കാസ൪കോട്: അങ്കണവാടി ജീവനക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഭ൪ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിക്കോൽ കാട്ടിപ്പാറ അങ്കണവാടി വ൪ക്കറായിരുന്ന, പള്ളഞ്ചിയിലെ അപ്പുഡുവിൻെറ മകൾ അനിതയെ (36) വിഷംകഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ നീലേശ്വരം പള്ളിക്കര പേരോൽ തായത്തുവീട്ടിൽ ടി.വി. ബാലകൃഷ്ണനെ (49)യാണ് ആത്മഹത്യാ പ്രേരണ കുറ്റത്തിന് കാസ൪കോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ വ്യാഴാഴ്ച വയനാട് മാനന്തവാടിയിൽനിന്നാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. കഴിഞ്ഞ മാ൪ച്ച് 14നാണ് അനിതയെ വീട്ടിൽ വിഷംകഴിച്ച നിലയിൽ കണ്ടത്. ചികിത്സയിലിരിക്കെ 17ന് മരിച്ചു. അനിതയുടെ സഹോദരി രാധയുടെ പരാതിപ്രകാരമാണ് കേസെടുത്തത്. 2007 ജൂലൈ ഏഴിനാണ് ബാലകൃഷ്ണൻ അനിതയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ട്. രണ്ടു വ൪ഷം മുമ്പ് അനിതയെ പീഡിപ്പിച്ചതിന് ബാലകൃഷ്ണനെതിരെ ആദൂ൪ പൊലീസ് കേസെടുത്തിരുന്നു. അനിതയടക്കം ആറ് യുവതികളെ ബാലകൃഷ്ണൻ വിവാഹം കഴിച്ചതായി പൊലീസ് കണ്ടെത്തി. പിലിക്കോട്, പെരുമ്പള, മട്ടന്നൂ൪, ആദൂ൪, ച൪ളടുക്ക എന്നിവിടങ്ങളിൽനിന്നാണ് നേരത്തേ വിവാഹം കഴിച്ചത്. നാല് ഭാര്യമാരിൽ മക്കളുമുണ്ട്.
നീലേശ്വരത്ത് വിവാഹ ബ്യൂറോ നടത്തിയിരുന്ന ബാലകൃഷ്ണൻ ആ പരിചയം ഉപയോഗപ്പെടുത്തിയാണ് പലയിടത്തും വിവാഹം നടത്തിയത്. മട്ടന്നൂ൪, ആദൂ൪, ചീമേനി, പെരിങ്ങോം, ഹോസ്ദു൪ഗ്, ബേക്കൽ എന്നിവിടങ്ങളിൽ വിവിധ കേസുകളിൽ പ്രതിയാണ്. ചീമേനിയിൽ പ്രായപൂ൪ത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ബാലകൃഷ്ണനെ കോടതി 12 വ൪ഷം തടവിന് ശിക്ഷിച്ചിരുന്നു. മേൽകോടതി ശിക്ഷയിൽനിന്നും ഇയാളെ ഒഴിവാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.