സ്വര്‍ണം സുരക്ഷിത നിക്ഷേപമോ?

കഴിഞ്ഞ ആഴ്ചകളിൽ സ്വ൪ണവില മറ്റൊരു നി൪ണായക നിലവാരം കൂടി ഭേദിച്ചു. പവന് 20,000 രൂപയെന്ന നിലവാരം. ഇതോടെ സുരക്ഷിത നിക്ഷേപം എന്ന സ്വ൪ണത്തിൻെറ പദവിക്ക് ഒരിക്കൽകൂടി വെല്ലുവിളി ഉയരുകയാണ്. പരമ്പരാഗതമായി പണപ്പെരുപ്പത്തിനെതിരെ സ്വ൪ണത്തെ നിക്ഷേപമാ൪ഗമായി കാണുന്ന ഇന്ത്യക്കാരിൽ സ്വ൪ണവില ഇനി എങ്ങോട്ട് എന്ന ചോദ്യവും ഉയരുന്നു.
വ്യക്തമായൊരു ഉത്തരം ഈ ചോദ്യത്തിന് ഇല്ല. സാഹചര്യങ്ങൾ അനുസരിച്ച് ഊഹങ്ങൾ മാത്രമാണ് ഇക്കാര്യത്തിൽ സാധ്യമാകുക. എല്ലാ സാഹചര്യങ്ങളും നൽകുന്ന സൂചന വരുംനാളുകളിൽ സ്വ൪ണവില കൂടുതൽ താഴേക്ക് പോകുമെന്നുതന്നെയാണ്.
  ഓരോ തവണ സ്വ൪ണവില താഴുമ്പോഴും വാങ്ങലുകാരുടെ തിരക്കാണ് ഇന്ത്യയിൽ കാണുന്നത്. എന്നാൽ, ഈ ഡിമാൻറ് സ്വ൪ണവില കുതിക്കാൻ വഴിയൊരുക്കില്ല. സ്വ൪ണത്തിൻെറ വില നി൪ണയിക്കപ്പെടുക രാജ്യാന്തരതലത്തിൽ (ഇന്ത്യയിൽ ഉൾപ്പെടെ) ഉണ്ടാവുന്ന നിക്ഷേപ ഡിമാൻറിലാണ്. സൂചനകൾ എല്ലാം വിരൽചൂണ്ടുന്നത് നിക്ഷേപക൪ സ്വ൪ണത്തിൽനിന്നും അകലുന്നുവെന്നാണ്. ഇത് വരുംനാളുകളിൽ സ്വ൪ണവില കൂടുതൽ കുറയാനും ഇടയാക്കും.
 ലോകത്തെ ഏറ്റവും വലിയ ഗോൾഡ് എക്സ്ചേഞ്ച് ട്രേഡ്സ് ഫണ്ടിൻെറ (ഇ.ടി.എഫ്) സ്വ൪ണ നിക്ഷേപത്തിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ 2,262.7 ടൺ കുറവാണുണ്ടായത്. ഇവ൪ വിറ്റഴിച്ചത് 10,740 കോടി ഡോള൪ (ഏതാണ്ട് ആറ് ലക്ഷം കോടി രൂപ) വിലവരുന്ന സ്വ൪ണമാണ്. ലോകത്തെ 20 നിക്ഷേപകരെ പങ്കെടുപ്പിച്ച് ബ്ളുംബ൪ഗ് സംഘടിപ്പിച്ച സ൪വേയിലും വരുംനാളുകളിൽ സ്വ൪ണവില കുറയുമെന്ന അഭിപ്രായമാണ് മുൻതൂക്കം നേടിയത്.  ഇന്ത്യൻ വിപണിയിൽ ഒരുവ൪ഷത്തിനകം 10 ഗ്രാം തങ്കത്തിൻെറ വില 24,000-22,000 നിലവാരത്തിലേക്ക് താഴുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതുപ്രകാരം ഒരു പവൻെറ വില 17,500 രൂപ വരെ എത്താം.
 ഇന്ത്യയിൽ സ്വ൪ണം വാങ്ങുന്നത് കഴിയുന്നത്ര കുറക്കാനുള്ള നടപടികളിലാണ് റിസ൪വ് ബാങ്ക്. ഈ പദ്ധതികൾ വിജയം കണ്ടാൽ കഴിഞ്ഞ വ൪ഷത്തെ 850 ടണിൽനിന്ന് ഇന്ത്യയുടെ സ്വ൪ണ ഇറക്കുമതി 50 ശതമാനമെങ്കിലും കുറയുമെന്നാണ് കണക്കാക്കുന്നത്. ലോകത്ത് ഏറ്റവും അധികം സ്വ൪ണം വാങ്ങുന്ന രാജ്യമായ ഇന്ത്യയിലെ ഉപഭോഗങ്ങളിൽ ഇത്ര ഭീമമായ കുറവുണ്ടായാൽ അത് രാജ്യാന്തര വിലയെ രൂക്ഷമായി ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഇത് സ്വ൪ണത്തിൽ കൂടുതൽ ശക്തമായ തിരുത്തൽ കൊണ്ടുവരാനുള്ള സാധ്യതകളാണ് ഉയ൪ത്തുക.  
സ്വ൪ണവില പൊടുന്നനെ കുറഞ്ഞതല്ല എന്നുകൂടി അറിയുക. കഴിഞ്ഞ രണ്ട് വ൪ഷത്തോളമായി സ്വ൪ണത്തിൻെറ വില പടിപടിയായി കുറയുകയായിരുന്നു. ഇ.ടി.എഫുകളിൽനിന്നുള്ള ലാഭം കഴിഞ്ഞ വ൪ഷം 13.69 ശതമാനവും അതിന് തൊട്ടുമുമ്പുള്ള വ൪ഷം 8.31 ശതമാനവും കുറഞ്ഞിരുന്നു. സ്വ൪ണക്കമ്പനികളുടെ ഓഹരി വിലകളിൽ ഇക്കാലയളവിൽ 32 ശതമാനത്തോളം തക൪ച്ചയുണ്ടായി. ഇതെല്ലാം വ്യക്തമാക്കുന്നത് സ്വ൪ണത്തിൽ വൻതോതിൽ നിക്ഷേപമുണ്ടായിരുന്നവ൪ പതിയെ വിറ്റൊഴിയുകയാണെന്നാണ്.

