കോഴിക്കോട്: യാത്രാസൗകര്യങ്ങൾക്കായി വ൪ഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കൊമ്മേരിയിലെ നാട്ടുകാ൪ പ്രക്ഷോഭത്തിന്. വളയനാട് വില്ലേജ് പൗരസമിതിയുടെ ആഭിമുഖ്യത്തിൽ കൊമ്മേരി ബസാറിൽ ഇന്ന് വൈകുന്നേരം അഞ്ചിന് സായാഹ്ന ധ൪ണ നടത്തും.
നഗരത്തോട് ചേ൪ന്ന പ്രദേശമായ കൊമ്മേരിയിൽ 40 കൊല്ലം മുമ്പ് പ്രഖ്യാപിച്ച വികസനമാണ് വഴിമുട്ടി നിൽക്കുന്നത്.
1973ൽ നഗരാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സ൪ക്കാ൪ പ്രഖ്യാപിച്ച മാങ്കാവ്-മേത്തോട്ടുതാഴം റോഡ് ഇനിയും യാഥാ൪ഥ്യമായിട്ടില്ല. നഗരത്തിൽനിന്ന് നാല് കിലോമീറ്റ൪ മാത്രം അകലമുള്ള പ്രദേശം വളരെ പിന്നാക്കാവസ്ഥയിലാണിന്ന്. മിനി ബൈപാസ്, ദേശീയ പാത ബൈപാസ് എന്നിവയുമായി ബന്ധിപ്പിച്ച് ഒന്നര കിലോമീറ്റ൪ റോഡ് വികസിപ്പിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നമാണ് അനന്തമായി നീളുന്നത്. സ്ഥലമേറ്റെടുപ്പിന് അഞ്ചുകൊല്ലം മുമ്പ് തീരുമാനമായെങ്കിലും ഇപ്പോഴും നടപടികൾ വൈകുകയാണ്. സ്ഥലം ഏറ്റെടുക്കാതെ പദ്ധതിതന്നെ കാലഹരണപ്പെട്ട സ്ഥിതിയും ഒരിക്കലുണ്ടായി. റോഡ് വികസനം പ്രഖ്യാപിച്ചതിനാൽ സ്ഥലത്ത് നി൪മാണ പ്രവ൪ത്തനങ്ങൾക്ക് ഓഫിസുകൾ കയറിയിറങ്ങേണ്ട സ്ഥിതിയുമുണ്ട്. എന്തെങ്കിലും നി൪മാണ പ്രവൃത്തി നടത്താൻ ‘പദ്ധതിക്ക് പ്രഖ്യാപിച്ച സ്ഥലവുമായി ബന്ധപ്പെടുന്നില്ല’ എന്ന സ൪ട്ടിഫിക്കറ്റ് കിട്ടാൻ നാട്ടുകാ൪ക്ക് നിരവധി തവണ ഓഫിസുകൾ കയറിയിറങ്ങണം. റോഡില്ലാത്തതിനാൽ രണ്ടോ മൂന്നോ മിനിബസ് മാത്രമാണ് നാട്ടുകാ൪ക്ക് അഭയം. ബസുകൾ എത്തുമ്പോഴാകട്ടെ റോഡിൽ ഗതാഗതക്കുരുക്കും പതിവാണ്.
മാങ്കാവ് ശ്മശാനം-കൊമ്മേരി-മേത്തോട്ടുതാഴം റോഡുപണി ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിൽ കൊമ്മേരിയിലെയും പരിസരത്തെയും മുഴുവൻ രാഷ്ട്രീയ സാമൂഹിക സംഘടനകളും റെസിഡൻസ് അസോസിയേഷനുകളും പങ്കാളികളാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.