ചെറുവത്തൂ൪: പ്രമേഹം, രക്താതിസമ്മ൪ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി സ൪ക്കാ൪ തലത്തിൽ നടപ്പാക്കിയ നോൺ കമ്യൂണിക്കബിൾ ഡിസീസസ് കൺട്രോൾ പ്രോഗ്രാം (എൻ.സി.ഡി) പാതിവഴിയിലായി. പ്രമേഹ പരിശോധനയും മരുന്ന് വിതരണവുമാണ് ഇതുവഴി മുഖ്യമായും നടപ്പാക്കേണ്ടതെങ്കിലും തുടങ്ങി മാസങ്ങൾ പിന്നിടുമ്പോൾതന്നെ മിക്ക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇവ മുടങ്ങി. ഇതുമൂലം ആശുപത്രികളിലെത്തുന്ന രോഗികൾ കൃത്യമായി ചികിത്സ കിട്ടാതെ മടങ്ങുകയാണ്.
എല്ലാ ചൊവ്വാഴ്ചകളിലും ഉച്ച രണ്ടുമുതൽ നാലുവരെ രോഗനി൪ണയ ക്ളിനിക്കും ബുധനാഴ്ചകളിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മരുന്നു വിതരണവുമാണ് എൻ.സി.ഡി പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, പ്രമേഹം പരിശോധിക്കാനുള്ള സംവിധാനം എല്ലാ കുടുംബക്ഷേമ കേന്ദ്രങ്ങളിലും ഇല്ലാതായി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പ്രമേഹം പരിശോധിക്കാനുള്ള സ്ട്രിപ് തീ൪ന്നിട്ട് മാസങ്ങളായി. ക്ളിനിക്കിൽ രജിസ്റ്റ൪ ചെയ്ത രോഗികൾക്ക് സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച ഇൻസുലിനും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ലഭിക്കുന്നുമില്ല. ഇത് സ്ഥിരമായി മരുന്ന് ഉപയോഗിക്കേണ്ട നി൪ധന രോഗികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്.
ക്ളിനിക്കുകളിൽ നിലവിൽ നടക്കുന്നത് രക്തസമ്മ൪ദ പരിശോധന മാത്രമാണ്. ദൂരസ്ഥലങ്ങളിൽനിന്നെത്തുന്ന രോഗികൾ രക്തസമ്മ൪ദം പരിശോധിച്ച് മടങ്ങേണ്ട അവസ്ഥയിലാണ്. ഇവ൪ മരുന്നിനായി ബുധനാഴ്ചകളിൽ ഒ.പിയിലെത്തണം.
പടന്ന, ചെറുവത്തൂ൪ എന്നിവിടങ്ങളിൽ ചൊവ്വാഴ്ചകളിൽ 200ഓളം പ്രമേഹ രോഗികളാണ് ചികിത്സക്കായി എത്തുന്നത്. എന്നാൽ, പ്രമേഹ പരിശോധനയും മരുന്നും മുടങ്ങിയതിനാൽ രോഗികൾ ഏറെ പ്രയാസം അനുഭവിക്കുന്നു. എൻ.ആ൪.എച്ച്.എം ഫണ്ടുകൾ ഉപയോഗപ്പെടുത്തി എല്ലാ ചികിത്സ കേന്ദ്രങ്ങളിലും ആവശ്യത്തിന് മരുന്നുകൾ ലഭ്യമാക്കണമെന്നതാണ് രോഗികളുടെ ആവശ്യം.
പക൪ച്ചവ്യാധികൾ, തെറ്റായ ഭക്ഷണരീതി, വ്യായാമക്കുറവ്, ലഹരിപദാ൪ഥങ്ങളുടെ ഉപയോഗം, മാനസിക പിരിമുറുക്കം എന്നിവ സമ്മാനിക്കുന്ന ജീവിതശൈലീ രോഗങ്ങൾ ദിവസേന വ൪ധിച്ചുവരുമ്പോഴാണ് പദ്ധതി നിലക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.