ദുരിതത്തിന്‍െറ രണ്ടുസെന്‍റില്‍ രണ്ടാത്മാക്കള്‍

ആലപ്പുഴ: കടൽത്തിര പതിവ് വിട്ട് ഒന്നുയ൪ന്നാൽ വേലിയേറ്റമുണ്ടാകുന്നത് നവാബ് അബൂബക്കറിൻെറയും റംലയുടെയും ഇടനെഞ്ചിലാണ്. പിന്നെ സകല മാലിന്യങ്ങൾക്കുമൊപ്പം കടൽവെള്ളം ഇരച്ചുകയറി വീടിനകത്തേക്ക് വരും. മാനത്ത് മഴക്കാറ് കാണുമ്പോഴും ഇവരുടെ നെഞ്ച് കലങ്ങുന്നു. ചുറ്റുവട്ടങ്ങളിൽനിന്ന് ഒറ്റപ്പെട്ടതാവും പിന്നെ ഇവരുടെ രണ്ട് സെൻറ് ജീവിതം.

ആലപ്പുഴ റെയിൽവേ സ്റ്റേഷൻ വാ൪ഡിലെ അരയൻപറമ്പിലാണ് നവാബിൻെറയും ഭാര്യ റംലയുടെ ദുരിത ജീവിതം കണ്ണീ൪ വാ൪ത്ത് നിൽക്കുന്നത്. കടലിൽനിന്ന്   ഏറെ ദൂരെയാണെങ്കിലും കലിയിളകുമ്പോഴൊക്കെ കടൽവെള്ളം ഈ വീട്ടിനുള്ളിലേക്ക് എത്തിനോക്കും. കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് തെക്കുവശത്ത് കടലുമായി ബന്ധപ്പെട്ട് കിടക്കുന്ന തോട്ടിൽ വേലിയേറ്റമുണ്ടാകുമ്പോൾ വെള്ളം കയറിവരുന്നത് ഇവരുടെ വീടിൻെറ തൊട്ട് പിന്നിലുള്ള എലമന്തി തോട്ടിലൂടെയാണ്. വീടിന് മുന്നിൽ പോള വള൪ന്നുകയറി കിടക്കുന്ന ചതുപ്പുനിലം. ഉച്ചച്ചൂടിൽ ഉരുകുന്ന മേടത്തിൽ പോലും വെള്ളം കിനിയുന്ന ചതുപ്പാണ് ചുറ്റും. അതിനരികിൽ ജീവിക്കാൻ വിധിക്കപ്പെട്ട ഈ നിസ്സഹായരായ മനുഷ്യരുടെ ജീവിതം കണ്ടാൽ അന്തംവിട്ടുപോകാത്തവരുണ്ടാവില്ല.
കഴിഞ്ഞ ദിവസം അനുഭവപ്പെട്ട ശക്തമായ വേലിയേറ്റത്തിൽ വീട്ടിൽ വെള്ളം കയറി സാധനങ്ങൾ പലതും ഒലിച്ചുപോയിരുന്നു.
ഇ.എം.എസ് ഭവന പദ്ധതി പ്രകാരം 13 കുടുംബങ്ങളെ പാ൪പ്പിക്കാനായി 2008ൽ നഗരസഭ സ്വകാര്യവ്യക്തിയിൽനിന്ന് വാങ്ങിയതാണ് അരയൻപറമ്പിലെ 26 സെൻറ് സ്ഥലം ഓരോരുത്ത൪ക്കും രണ്ട് സെൻറ് വീതം സ്ഥലം നൽകാനായിരുന്നു പദ്ധതി. എന്നാൽ, ഇതുവരെ നവാബിൻേറതടക്കം രണ്ട് വീട്ടുകാരെ മാത്രമേ ഇവിടെ താമസിപ്പിച്ചിട്ടുള്ളു. ജില്ലാ സഹകരണ ബാങ്കിൽനിന്ന് 75,000 രൂപ വായ്പ എടുത്താണ് കൂലിപ്പണിക്കാരനായ നവാബ് തനിക്ക് കിട്ടിയ രണ്ടുസെൻറിൽ ഹോളോബ്രിക്സ് കട്ടകളും ആസ്ബസ്റ്റോസ് ഷീറ്റും കൊണ്ട് ഒറ്റമുറി വീടുണ്ടാക്കിയത്. ഇതിൽ 40,000 രൂപ ബാങ്കിൽ തിരിച്ചടക്കണം. മാസന്തോറും 500 രൂപ വീതം അതിനായി കണ്ടെത്തണം.
55കാരനായ നവാബ് ഹൃദ്രോഗി കൂടിയാണ്. തിരുവനന്തപുരം ശ്രീചിത്രയിൽ അടുത്തിടെ ആഞ്ജിയോ പ്ളാസ്റ്റി കഴിഞ്ഞതേയുള്ളു. അതുകാരണം പണിക്കുപോലും പോകാൻ കഴിയാത്ത അവസ്ഥയിലാണ്. റംലയും രോഗിയാണ്. കുട്ടികളില്ലാത്ത ഇവ൪ക്ക് മറ്റ് ബന്ധുക്കളുമില്ല.
ചതുപ്പായ സ്ഥലം നികത്തി താമസത്തിന് യോഗ്യമാക്കാൻ നഗരസഭയും വാ൪ഡ് കൗൺസിലറും താൽപ്പര്യം കാണിക്കാത്തതാണ് ഈ പ്രദേശം ഇങ്ങനെ കിടക്കാൻ കാരണമെന്ന് പരിസരവാസികൾ കുറ്റപ്പെടുത്തുന്നു. സ്ഥലം മണ്ണിട്ട് നികത്തി ഉയ൪ത്തിയിരുന്നെങ്കിൽ മറ്റ് 11 കുടുംബങ്ങൾക്ക് കൂടി താമസ സ്ഥലമാകുമായിരുന്നു.
വെയിൽ മാഞ്ഞ് മഴ തിമി൪ക്കുന്ന കാലവ൪ഷ നാളുകളിൽ ദുരിതത്തിൻെറ ഈ തുരുത്തിൽ എങ്ങനെ കഴിയുമെന്ന അന്ധാളിപ്പിലാണ് ഈ രണ്ട് മനുഷ്യാത്മാക്കൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.