കോഴിക്കോട്: വലിയങ്ങാടിയിലെ റോഡ് നവീകരണം എങ്ങുമെത്താത്തതിൽ പ്രതിഷേധിച്ച് വലിയങ്ങാടിയിലെ വ്യാപാരികളും തൊഴിലാളികളും പ്രക്ഷോഭത്തിന്. ബുധനാഴ്ച ചേ൪ന്ന ഫുഡ്ഗ്രെയിൻസ് അസോസിയേഷൻെറയും തൊഴിലാളികളുടെയും യോഗത്തിലാണ് തീരുമാനം. റോഡ് പണി വിലയിരുത്തുന്നതിനായി രൂപവത്കരിച്ച മോണിറ്ററിങ് കമ്മിറ്റിയുടെ യോഗം ഉടൻ ചേരാനും തീരുമാനമായി.
റോഡ് നവീകരണത്തിൻെറ കരാ൪ ചുമതലയേറ്റെടുത്ത കോൺട്രാക്ട൪ സബ്കരാ൪ കൊടുത്തതായും യോഗത്തിൽ ആരോപണമുയ൪ന്നു. പൊതുമരാമത്ത് എൻജിനീയറെയും മന്ത്രി എം.കെ. മുനീറിനെയും കണ്ടതിനുശേഷം തുട൪നടപടികൾ തീരുമാനിക്കും. രൂക്ഷമായ പൊടിശല്യമാണ് വലിയങ്ങാടിയിൽ റോഡ് നവീകരണം ആരംഭിച്ചത് മുതൽ. ദിവസവും റോഡ് നനക്കുമെന്ന് നേരത്തെ കരാറുകാ൪ പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. കച്ചവടത്തെയും സാരമായി ബാധിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് വ്യാപാരികൾ സമരത്തിനിറങ്ങുന്നത്.
ഏപ്രിൽ അഞ്ചിനാണ് നവീകരണം തുടങ്ങിയത്. വലിയങ്ങാടിയിലെ കടകൾ അടച്ചതിനുശേഷം വൈകുന്നേരം നാല് മുതൽ അടുത്ത ദിവസം രാവിലെ 10 വരെ പ്രവൃത്തി നടത്താനായിരുന്നു തീരുമാനിച്ചത്. മൂന്ന് ദിവസത്തിനകം 80 വ൪ഷം പഴക്കമുള്ള കോൺക്രീറ്റ് റോഡ് പൊളിച്ചെങ്കിലും ഈ വേഗത പിന്നീട് ഉണ്ടായില്ല. നേരത്തെയുള്ള കരാ൪പ്രകാരം മേയ് 31നാണ് നവീകരണം അവസാനിക്കേണ്ടത്. എന്നാൽ, വളരെ പതുക്കെ നടക്കുന്ന നവീകരണം മഴക്ക് മുമ്പ് പൂ൪ത്തീകരിക്കാൻ സാധിക്കാത്ത അവസ്ഥയാണിപ്പോൾ. കോ൪പറേഷൻ റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിനായി സംസ്ഥാന സ൪ക്കാ൪ അനുവദിച്ചതിൽ നാല് കോടി രൂപയാണ് നവീകരണത്തിനായി ചെലവഴിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.