രക്ഷാകര്‍ത്താക്കള്‍ വന്നാലും ഡി.എന്‍.എ പരിശോധന വേണിക്കും റാണിക്കും തണലായി ശിശുക്ഷേമ സമിതി

തിരുവനന്തപുരം: പാലോട് നന്ദിയോട്ട് രോഗിയായ അമ്മൂമ്മക്കൊപ്പം ഉപേക്ഷിച്ച പിഞ്ചുകുട്ടികളുടെ രക്ഷാക൪ത്താക്കൾ വന്നാലും ഡി.എൻ.എ പരിശോധന നടത്തിയേ കൈമാറാനാകൂവെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി അഡ്മിനിസ്ട്രേറ്റ൪ കൂടിയായ ജില്ലാ കലക്ട൪ കെ.എൻ. സതീഷ് വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച നന്ദിയോട് ഇളവട്ടത്തിൽ കൊന്നാട് തകിടിയിൽ 80 വയസ്സുകാരി ബേബിയോടൊപ്പമാണ് ഒന്നരവയസ്സുകാരി വേണിയെയും എട്ട് മാസം പ്രായമുള്ള റാണിയെയും അനാരോഗ്യ സാഹചര്യത്തിൽ കണ്ടത്തെിയത്. കുട്ടികളുടെ സംരക്ഷണം  ശിശുക്ഷേമ സമിതി ഏറ്റെടുത്തു. വൃദ്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
മാതാപിതാക്കളാണ് കുട്ടികളെ ഉപേക്ഷിച്ചതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകും. കുട്ടികളുടെ മാതാവ് ഇടുക്കി സ്വദേശിനി ജെസിയും പിതാവ് ബേബിയുടെ മകളുടെ മകൻ ജോനയുമാണ്. കുടുംബ പ്രശ്നങ്ങൾ മൂലം ഒരുവ൪ഷത്തിലേറെയായി ഇവ൪ പിണങ്ങിക്കഴിയുകയാണ്. കോടതി മുഖേന നടന്ന ഒത്തുതീ൪പ്പിൽ ജെസിക്കും കുട്ടികൾക്കും ജോന ചെലവിന് തുക നൽകണമെന്ന് തീരുമാനിച്ചതായി പറയപ്പെടുന്നു. ഇത് മുടങ്ങിയതിനെ തുട൪ന്ന് ജെസി കുട്ടികളെ ഭ൪ത്താവ് താമസിക്കുന്ന ബേബിയുടെ വീട്ടിൽ ഉപേക്ഷിച്ച് പോയതാണെന്നാണ് അനുമാനം. വൃദ്ധയും രോഗിയുമായ ബേബിക്ക് കുട്ടികളെ പോറ്റാൻ കഴിയില്ല. വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ടത്തെിയ കുട്ടികളെ പഞ്ചായത്ത് അധികൃത൪ ഉൾപ്പെടെ ഇടപെട്ടാണ് ശിശുക്ഷേമ സമിതിക്ക് കൈമാറിയതെന്ന് കലക്ട൪ പറഞ്ഞു.
വാ൪ത്താസമ്മേളനത്തിൽ കുട്ടികളെയും കൊണ്ടുവന്നു. കാമറകൾ കണ്ട് കുട്ടികൾ ആദ്യം കൗതുകം കൊണ്ടു. പിന്നീട് മേശപ്പുറത്തിരുത്താനുള്ള ശ്രമത്തിനിടെ വേണി കരച്ചിൽ ആരംഭിച്ചു. ശിശുക്ഷേമസമിതിയിലെ ആയമാ൪ കളിപ്പാട്ടങ്ങൾ നൽകിയാണ് പിണക്കം മാറ്റിയത്. കുട്ടികൾ സന്തോഷവതികളായാണ് സമിതിയിൽ കഴിയുന്നതെന്ന് അധികൃത൪ വ്യക്തമാക്കി.
സമിതിയിൽ 24 വീതം ആൺ-പെൺകുട്ടികളുണ്ടെന്ന് അധികൃത൪ പറഞ്ഞു. കുട്ടികളെ ദത്തെടുക്കാൻ നാനൂറോളം അപേക്ഷകളുണ്ട്. കുട്ടികളുടെ രക്ഷാക൪ത്താക്കൾ ജീവനോടെയുള്ളതിനാൽ ദത്ത് കൊടുക്കാൻ കഴിയില്ല. അഞ്ച് വയസ്സുവരെയുള്ള കുട്ടികളെ ഇവിടെ സംരക്ഷിക്കുന്നുണ്ടെന്നും അത് കഴിഞ്ഞാൽ സാമൂഹികക്ഷേമവകുപ്പിന് കീഴിലെ സ്ഥാപനത്തിന് കൈമാറുമെന്നും കലക്ട൪ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.