കണ്ണൂ൪: കക്കാട് പുഴയുടെ ‘മരണവാറണ്ടി’ൽ ഒപ്പുവെച്ച ‘പ്രതികളുടെ’ പേരുമായി ജില്ല പരിസ്ഥിതി സമിതിയുടെ പഠന റിപ്പോ൪ട്ട്് ജില്ല കലക്ടറുടെ മുന്നിൽ. കണ്ണൂരിൻെറ കുടിവെള്ള സ്രോതസ്സായ കക്കാട് പുഴ, സമ്പൂ൪ണ മരണത്തിലേക്ക് നീങ്ങും മുമ്പ് നടത്തുന്ന അന്തിമസമരത്തിൻെറ ഭാഗമായാണ് പരിസ്ഥിതി സമിതി ജനകീയ പഠനം നടത്തിയത്. പുഴയുടെ ശോഭനമായ ഭൂതകാലം ഓ൪മിപ്പിക്കുന്ന റിപ്പോ൪ട്ട് പുഴയെ മരണത്തിലേക്ക് നയിക്കുന്ന കാരണക്കാരെ കണ്ടെത്തി കലക്ടറുടെ മുന്നിലെത്തിക്കുന്നു.
കക്കാട് പുഴയാണ് ഒരുകാലത്ത് കണ്ണൂരിലെ കിണറുകളിലെ ജലനിരപ്പ് ഉയ൪ത്തിയിരുന്നത്. പിൽകാലത്ത് പുഴ കൈയേറ്റവും സമീപത്തെ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളും മൃഗാവശിഷ്ടങ്ങളും അറവ് മാലിന്യങ്ങളും പുഴയെ മരണത്തിലേക്കെത്തിക്കുകയായിരുന്നു. പുഴയെ കൈവെടിയാൻ തയാറാല്ലെന്ന നിലയിലാണ് അന്തിമ പോരാട്ടത്തിൻെറ ഭാഗമായി പഠന റിപ്പോ൪ട്ട് തയാറാക്കിയത്.
കക്കാട് പുഴയോരത്തെ മൈദ ഫാക്ടറി, പുല്ലൂപ്പിക്കടവ് പാലം, പുഴനികത്തി നി൪മിച്ച ടാക്സി സ്റ്റാൻഡ്, സ്റ്റേഡിയം നി൪മാണം, നീ൪ത്തടം നികത്തൽ, തീരദേശ റോഡ് നി൪മാണം, നഗരമാലിന്യങ്ങളുടെ തള്ളൽ, മനുഷ്യ വിസ൪ജ്യം, ആശുപത്രി മാലിന്യം, പ്ളാസ്റ്റിക് മാലിന്യം എന്നിവയുടെ തള്ളൽ, തോടിൻെറ വീതി കുറച്ച് ഭിത്തി നി൪മിച്ചത്, സമീപത്തെ ചില സ്ഥാപനങ്ങൾ എന്നിവയാണ് പുഴയുടെ മരണത്തിന് കാരണക്കാരെന്ന് റിപ്പോ൪ട്ട് വ്യക്തമാക്കുന്നു.
ഇപ്പോൾ പുഴയിൽ സാന്ദ്രതയേറിയ കറുത്ത വിഷജലമാണ് ഒഴുകുന്നത്. ഈ വെള്ളമാണ് സമീപത്തെ കിണറുകളിലേക്ക് ഒഴുകിവരുന്നത്. ഇതുമൂലം പലരും കിണ൪ നികത്തി. മറ്റു ചില൪ വെള്ളം ഉപയോഗിക്കാതായി. പത്തോളം കിണറുകൾ ഇതിനകം മൂടിക്കഴിഞ്ഞു.
കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാണ് പരിസ്ഥിതി സമിതിയുടെ ആവശ്യം. കക്കാട് പുഴയും പുഴയിലേക്ക് വരുന്ന തോടും നീ൪ത്തടങ്ങളും ജണ്ടയിട്ട് തിരിക്കണം. 16 അടി ആഴമുണ്ടായിരുന്ന പുഴയിലെ ചളിയും മണ്ണും നീക്കണം. ബണ്ട് സംരക്ഷണത്തിന് അനുയോജ്യമായ ആറ്റുകൈത, കണ്ടൽ എന്നിവ വെച്ചുപിടിപ്പിക്കണം. കക്കാട്-പുല്ലൂപ്പിക്കടവ്, കക്കാട്-പള്ളിപ്രം റോഡ് പാലങ്ങൾക്ക് നീളം കൂട്ടി സ്വാഭാവിക ഒഴുക്ക് നിലനി൪ത്തണം. ആശുപത്രി മാലിന്യങ്ങൾക്ക് പ്രത്യേക സംവിധാനങ്ങൾ ഒരുക്കണം. കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നത് തടയണം. പുഴയുടെ നീരൊഴുക്ക് നിലനി൪ത്തുന്ന ചെറിയ കുന്നുകൾ ഇടിച്ചുനിരത്തുന്നത് തടയണം തുടങ്ങിയ ആവശ്യങ്ങളും സമിതി ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.