ഇനിയെന്ത്
നിക്ഷേപങ്ങൾ എല്ലാം ഒരു കുട്ടയിൽ അരുതെന്നാണ് വിദഗ്ധ൪ പണ്ടേ നൽകുന്ന ഉപദേശം. ഇത് ഏതെങ്കിലും വിഭാഗത്തിലെ തക൪ച്ച വൻ നഷ്ടം ഉണ്ടാക്കുന്നത് ഇല്ലാതാക്കും. ഉൽപാദനക്ഷമമല്ലാത്ത സ്വ൪ണത്തിലെ നിക്ഷേപം ആകെ നിക്ഷേപത്തിൻെറ 10-15 ശതമാനത്തിൽ കൂടുതലാകാതിരിക്കുന്നതാണ് ഏറ്റവും ഉചിതം. കൂടാതെ വിലകുറവ് കാണിക്കുമ്പോൾ നി൪ബന്ധമെങ്കിൽ ചെറിയ അളവിൽ മാത്രം വാങ്ങുക.
ചെറിയൊരു ഇടിവിൻെറ ആവേശത്തിൽ കൈവശമുള്ള പണത്തിന് മുഴുവൻ വാങ്ങരുത്. ഇനിയും വില ഇടിഞ്ഞാലോ എന്നുകൂടി ചിന്തിക്കുക.  ഇപ്പോൾ സ്വ൪ണവില എന്നത് താഴേക്ക് വീഴുന്ന മൂ൪ച്ചയുള്ള കത്തിയാണ്. വീഴുമ്പോൾ അത് പിടിക്കുന്നത് അപകടമാണ്. തറയിൽ വീണശേഷം മാത്രം അതെടുക്കാം.

പണയത്തിന് നിയന്ത്രണം
സ്വ൪ണത്തിൻെറ ആവശ്യകത കുറക്കാനുള്ള നടപടികളുടെ ഭാഗമായി റിസ൪വ് ബാങ്ക് സ്വ൪ണാധിഷ്ഠിത വായ്പകൾക്ക് കൂടുതൽ നിയന്ത്രണം ഏ൪പ്പെടുത്തി. ഇതനുസരിച്ച് സ്വ൪ണ അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളും ഇ.ടി.എഫുകളും പണയമായി സ്വീകരിച്ചുകൊണ്ട് ഇനി ബാങ്കുകൾക്ക് വായ്പ നൽകാനാവില്ല. ബാങ്കുകൾ പ്രത്യേകമായി തയാറാക്കി വിറ്റതുൾപ്പെടെ സ്വ൪ണനാണയങ്ങൾ പരമാവധി 50 ഗ്രാം വരെ മാത്രമേ പണയമായി സ്വീകരിക്കാനാവൂ. ബുള്ള്യൻ, അസംസ്കൃത സ്വ൪ണം എന്നിവയല്ലാത്ത നാണയങ്ങൾക്കേ ഇത്തരത്തിൽ വായ്പ അനുവദിക്കൂ. ഒരുവിധത്തിലുമുള്ള സ്വ൪ണം വാങ്ങുന്നതിനും വായ്പ അനുവദിക്കില്ല. ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾക്കും ഈ നിയന്ത്രണം ബാധകമാണ്. കഴിഞ്ഞമാസം സ്വ൪ണ ഇറക്കുമതിയിൽ 138 ശതമാനം വ൪ധനവുണ്ടായ സാഹചര്യത്തിലാണ് പുതിയ നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.