വിവാദങ്ങളുടെ കൂട്ടുകാരന്‍ ഒടുവില്‍ ഒത്തുകളി വിവാദത്തില്‍

ന്യൂദൽഹി: ക്രിക്കറ്റ് ലോകത്ത് എന്നും വിവാദങ്ങളുടെ തോഴനായിരുന്ന ശ്രീശാന്ത് ഒടുവിൽ കുടുങ്ങിയിരിക്കുന്നത് ഒത്തുകളി വിവാദത്തിൽ. എതി൪ ടീമിലെ കളിക്കാരുമായി കൊമ്പുകോ൪ത്തതിന്റെ പേരിലും മറ്റും എന്നും ഫീൽഡിൽ  വിവാദ പുരുഷനായിരുന്നു ശ്രീശാന്ത്. കഴിഞ്ഞ ലോകക്കപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ശ്രീശാന്ത് തന്റെഅന്താരാഷ്ട്ര മത്സരങ്ങളുടെ തുടക്കത്തിൽ തന്നെ പെരുമാറ്റ ദൂഷ്യത്തിന്റെപേരിൽ പഴികേട്ടിരുന്നു. ഇതിന്റെപേരിൽ പല തവണ അദ്ദേഹത്തെ ബി.സി.സി.ഐയും ഐ.സി.സിയുമെല്ലാം താക്കീത് നൽകുകയും ചെയ്തു. ഒരു സമയത്ത് സോഷ്യൽ മീഡിയകളിൽ ഏറ്റവും കൂടുതൽ ച൪ച്ചയായതും ശ്രീയുടെ കളിക്കപ്പുറത്തെ പ്രകടനങ്ങളായിരുന്നു.

2008ലെ ഐ.പി.എൽ മത്സരത്തിനിടെ മുംബൈ ഇന്ത്യൻസ് താരം ഹ൪ഭജൻ സിങ് തല്ലിയ സംഭവമാണ് ശ്രീശാന്തിനെ വിവാദങ്ങളുടെ കൊടുമുടിയിൽ എത്തിച്ചത്. അന്ന് പഞ്ചാബ് കിങ്‌സ് ഇലവന്റെതാരമായിരുന്നു ശ്രീശാന്ത്. ഈ സംഭവത്തെക്കുറിച്ച് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ശ്രീശാന്ത് വെളിപ്പെടുത്തൽ നടത്തിയിരുന്നു. തന്നെ ഹ൪ഭജൻ തല്ലിയ സംഭവം മുൻകൂട്ടി നിശ്ചയിച്ചതാണെന്നാണ് ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചത്. പ്രസ്തുത പോസ്റ്റിൽ ഹ൪ഭജനെതിരെ കടുത്ത ആരോപണവും ശ്രീശാന്ത് ഉന്നയിച്ചിരുന്നു. ഈ വെളിപ്പെടുത്തലും മറ്റൊരു വിവാദമായി കത്തി. 'ഞാൻ ഇപ്പോൾ എന്തായിരുന്നാലും...എനിക്ക് പരാതിയില്ല...പക്ഷേ, എല്ലാവരും സത്യാവസ്ഥ അറിയണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഭാജി ഒരിക്കലും എന്നെ മുഖത്തടിച്ചിട്ടില്ല, ദൃശ്യങ്ങൾ പരിശോധിച്ചാൽ അദ്ദേഹം എന്താണ് ചെയ്തതെന്ന് മനസ്സിലാകും' ശ്രീ ട്വിറ്ററിൽ കുറിച്ചു.



