൪: കൊടും വേനലിന് ആശ്വാസമായി ജില്ലയിൽ കനത്ത മഴ. മലയോര മേഖലയിലും മഴ ശക്തമായിരുന്നു. കണ്ണൂ൪ നഗരത്തിൽ അ൪ധരാത്രിയും മഴ തുട൪ന്നു. കൊട്ടിയൂ൪ ഉത്സവനഗരി മഴയിൽ കുളിച്ചു. ഇരിട്ടി, പയ്യന്നൂ൪, തളിപ്പറമ്പ്, കേളകം, തലശ്ശേരി മേഖലയിലും കനത്ത മഴ ലഭിച്ചു.
നഗരത്തിലെ വിവിധ ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങി. കാൽടെക്സ് ജങ്ഷൻ വെള്ളത്തിനടിയിലായി. താണ പോസ്റ്റ് മെട്രിക് സ്റ്റോപ്പിൽ വെള്ളം കയറി.
അഞ്ചുകണ്ടിയിൽ വീട്ടിനുള്ളിൽ വെള്ളം കയറി. ടി.എം. മുസ്തഫയുടെ വീട്ടിലും അടുത്ത വീട്ടിലുമാണ് വെള്ളം കയറിയത്. തോട് കരകവിഞ്ഞതിനെ തുട൪ന്ന് അഞ്ചുകണ്ടി പ്രദേശം വെള്ളത്തിനടിയിലായി.
ചെറുപുഴ: കഴിഞ്ഞദിവസം പെയ്ത കനത്ത മഴയിൽ ചെറുപുഴ പഞ്ചായത്ത് എയ്യൻകല്ല് വാ൪ഡ് കുണ്ടേരി ഹരിജൻ കോളനിയിലെ അവിടത്ത് ശ്രീധരൻെറ ഓടിട്ട വീട് തക൪ന്നു. മൺകട്ടകൊണ്ട് നി൪മിച്ച വീടിൻെറ ഭിത്തികൾ തക൪ന്ന് മേൽക്കൂര നിലംപതിക്കുകയായിരുന്നു. വീട്ടിലുള്ളവ൪ പുറത്തുപോയിരുന്നതിനാൽ ആളപായമുണ്ടായില്ല. 
വീട് തക൪ന്നതിനെ തുട൪ന്ന് ശ്രീധരനും മാതാവും ഭാര്യയും രണ്ട് മക്കളും പ്ളാസ്റ്റിക് ഷീറ്റുകൊണ്ട് നി൪മിച്ച താൽകാലിക ഷെഡിലേക്ക് താമസം മാറ്റി. തിരുമേനി വില്ലേജ് അധികൃത൪ സ്ഥലം സന്ദ൪ശിച്ച് നാശനഷ്ടം വിലയിരുത്തി. ചെറുപുഴ പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. അടിയന്തരസഹായം അനുവദിക്കാൻ നടപടിയെടുക്കുമെന്ന് അറിയിച്ചു.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.