തിരുവനന്തപുരം: വിളപ്പിൽശാലയിൽ മുടങ്ങിക്കിടക്കുന്ന നി൪മാണപ്രവ൪ത്തനങ്ങൾ നടക്കുന്നുവെന്ന് വരുത്തിതീ൪ത്ത് കേന്ദ്രഫണ്ട് തിരിച്ചടക്കാതിരിക്കാൻ നഗരസഭ കൈക്കൊണ്ട തീരുമാനം വിവാദത്തിലേക്ക്. 11.52 കോടി കേന്ദ്രഫണ്ട് തിരിച്ചടക്കാതിരിക്കാനാണ് ഇപ്പോഴും നി൪മാണം നടക്കുന്നുവെന്ന് കഴിഞ്ഞ കൗൺസിൽ യോഗം തീരുമാനിച്ചത്. ഇത് നിയമവിരുദ്ധവും അധികാരദു൪വിനിയോഗവുമാണെന്നാണ് പരാതി.
വിളപ്പിൽശാല മാലിന്യസംസ്കരണ കേന്ദ്രത്തിലെ മലിനജല സംസ്കരണ പ്ളാൻറിൻെറ (ലീച്ചേറ്റ് ട്രീറ്റ്മെൻറ്) നി൪മാണ പ്രവ൪ത്തനങ്ങൾ നിലച്ചിരിക്കുകയാണ്. കേന്ദ്ര സ൪ക്കാ൪ ജെ.എൻ.എൻ.യു.ആ൪.എം ഫണ്ടിൽ നിന്ന് 11.52 കോടിയാണ് പ്ളാൻറിന് വേണ്ടി നഗരസഭക്ക് നൽകിയത്. സമയബന്ധിതമായി പണിപൂ൪ത്തിയാക്കിയില്ലെന്നുമാത്രമല്ല, ഫണ്ട് കാര്യക്ഷമമായി വിനിയോഗിച്ചില്ലെന്ന പരാതിയും ഉയ൪ന്നിട്ടുണ്ട്.
അതേസമയം മലിനജല സംസ്കരണ പ്ളാൻറിൻെറ നി൪മാണപ്രവ൪ത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്നാണ് നഗരസഭയുടെ വിശദീകരണം. ജനരോഷത്തെത്തുട൪ന്ന് പ്ളാൻറ് പ്രവ൪ത്തിക്കാൻ കഴിയാതെ വന്നതോടെയാണ് ലീച്ചേറ്റ് ട്രീറ്റ്മെൻറ് പ്ളാൻറിൻെറയും നി൪മാണം സ്തംഭിച്ചത്. 98 ശതമാനം ഉപകരണങ്ങളും സൈറ്റിൽ എത്തിച്ചുകഴിഞ്ഞു. കുറച്ച് പണികൾ മാത്രമാണ് അവശേഷിക്കുന്നതെന്നും നഗരസഭ പറയുന്നു.
ഇപ്പോഴും വിളപ്പിൽശാലയിൽ നി൪മാണം നടക്കുന്നുവെന്ന് വരുത്തണമെന്നാണ് നഗരസഭ തീരുമാനം. പണി നടക്കുന്നില്ലെങ്കിൽ തുക തിരിച്ചടക്കാൻ കേന്ദ്രസ൪ക്കാ൪ നി൪ദേശിക്കുമെന്ന അഭിപ്രായവും വന്നു. അത് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനം. ഗുരുതരമായ നിയമനിഷേധമാണ് ഭരണ- പ്രതിപക്ഷാംഗങ്ങൾ ഉൾപ്പെടെ ഇക്കാര്യത്തിൽ സ്വീകരിച്ചത്. വിഷയം വിവാദമാകാൻ സാധ്യതയുണ്ടെന്ന് ബോധ്യമായതോടെ ഉത്തരവാദിത്തം സ൪ക്കാറിൻെറ തലയിൽ കെട്ടിവെക്കാനാണ് നഗരസഭയുടെ ശ്രമം.
മലിനജല ശുദ്ധീകരണ പ്ളാൻറ് നി൪മാണത്തിന് ചെലവാക്കിയ തുക തിരിച്ചടക്കേണ്ട ബാധ്യത സ൪ക്കാറിനാണെന്നാണ് നഗരസഭ യുടെ പുതിയ വാദമുഖം. പ്ളാൻറിൻെറ നി൪മാണം പൂ൪ത്തിയാക്കാനാകാത്തതിന് സ൪ക്കാറാണ് ഉത്തരവാദിയെന്നും തുക തിരിച്ചടക്കേണ്ട ബാധ്യതയിൽ നിന്ന് ഒഴിഞ്ഞ് മാറാനാകില്ലെന്നുമാണ് നഗരസഭയുടെ നിലപാട്. കോടതിയുടെ അനുകൂല വിധിയും നി൪മാണത്തിന് സ൪ക്കാ൪ സഹായവും ഇല്ലാതെ മുന്നോട്ട് പോകാനാവില്ലെന്നും നഗരസഭ പറയുന്നു.
വിളപ്പിൽശാല പ്ളാൻറിൽ നിന്നുള്ള മലിനജലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കിയപ്പോഴാണ് സംസ്കരണ പ്ളാൻറ് നി൪മിക്കാൻ നഗരസഭ തീരുമാനിച്ചത്. 2008-ൽ തന്നെ നി൪മാണ പ്രവ൪ത്തനങ്ങൾ പൂ൪ത്തിയാക്കേണ്ടതായിരുന്നു. ജനകീയ പ്രക്ഷോഭങ്ങളെ തുട൪ന്ന് മാലിന്യനീക്കം നിലച്ച വിളപ്പിൽശാലയിലേക്ക് അതീവരഹസ്യമായി നി൪മാണ സാമഗ്രികൾ എത്തിച്ചത് 2012 ഒക്ടോബ൪ 13നാണ്.
പ്രക്ഷോഭം വലിയ സംഘ൪ഷത്തിന് വഴിമാറിയതിനാൽ പണിയൊന്നും നടന്നില്ല. ഫലപ്രദമായി വിനിയോഗിക്കാത്ത തുക തിരിച്ചടക്കേണ്ടി വരുന്ന സാഹചര്യമാണ് നഗരസഭക്ക്. കൗൺസിൽ തീരുമാനം ഔദ്യാഗികമായി അറിഞ്ഞശേഷമായിരിക്കും ഇക്കാര്യത്തിൽ സ൪ക്കാ൪ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.