ന്യൂദൽഹി: റെയിൽവേ കോഴക്കേസിൽ മന്ത്രി പവൻകുമാ൪ ബൻസലിൻെറ പങ്ക് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. 90 ലക്ഷം കോഴ വാങ്ങുന്നതിനിടെ പിടിയിലായ മന്ത്രിയുടെ അനന്തരവൻ വിജയ് സിംഗ്ളയും മന്ത്രി ബൻസലിൻെറ ഓഫീസ൪ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒ.എസ്.ഡി) രാഹുൽ ഭണ്ഡാരിയും തമ്മിലുള്ള ‘അടുത്ത ബന്ധ’ത്തിൻെറ വിവരങ്ങൾ സി.ബി.ഐക്ക് ലഭിച്ചു. രാഹുൽ ഭണ്ഡാരിയെ ഉടൻ ചോദ്യം ചെയ്യുമെന്ന് സി.ബി.ഐ വൃത്തങ്ങൾ വെളിപ്പെടുത്തി. അതിനിടെ, കേസിലെ മറ്റൊരു പ്രതി അജിത് ഗാ൪ഗ് കോടതിയിൽ കീഴടങ്ങി. ദൽഹി പാട്യാല കോടതിയിൽ ഹാജരായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ സി.ബി.ഐ അറസ്റ്റ് രേഖപ്പെടുത്തി.
നേരത്തേ അറസ്റ്റിലായ വെസ്റ്റേൺ റെയിൽവേ ജനറൽ മാനേജറും റെയിൽവേ ബോ൪ഡ് അംഗവു(സ്റ്റാഫ്)മായ മഹേഷ്കുമാറിൻെറ മുംബൈയിലെ വീട്ടിൽ സി.ബി.ഐ റെയ്ഡ് നടത്തി. കണക്കിൽപെടാത്ത പണവും വില കൂടിയ ആഭരണങ്ങളും പിടിച്ചെടുത്തു. ചില റെയിൽവെ ഉദ്യോസ്ഥരുടെ പേരിൽ മഹേഷ് സ്വന്തമാക്കിയ ബിനാമി സ്വത്തുക്കളുടെ രേഖകളും കണ്ടെടുത്തിട്ടുണ്ട്. ഇതേതുട൪ന്ന് അനധികൃത സ്വത്ത് സംബന്ധിച്ചും മഹേഷ്കുമാറിനെതിരെ സി.ബി.ഐ കേസ് രജിസ്റ്റ൪ ചെയ്തു.
മന്ത്രിയുടെ സ്റ്റാഫിനെ സി.ബി.ഐ ചോദ്യം ചെയ്യുമെന്ന വാ൪ത്ത പുറത്തുവന്നതിന് പിന്നാലെ ഭണ്ഡാരിയെ പിന്തുണച്ച് രംഗത്തുവന്ന മന്ത്രി ബൻസൽ, തൻെറ ഓഫീസ് സ്റ്റാഫ് തെറ്റായൊന്നും ചെയ്തിട്ടില്ലെന്ന് അവകാശപ്പെട്ട് പത്രക്കുറിപ്പിറക്കി. ബൻസലിൻെറ വിശ്വസ്തനായ ഭണ്ഡാരി, നേരത്തേ ബൻസൽ മന്ത്രിയായിരുന്നപ്പോഴും പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നു. റെയിൽവേയിലെ ‘മികച്ച’ തസ്തികളിൽ നിയമനത്തിനും കരാ൪ ഉറപ്പിക്കുന്നതിനും ബില്ലുകൾ പാസാക്കുന്നതിനും വിജയ് സിംഗ്ളയും ഭണ്ഡാരിയും ഉൾപ്പെട്ട കൂട്ടുകെട്ട് ഇടപെട്ടതിൻെറ വിവരങ്ങൾ സി.ബി.ഐയുടെ പക്കലുണ്ട്. ഇതുവരെയുള്ള അന്വേഷണ പുരോഗതി അനുസരിച്ച്, കോഴപ്പണം ബൻസലിന് വേണ്ടിയുള്ളതാണെന്നാണ് അന്വേഷണ സംഘത്തിൻെറ നിഗമനം. പിടിയിലായവരിൽ നിന്നുള്ള മൊഴിയും മറ്റു തെളിവുകളും നൽകുന്ന സൂചന അതാണ്. ഇതുസംബന്ധിച്ച് സി.ബി.ഐ ബൻസലിൻെറ വിശദീകരണം തേടും. റെയിൽവേ കോഴക്കേസുമായി ബന്ധപ്പെട്ട് മന്ത്രിയുടെ മക്കൾ അടക്കമുള്ള കുടുംബാംഗങ്ങളുടെ മൊഴിയെടുക്കുന്നതും സി.ബി.ഐയുടെ പരിഗണനയിലുണ്ട്.
ബൻസലിൻെറ ഭാര്യ മധു ബൻസൽ, മക്കളായ അമിത്, മനീഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ആസ്തി കഴിഞ്ഞ അഞ്ചു വ൪ഷത്തിനിടെ പൂജ്യത്തിൽനിന്ന് ശതകോടികളായാണ് കുതിച്ചുയ൪ന്നത്. പെട്ടെന്നുള്ള കുതിപ്പിന് പിന്നിൽ അനധികൃത ഇടപാടുകളാണ് സംശയിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.