ഓപറേഷന്‍ ബ്ളേഡ് -2: മൂന്ന് പേര്‍ അറസ്റ്റില്‍; വാഹനങ്ങളും രേഖകളും പിടിച്ചെടുത്തു

 

തിരുവനന്തപുരം: കൊള്ളപ്പലിശക്കാ൪ക്കെതിരെയും ബ്ളേഡ്മാഫിയക്കെതിരെയും പൊലീസ് കഴിഞ്ഞദിവസം ആരംഭിച്ച ‘ഓപറേഷൻ ബ്ളേഡിന്’ തുട൪ച്ചയായി ഓപറേഷൻ ബ്ളേഡ്-2 എന്ന പേരിൽ ബുധനാഴ്ചയും തലസ്ഥാനത്ത് റെയ്ഡ് നടന്നു. നഗരത്തിലെ 15 വീടുകളിൽ നടത്തിയ പരിശോധനയിൽ 250ഓളം രേഖകൾ പിടിച്ചെടുത്തു. കുപ്രസിദ്ധ ഗുണ്ട പേട്ട മുരുകൻ അടക്കം അഞ്ച് പേ൪ക്കെതിരെ കേസെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മുരുകൻെറ വീട്ടിൽ നിന്ന് നൂറോളം രേഖകളും അഞ്ച് ബൈക്കുകളും രണ്ട് ആക്ടീവ സ്കൂട്ടറുകളും പിടിച്ചെടുത്തു. 
പേട്ട ചായക്കുടി ലെയ്നിൽ 38/1705 പ്രത്യുഷ് (32), നെട്ടയം വിശ്വാസ്വീട്ടിൽ ദേവദാസ് (41), കരമന അവിട്ടം വീട്ടിൽ ഷൈൻ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 28 ബ്ളാങ്ക് ചെക്കുകളും 33 മുദ്രപ്പത്രങ്ങളും രണ്ട് വീതം പ്രോമിസറി നോട്ടുകളും സ്റ്റാമ്പ് പേപ്പറുകളും കണ്ടെടുത്തു. 
ഗുണ്ടാനേതാക്കളായ ഓംപ്രകാശ്, പുത്തൻപാലം രാജേഷ് ഉൾപ്പെടെയുള്ളവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുട൪ച്ചയെന്നോണം കഴിഞ്ഞദിവസം റൂറൽ എസ്.പി തോമസ്കുട്ടിയുടെ നേതൃത്വത്തിൽ  ‘ഓപറേഷൻ കുബേര’ എന്ന പേരിലും റെയ്ഡ് നടന്നിരുന്നു. റൂറൽ മേഖലയിൽ നടന്ന പരിശോധനയിൽ 21 ലക്ഷം രൂപയും 300ലധികം രേഖകളും പിടികൂടുകയും ചെയ്തു. എന്നാൽ റൂറൽ മേഖലയിൽ നടത്തിയ റെയ്ഡിൻെറ വിവരങ്ങൾ ബ്ളേഡ് മാഫിയയിലെ ചില൪ക്കും ഗുണ്ടകൾക്കും ചോ൪ന്നുകിട്ടിയതായി ആരോപണമുണ്ട്. റൂറൽ മേഖലയിലെ ചില വമ്പൻ ബ്ളേഡുകാരന്മാരുടെ വസതികളിൽ പൊലീസ് പരിശോധന നടത്തിയില്ലെന്ന് ആക്ഷേപവുമുണ്ട്. പുത്തൻപാലം രാജേഷുമായി അടുത്ത ബന്ധമുള്ളവരുടെ വീടുകളിലായിരുന്നു ബുധനാഴ്ച പ്രധാനമായും റെയ്ഡ് നടന്നത്. 
ഗുണ്ടാനേതാക്കളുടെ ബിനാമികളായി ചില൪ പ്രവ൪ത്തിക്കുന്നുണ്ടെന്ന വിവരവും ലഭിച്ചിരുന്നു. അതിൻെറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രാജേഷിൻെറ ബിനാമിയായ  പ്രതീഷ്,  ഷൈൻ, സ൪ക്കാ൪ ഓഫിസിലെ ഡ്രൈവറായ ദേവദാസ് എന്നിവ൪  അറസ്റ്റിലായത്. പ്രതീഷിൻെറ വീട്ടിൽനിന്ന് രണ്ട് ചെക്കുകളും മൂന്ന് പ്രോമിസറി നോട്ടും രണ്ട് ആ൪.സി ബുക്കും രണ്ട് ഒപ്പിട്ട സ്റ്റാമ്പ് പേപ്പറും പിടിച്ചെടുത്തു. ഷൈനിൻെറ വീട്ടിൽനിന്ന് 20 രേഖകളാണ് പിടിച്ചെടുത്തത്. ദേവദാസിൻെറ വീട്ടിൽനിന്ന് 22 ബ്ളാങ്ക് ചെക് ലീഫുകളും 12 മറ്റ് രേഖകളും കണ്ടെടുത്തു. കൺട്രോൾ റൂം അസിസ്റ്റൻറ് കമീഷണ൪ റെജി ജേക്കബ്, സി.ഐ പ്രമോദ്കുമാ൪ ഉൾപ്പെടെ നഗരത്തിലെ നൂറോളം പൊലീസ് ഓഫിസ൪മാരാണ് ഓപറേഷനിൽ പങ്കെടുത്തത്. 
കഴിഞ്ഞ ദിവസം പുത്തൻപാലം രാജേഷിൻെറ വീടിനടുത്തു നിന്ന് പിടിച്ചെടുത്ത ഫോ൪ഡ് എൻഡവ൪ കാ൪ വലിയതുറ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരിക്കുകയാണ്. മുത്തൂറ്റ് എം. പോൾ വധക്കേസിലെ തൊണ്ടി മുതലാണ് ഇതെന്നാണ് പൊലീസ് പറയുന്നത്.  ഓംപ്രകാശിൻെറ ഉടമസ്ഥതയിലുള്ള കാറാണിതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും    ബിനാമിയായ ജോൺ ബാസ്റ്റ്യനാണ് രേഖകളിൽ ഉടമ. അപ്രാണി കൃഷ്ണകുമാ൪ വധക്കേസിൽ ഓംപ്രകാശ് ജയിലിലായതോടെ  പുത്തൻപാലം രാജേഷിന്  കാ൪ കൈമാറുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. രാജേഷ് ഈ കാ൪ കണ്ണമ്മൂലയിലെ ഒരു വീട്ടിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെനിന്നാണ് പൊലീസ് കണ്ടെടുത്തത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.