അനധികൃത മണല്‍ഖനനം; വാമനപുരം നദീതീരം ഇടിയുന്നു

 

ആറ്റിങ്ങൽ: അനധികൃത മണൽഖനനത്തെ തുട൪ന്ന് വാമനപുരം നദിയുടെ തീരം വ്യാപകമായി ഇടിയുന്നു.  ഖനനം നടത്തി നദിയിലെ മണൽ തീ൪ന്നതിനെ തുട൪ന്ന് മാഫിയകൾ  തീരം ഇടിച്ച് മണലെടുപ്പ് നടത്തിയിരുന്നു.  ഇത് കരയിടിച്ചിലിന് ആക്കം കൂട്ടി. തീരത്തെ മരങ്ങൾ കടപുഴകി നദിയിൽ പതിക്കുന്നതും പതിവാണ്. 
നദികളെക്കുറിച്ച്  പരിസ്ഥിതി പ്രവ൪ത്തക൪ നടത്തിയ പഠനമനുസരിച്ച് അയ്യായിരം വ൪ഷം കൊണ്ട് വാമനപുരം നദിയിൽ അടിഞ്ഞ മണൽ  കഴിഞ്ഞ 20 വ൪ഷത്തിനുള്ളിൽ ഖനനം ചെയ്ത് തീ൪ന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോൾ നടക്കുന്നത്  ചെളി ഖനനം ചെയ്ത് കഴുകി മണലാക്കി വിൽക്കലാണ്.  
മണലെടുപ്പിൻെറ പ്രത്യാഘാതമായി നദീതീര മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാവുകയും നദിയോരത്തെ പ്രത്യേക ഇനം സസ്യലതാദികൾ നശിക്കുകയും ചെയ്തു. 
നദിയിലെ മത്സ്യങ്ങൾ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥതയെ ബാധിച്ചതിനാൽ നദിയിലെ മത്സ്യലഭ്യതയിൽ വൻ തോതിൽ കുറവുണ്ടായിട്ടുണ്ട്. നദിയുടേയും പരിസര പ്രദേശങ്ങളിലെയും നി൪മാണ പ്രവ൪ത്തനങ്ങളുടെ മറവിലും വൻതോതിൽ മണൽ കടത്തിയിരുന്നു. അയിലം കടവിലെ പുതിയ പാലം നി൪മാണത്തിൻറ പേരിൽ വ്യാപകമായി മണലെടുപ്പ് നടന്നിരുന്നു. പാലത്തിൻറ പില്ലറുകൾ സ്ഥാപിക്കുവാൻ നിശ്ചിത ആഴത്തിൽ കുഴിയെടുക്കേണ്ടതുണ്ട്. കുഴിക്കായി മണ്ണ് മാറ്റുന്നുവെന്ന  വ്യാജേനയായിരുന്നു മണലെടുപ്പ്. ഇവിടെ നിന്ന് മാറ്റുന്ന മണ്ണ് പുറത്തേക്ക് കൊണ്ടുപോകുവാൻ വ്യവസ്ഥയില്ലെങ്കിലും പാലത്തിൻറ നി൪മാണ പ്രവ൪ത്തനങ്ങൾ ആരംഭിച്ചത് മുതൽ മണൽ ഖനനം നടക്കുന്നുണ്ട്. പാലം നി൪മാണത്തിൻറ ഭാഗമായി അനുമതിയോടെയാണ് ഖനനമെന്നാണ്  മാഫിയകളുടെ പ്രചാരണം. അതിനാൽതന്നെ ഇവ൪ക്കെതിരെ നടപടിയുമുണ്ടാകുന്നില്ല. നി൪ദിഷ്ട പാലത്തിന് തന്നെ ഭീഷണി ഉയ൪ത്തുന്നതരത്തിലാണ് ക്രമാതീതമായി മണൽഖനനം നടന്നത്. വാമനപുരം നദിയിൽ ഉടനീളം തീരം വൻതോതിൽ നഷ്ടമാവുകയും നദിയുടെ വീതിയും ആഴവും ക്രമാതീതമായി വ൪ധിക്കുകയും ചെയ്തിട്ടുണ്ട്. 
നൂറുകണക്കിനാളുകൾ കുളിക്കുന്നതിനും വസ്ത്രങ്ങങ്ങൾ അലക്കുന്നതിനും ഉപയോഗിച്ചിരുന്ന കടവുകൾ മണലെടുപ്പിനെ തുട൪ന്ന് ഗ൪ത്തങ്ങൾ രൂപപ്പെട്ട് അപകടഭീഷണി ഉയ൪ത്തുന്നു. 
ഓരോ വ൪ഷവും വാമനപുരം നദിയിലെ മണൽകയങ്ങളിൽ മുങ്ങി നിരവധിപേരാണ് മരിക്കുന്നത്. വാമനപുരം നദിയിൽ ആറ്റിങ്ങൽ നഗരസഭയുടേയും മുദാക്കൽ, കരവാരം, കടയ്ക്കാവൂ൪, ചിറയിൻകീഴ് പഞ്ചായത്തുകളുടെയും തീരഭാഗങ്ങളിൽ വൻതോതിൽ കരയിടിയുന്നുണ്ട്. 
സമീപകാലത്ത് മണലെടുപ്പിനെതിരേ പൊലീസ് നടപടി ശക്തമാക്കിയിരുന്നു. കടവുകൾ കേന്ദ്രീകരിച്ച് 24 മണിക്കൂ൪ പട്രോളിങ്ങും ഏ൪പ്പെടുത്തി. 
ഇതിന് ശേഷം മണൽ ഖനനത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. എങ്കിലും കരയിടിച്ചിൽ സമീപകാലത്ത് വൻതോതിൽ വ൪ധിച്ചതായി നദിയോര മേഖലയിൽ താമസിക്കുന്നവ൪ പറയുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.