റേഷന്‍ ഗോതമ്പ് കടത്തിയ സംഭവം; അന്വേഷണം എങ്ങുമെത്തിയില്ല

വടകര: വടകരയിലെ മൊത്തവ്യാപാര കേന്ദ്രത്തിൽനിന്ന് കടത്തുകയായിരുന്ന 80 ചാക്ക് റേഷൻ ഗോതമ്പ് പിടികൂടിയ സംഭവത്തിൽ അധികൃത൪ ഉരുണ്ടുകളിക്കുന്നു. ലോറിയിലുണ്ടായിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തതൊഴിച്ചാൽ ഗോതമ്പ് കടത്തിന് നേതൃത്വം നൽകിയ വമ്പൻ സ്രാവുകളിലേക്ക് അന്വേഷണം നീങ്ങിയിട്ടില്ല. 
ബുധനാഴ്ച രാത്രി മുക്കാളിയിൽവെച്ചാണ് ലോറി സഹിതം 80 ചാക്ക് ഗോതമ്പ് ചോമ്പാല പൊലീസ് പിടികൂടിയത്. ചോറോട് ചേന്ദംകുളങ്ങര അജു (34), മേപ്പയിൽ കുന്നത്ത് ബിജു (40) എന്നിവരെ സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്യുകയുമുണ്ടായി. തിക്കോടി എഫ്.സി.ഐ ഗോഡൗണിൽനിന്ന് 600 ചാക്ക് ഗോതമ്പുമായി ഉച്ചക്ക് 2.30ന് വടകരയിലെ മൊത്തവ്യാപാര കേന്ദ്രത്തിലേക്ക് പുറപ്പെട്ട കണ്ടെയ്ന൪ പാതിവഴിയിൽ നി൪ത്തി 80 ചാക്ക് മറ്റൊരു ലോറിയിലേക്ക് മാറ്റുകയായിരുന്നു. ഈ കണ്ടെയ്ന൪ ഏത് മൊത്തവ്യാപാര കേന്ദ്രത്തിലേക്കാണെന്ന് വ്യക്തമായിട്ടും യഥാസമയത്ത് ഇവിടെ പരിശോധന നടത്താൻ അധികൃത൪ തയാറായില്ല. വ്യാഴാഴ്ച ഉച്ചക്കുശേഷം സിവിൽ സപൈ്ളസ് അധികൃത൪ പരിശോധിക്കാനെത്തിയപ്പോഴേക്കും സ്റ്റോക്ക് ശരിയാക്കാൻ വ്യാപാരിക്ക് സമയം ലഭിച്ചിരുന്നു. എന്നിട്ടും ഈ കേന്ദ്രത്തിൽ സ്റ്റോക്ക് വ്യത്യാസം കണ്ടെത്തി. കുറവ് പരിഹരിക്കാൻ പലയിടത്തുനിന്നുമായി ഗോതമ്പ് ‘ഇറക്കുമതി’ ചെയ്തപ്പോൾ കൂടിപ്പോയതാണെന്നാണ് ആരോപണം. മറ്റൊരു മൊത്തവ്യാപാര കേന്ദ്രത്തിലും സ്റ്റോക്ക് കൂടുതൽ കണ്ടെത്തിയിരുന്നു.റേഷൻ ഗോതമ്പ് മൊത്തവ്യാപാര കേന്ദ്രങ്ങളിൽനിന്ന് മാഹിയിലെ മില്ലിലേക്ക് കടത്താറുണ്ടെന്ന ആരോപണമുയ൪ന്നിട്ടും അന്വേഷിക്കാനോ യഥാ൪ഥ പ്രതികളെ കണ്ടെത്താനോ അധികൃത൪ മെനക്കെടാറില്ല. ചില റേഷൻ കടക്കാരുമായി ഒത്തുകളിച്ചാണത്രേ ഈ കടത്ത്. 
 വെള്ളിയാഴ്ച പള്ളൂരിലെ പോണ്ടി ഫ്ളോ൪മില്ലിലും വടകരയിലെ കെ.ടി. മമ്മുവിൻെറ റേഷൻ ഡിപോയിലും പൊലീസ് റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.