പയ്യന്നൂ൪: മേൽവിലാസക്കാ൪ക്ക് നൽകേണ്ട എണ്ണായിരത്തോളം തപാൽ ഉരുപ്പടികൾ കൊഴുമ്മൽ സബ് പോസ്റ്റോഫിസിലെ ഇ.ഡി പോസ്റ്റ്മാൻ എം. രാമചന്ദ്രൻ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ തപാൽ വകുപ്പിനെതിരെ വ്യാപക പ്രതിഷേധമുയരുന്നു. കൃത്യവിലോപം യഥാസമയത്ത് കണ്ടെത്തി നടപടിയെടുക്കാത്തതാണ് ഉരുപ്പടികൾ ലഭിക്കാതിരിക്കാൻ കാരണമെന്ന് നാട്ടുകാ൪ ചൂണ്ടിക്കാട്ടുന്നു.
ഒന്നരവ൪ഷം മുമ്പ് ഇദ്ദേഹത്തിൻെറ വീട്ടിലും തൊഴുത്തിൽ നിന്നും തപാൽ ഉരുപ്പടികൾ ചാക്കിൽ കെട്ടിവെച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിൽ സസ്പെൻഷനിലായ രാമചന്ദ്രനെ വീണ്ടും ജോലിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരമായ കൃത്യവിലോപം കാണിച്ച ഇയാളുടെ ജോലി വകുപ്പ് നിരീക്ഷിക്കേണ്ടതായിരുന്നുവെന്ന് നാട്ടുകാ൪ പറയുന്നു. ഉദ്യോഗസ്ഥ൪ കൃത്യമായി ജോലി ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തേണ്ട മേലുദ്യോഗസ്ഥരുടെ അനാസ്ഥ കൂടിയാണ് സംഭവം ആവ൪ത്തിക്കാൻ കാരണമായതെന്ന് നാട്ടുകാ൪ കുറ്റപ്പെടുത്തുന്നു.
ഒരു വ൪ഷത്തോളം പഴക്കമുള്ള കത്തുകൾവരെ വ്യാഴാഴ്ച കണ്ടെത്തിയതിൽപെടും. സസ്പെൻഷനു ശേഷം ജോലിയിൽ കയറിയതുമുതൽ കത്തുകൾ കൊടുക്കാതിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. ഇതിനുപുറമെ തൊട്ടടുത്ത പോസ്റ്റുമാൻ വിതരണം ചെയ്യേണ്ട കത്തുകളും ഉപേക്ഷിക്കപ്പെട്ടവയിൽ ഉള്ളതായി പറയപ്പെടുന്നു.
ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയതിൽ 500ലധികം ആധാ൪ കാ൪ഡുകളും ഉണ്ടായിരുന്നു. ആധികാരിക രേഖയായ ആധാ൪ കാ൪ഡ് വീണ്ടും ലഭിക്കാൻ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടുതന്നെ കാ൪ഡുടമകൾ ഭീതിയിലാണ്. സംഭവം ചൂണ്ടിക്കാട്ടി ജില്ല കലക്ട൪ക്കും ഉന്നത തപാൽ ഉദ്യോഗസ്ഥ൪ക്കും പരാതി നൽകാനുള്ള നീക്കത്തിലാണ് നാട്ടുകാ൪. 50ഓളം ആധാ൪ കാ൪ഡുകൾ മാത്രമാണ് മേൽവിലാസക്കാ൪ക്ക് ലഭിച്ചത്. ആധാറിൽ രജിസ്റ്റ൪ ചെയ്തവ൪ തപാലിൽ കാ൪ഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് പോസ്റ്റുമാൻെറ വീട്ടിലും തൊഴുത്തിലും ഉപേക്ഷിച്ചനിലയിൽ ഇവ കണ്ടെത്തുന്നത്.
വ്യാഴാഴ്ച വൈകീട്ട് ഉന്നത ഉദ്യോഗസ്ഥ൪ നടത്തിയ പരിശോധനയിലാണ് പോസ്റ്റുമാൻ രാമചന്ദ്രൻെറ വീട്ടിലും മറ്റുമായി ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ 8000ത്തോളം തപാൽ ഉരുപ്പടികൾ കണ്ടെത്തിയത്. കത്തുകൾ മേൽവിലാസക്കാ൪ക്ക് ലഭിക്കുന്നില്ലെന്ന പരാതിയെ തുട൪ന്നായിരുന്നു പരിശോധന. കത്തുകൾ ലഭിക്കാത്തതിനാൽ ജോലി നഷ്ടപ്പെട്ടവരുമുണ്ട്. സംഭവത്തിൽ പോസ്റ്റുമാൻ രാമചന്ദ്രൻ സസ്പെൻഷനിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.