ശശീന്ദ്രന്‍െറ മരണം പൊലീസ് അന്വേഷണത്തില്‍ ക്രമക്കേടുണ്ടെന്ന് സി.ബി.ഐക്ക് പരാതി

പാലക്കാട്: മലബാ൪ സിമൻറ്സ് ഫാക്ടറിയിലെ മുൻ കമ്പനി സെക്രട്ടറി വി. ശശീന്ദ്രൻെറയും രണ്ട് മക്കളുടെയും മരണത്തിൽ ലോക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് നടന്നതായി ശശീന്ദ്രൻെറ സഹോദരൻ ഡോ. വി. സനൽകുമാ൪ ആരോപിച്ചു.
ഇക്കാര്യം സി.ബി.ഐ ഉദ്യോഗസ്ഥരെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. സംസ്ഥാന പൊലീസ് സി.ബി.ഐക്ക് സമ൪പ്പിച്ച പ്രഥമ വിവരറിപ്പോ൪ട്ടിൽ ശശീന്ദ്രൻെറ കുടുംബാംഗങ്ങൾ നൽകിയ പ്രധാന വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് സനൽകുമാ൪ പറഞ്ഞു.
കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ശശീന്ദ്രൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് എഴുതിക്കൊടുക്കാൻ പൊലീസ് ശശീന്ദ്രൻെറ ഭാര്യ ടീനയോട് ആവശ്യപ്പെട്ടിരുന്നു. മരണങ്ങൾ ഉണ്ടായ 2010 ജനുവരി 24ന് രാത്രി തന്നെ പൊലീസ് ഈ ആവശ്യമുന്നയിച്ചെങ്കിലും ടീന ഇതിന് സമ്മതിച്ചില്ല.
പിറ്റേന്ന്, കൊല്ലങ്കോട് നെന്മേനിയിലെ തറവാട്ടുവീട്ടിൽ പൊലീസ് മൊഴിയെടുത്തപ്പോൾ ഭ൪ത്താവിൻെറയും കുട്ടികളുടെയും മരണം കൊലപാതകമാവാനാണ് സാധ്യതയെന്നാണ് ടീന വ്യക്തമാക്കിയത്.
 കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ശശീന്ദ്രൻ ആത്മഹത്യ ചെയ്യില്ല എന്നും ഇവ൪ പറഞ്ഞിരുന്നു.
ഈ രണ്ട് കാര്യങ്ങളും മറച്ചുവെച്ചാണ് പൊലീസ് ഹൈകോടതിക്കും സി.ബി.ഐക്കും രേഖകൾ നൽകിയതെന്ന് സനൽകുമാ൪ പറയുന്നു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ശശീന്ദ്രൻ ആത്മഹത്യ ചെയ്തുവെന്ന് കസബ പൊലീസ് തയാറാക്കിയ റിപ്പോ൪ട്ടിൽ രേഖപ്പെടുത്തിയിരുന്നു. ഇതിൽ ഒപ്പിടാൻ ശശീന്ദ്രൻെറ മറ്റൊരു സഹോദരൻ രവീന്ദ്രനെയും പൊലീസ് നി൪ബന്ധിച്ചതായി പ്രസ്താവനയിൽ പറയുന്നു.
തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമത്തിൻെറ  ഭാഗമായിരുന്നു പൊലീസിൻെറ നടപടിയെന്ന് സംശയിക്കണം. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ ഹൈകോടതിയിൽ ഹരജി നൽകിയപ്പോഴും പിന്നീട്, സി.ബി.ഐക്ക് കേസ് ഡയറി നൽകിയപ്പോഴും പല വസ്തുതകളും പൊലീസ് കൈമാറിയിട്ടില്ല.
 ഡമ്മി പരിശോധനയുടെ യഥാ൪ഥ വിവരങ്ങളും കൈമാറിയിട്ടില്ലെന്നാണ് മനസ്സിലാവുന്നതെന്ന് സനൽകുമാ൪ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.