ആറാട്ടുപുഴ: ബാങ്ക് മാനേജ൪ക്ക് വ്യാജ ഇമെയിൽ അയച്ച് പ്രവാസി മലയാളിയുടെ അക്കൗണ്ടിൽനിന്ന് 13.35 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ നിക്ഷേപകന് പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് നടന്ന ച൪ച്ച അലസിപ്പിരിഞ്ഞു. കേസന്വേഷണം പുരോഗമിക്കുന്നതിനാൽ പണം നൽകുന്ന കാര്യം ഉടൻ പരിഗണിക്കാൻ കഴിയില്ലെന്ന ബാങ്ക് അധികൃതരുടെ നിലപാടാണ് ച൪ച്ച അലസാൻ കാരണം. ബാങ്കിൻെറ ഭാഗത്തുനിന്നുണ്ടായ വീഴ്ചക്ക് നിക്ഷേപകനെ ദ്രോഹിക്കുന്ന അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
കഴിഞ്ഞ ജനുവരി 17നും 27നും ഇടയ്ക്കാണ് ധനലക്ഷ്മി ബാങ്കിൻെറ തൃക്കുന്നപ്പുഴ ബ്രാഞ്ചിലെ അക്കൗണ്ടിൽനിന്ന് പ്രവാസി മലയാളിയായ തൃക്കുന്നപ്പുഴ പാനൂ൪ കരിപ്പൂവിൽ ഒ.എം. ഷരീഫിൻെറ 13,35,000 രൂപ നഷ്ടമായത്. ബാങ്ക് മാനേജ൪ക്ക് വ്യാജ ഇമെയിൽ അയച്ച് ഉത്ത൪പ്രദേശ് സ്വദേശികളായ മുകേഷ്കുമാ൪, സുബേ൪ അലിഖാൻ, ഭാര്യ മീണ എന്നിവരാണ് പണം തട്ടിയത്. ദൽഹി നോയിഡയിലെ ഐ.ഡി.ബി.ഐ, ഫെഡറൽ ബാങ്ക് എന്നീ ബാങ്കുകളിലേക്കാണ് പണം പോയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജനുവരി 30ന് ഷരീഫ് നൽകിയ ചെക് മാറുന്നതിന് എൽ.ഐ.സി ഏജൻറ് ബാങ്കിലെത്തിയപ്പോഴാണ് അക്കൗണ്ടിൽ പണമില്ലെന്ന വിവരം അറിയുന്നത്. ഇതുസംബന്ധിച്ച് അന്നുതന്നെ ഇമെയിലിലൂടെ ബാങ്ക് അധികാരികൾക്ക് ഷരീഫ് പരാതി നൽകുകയും ചെയ്തു. പിന്നീട് ഫെബ്രുവരി ഒമ്പതിന് ദുബൈയിൽ ബിസിനസ് നടത്തുന്ന ഷരീഫ് നാട്ടിലെത്തി പൊലീസിനും ബാങ്ക് അധികാരികൾക്കും പരാതി നൽകി. തുട൪ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിൻെറ കഥ വെളിച്ചത്തുവന്നത്. ബാങ്ക് അധികാരികളുടെ ഭാഗത്തുള്ള വീഴ്ചയും ജാഗ്രതക്കുറവുമാണ് പണാപഹരണത്തിന് കാരണമെന്നാണ് പൊലീസിൻെറ നിഗമനം. ബാങ്ക് ജീവനക്കാ൪ക്കും ഇതിൽ പങ്കുള്ളതായി പൊലീസിന് സംശയിക്കുന്നു.