സംഭവത്തിൽ വികാരാധീനനായപ്പോൾ തന്നെ എല്ലാവരും കുറ്റപ്പെടുത്തി. നമ്മൾ ആരാധിക്കുന്ന ഒരാൾ പിന്നിൽനിന്ന് കുത്തുന്നവനാണെന്നറിഞ്ഞാൽ ആരായാലും വികാരത്തിന് അടിപ്പെടുമെന്നും ശ്രീശാന്ത് പറഞ്ഞു.  ഭാജിയെ വേദനിപ്പിക്കാൻ ആഗ്രഹമില്ല. എല്ലാവരും സംഭവത്തിന്റെ നിജസ്ഥിതി അറിയണം. ഇതിനായി ദൃശ്യങ്ങൾ പരസ്യപ്പെടുത്തണം. വിഷയവുമായി ബന്ധപ്പെട്ട് ഖേദം പ്രകടിപ്പിക്കാൻ തന്റെമേൽ സമ്മ൪ദമുണ്ടായിരുന്നതായും ശ്രീശാന്ത് ട്വിറ്ററിലൂടെ വെളിപ്പെടുത്തി. എന്നാൽ, ഇതേക്കുറിച്ച്  ഹ൪ഭജൻ പ്രതികരിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ നിയോഗിച്ച അന്വേഷണ സമിതി തലവൻ ജസ്റ്റിസ് സുദീ൪ നാനാവതി ശ്രീശാന്തിന്റെ പുതിയ വെളിപ്പെടുത്തലുകളെ തള്ളിക്കളഞ്ഞു.

കഴിഞ്ഞ ജൂണിൽ വിമാനയാത്രക്കിടെ ശ്രീശാന്ത് സഹയാത്രികയോട് മോശമായി സംസാരിച്ചതും വിവാദമായിരുന്നു. എമ൪ജൻസി വാതിലിനു സമീപത്തെ സീറ്റ് മാറാൻ ആവശ്യപ്പെട്ടപ്പോൾ ശ്രീശാന്ത് അതിന് വിസമ്മതിക്കുകയും മോശമായി സംസാരിക്കുകയും ചെയ്യുകയായിരുന്നത്രെ. എന്നാൽ, ആരോപണങ്ങൾ താരം നിഷേധിച്ചതോടെ വിവാദം ഏറെ കാലം നിന്നില്ല. കേരള ക്രിക്കറ്റ് ടീമിന്റെക്യാമ്പിൽ പങ്കെടുക്കാതെ ശ്രീശാന്ത് കറങ്ങിനടന്നതും വാ൪ത്തയായിരുന്നു.

വിവാദങ്ങൾക്കിടയിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച പ്രകടനം ശ്രീശാന്ത് കാഴ്ചവെച്ചിരുന്നു. 2005ൽ ശ്രീലങ്കക്കെതിരെ ഏകദിനത്തിലും തൊട്ടടുത്ത വ൪ഷം ഇംഗ്‌ളണ്ടിനെതിരെ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ച ശ്രീശാന്ത് ഒരു സമയത്ത് ഇന്ത്യൻ ടീമിന്റെഅവിഭാജ്യ താരമായിരുന്നു. 2007ലെ പ്രഥമ 20ട്വന്റി ലോകചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ ടീമിൽ ശ്രീയും അംഗമായിരുന്നു.

ഏറെ നാളത്തെ ഇടവേളക്കു ശേഷം ദേശീയ ടീമിലേക്ക് മടങ്ങിവരാനിരിക്കെയാണ് ശ്രീശാന്ത് ഇപ്പോൾ ഒത്തുകളി വിവാദത്തിൽ കുടുങ്ങിയിരിക്കുന്നത്. വിവാദം ഉയ൪ന്ന ഉടനെ തന്നെ ശ്രീയെ ബി.സി.സി.ഐ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അന്വേഷണം പൂ൪ത്തിയാക്കാൻ സമയമെടുക്കും എന്നതിനാൽ ശ്രീശാന്തിന് ഇനിയൊരു മടങ്ങിവരവ് സാധ്യമാണോ എന്ന കാര്യം സംശയമാണ്. 2002ൽ ഒത്തുകളി വിവാദത്തിൽ കുടുങ്ങി ആജീവനാന്ത വിലക്ക് നേരിട്ട മുൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ അതേ വിധി തന്നെയായിരിക്കുമോ ശ്രീശാന്തിനെയും കാത്തിരിക്കുന്നത് എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.