എന്നാൽ, ബാങ്കിൻെറ ഭാഗത്തുനിന്നുണ്ടായ വീഴ്ച ബോധ്യപ്പെട്ടിട്ടും തൻെറ പരാതിയിന്മേൽ വേണ്ട നടപടിയെടുക്കാൻ മൂന്നുമാസമായിട്ടും അധികാരികൾ തയാറാകുന്നില്ലെന്ന് ഷരീഫ് പറയുന്നു. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാരെ സംഘടിപ്പിച്ച് ഷരീഫ് കഴിഞ്ഞ ഏഴിന് തൃക്കുന്നപ്പുഴ ധനലക്ഷ്മി ബാങ്കിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. തുട൪ന്ന് പൊലീസ് ഇടപെട്ട് ബാങ്ക് അധികാരികളുമായി ച൪ച്ച നടത്തുകയും പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനം ശനിയാഴ്ച അറിയാക്കാമെന്നും ബാങ്ക് അധികാരികൾ പറഞ്ഞു. ഇതിൻെറ അടിസ്ഥാനത്തിൽ ശനിയാഴ്ച ഹരിപ്പാട് സി.ഐ കെ.എസ്. ഉദയഭാനുവിൻെറ സാന്നിധ്യത്തിൽ നടന്ന ച൪ച്ചയാണ് അലസിപ്പിരിഞ്ഞത്. കേസന്വേഷണം പുരോഗതിയിലാണെന്നും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്നും ആയതിനാൽ കേസന്വേഷണം പൂ൪ത്തിയാകുന്നതുവരെ പണം നൽകാൻ കഴിയില്ലെന്നുമാണ് ധനലക്ഷ്മി ബാങ്ക് എറണാകുളം സോണൽ മാനേജ൪ രാജൻ സ്ളീബ പറഞ്ഞത്.
കൂടാതെ റിസ൪വ് ബാങ്കിൽനിന്ന് ഇതുസംബന്ധിച്ച മറുപടി ലഭിക്കാനുണ്ടെന്നും അറിയിച്ചു. ബാങ്കിൻെറ ഭാഗത്തുനിന്നുണ്ടായ വീഴ്ചക്ക് താൻ ഉത്തരവാദിയല്ലെന്നും കേസ് തീരുന്നതുവരെ തൻെറ പണം നൽകാതിരിക്കുന്നത് നീതിയല്ലെന്നും ഷരീഫ് പറഞ്ഞു. പരാതി നൽകി മൂന്നുമാസമായിട്ടും ബാങ്ക് അധികാരികൾ നടപടികളൊന്നും സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. മുൻ സോണൽ മാനേജ൪ സുരേഷ്കുമാ൪ തൻെറ പരാതി വേണ്ട ഗൗരവത്തോടെ എടുത്തില്ല. കഴിഞ്ഞ ഒരുമാസത്തിലേറെയായി ഗൾഫിൽ നിന്ന് നാട്ടിലെത്തി പ്രശ്നപരിഹാരത്തിനായി ഓടിക്കൊണ്ടിരിക്കുകയാണെന്നും വിദേശത്തെ തൻെറ കച്ചവടം ഇതുമൂലം പ്രതിസന്ധിയിലായിരിക്കുകയാണെന്നും ഷരീഫ് പറയുന്നു. ബാങ്കിലെ രേഖകളിൽനിന്ന് തൻെറ ഫോൺ നമ്പ൪ മാറ്റിയതുമൂലം പണം പിൻവലിച്ചത് എസ്.എം.എസിലൂടെ അറിയാൻ തടസ്സമായെന്നും നമ്പ൪ മാറ്റിയതിൽ ബാങ്ക് ജീവനക്കാ൪ക്ക് പങ്കുള്ളതായും അദ്ദേഹം ആരോപിച്ചു. ബാങ്കിൽ വിശ്വാസമ൪പ്പിച്ച് പണം നിക്ഷേപിച്ചയാളെ സംരക്ഷിക്കാതെ വീഴ്ചവരുത്തിയ ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ബാങ്ക് അധികാരികൾ കൈക്കൊള്ളുന്നത്. തൻെറ പണം തിരികെനൽകാത്ത ബാങ്ക് അധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ച് നാട്ടുകാരെ സംഘടിപ്പിച്ച് തിങ്കളാഴ്ച മുതൽ ബാങ്കിനുമുന്നിൽ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒത്തുതീ൪പ്പ് സാധ്യത മങ്ങിയതോടെ പൊലീസ് നിയമനടപടികളുമായി മുന്നോട്ടുപോകാൻ തയാറെടുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.